പുല്ലാങ്കുഴലൂതി മുരളി ഗിന്നസില്‍
text_fields
വാടാനപ്പള്ളി: ആയിരങ്ങളെ സാക്ഷിനിര്‍ത്തി തുടര്‍ച്ചയായി 27 മണിക്കൂറും 20 മിനിറ്റും 50 സെക്കന്‍ഡും പുല്ലാങ്കുഴല്‍ വായിച്ച് മുരളി നാരായണന്‍ ഗിന്നസ് റെക്കോഡ് തകര്‍ത്തു. ശനിയാഴ്ച രാവിലെ 8.45ന് ആരംഭിച്ച പ്രകടനത്തിന് ഞായറാഴ്ച രാവിലെ 11.55നാണ് സമാപനമായത്. 2012ല്‍ ബ്രിട്ടനിലെ കാതറിന്‍ ബ്രുക്സ് നേടിയ 25 മണിക്കൂറും 46 മിനിറ്റും എന്ന റെക്കോഡാണ് പഴങ്കഥയായത്. ഇതിലും ഒരുമണിക്കൂറും 34 മിനിറ്റും അധികം നാദവിസ്മയം തീര്‍ത്താണ് മുരളി ലക്ഷ്യം കൈവരിച്ചത്. ഏഷ്യന്‍ റെക്കോഡും ലോക റെക്കോഡും ഇതിനകം സ്വന്തം പേരിലാക്കിയിരുന്നു. ഗിന്നസ് നേട്ടം അധികൃതര്‍ പിന്നീട് പ്രഖ്യാപിക്കും. ഗിന്നസ് ലക്ഷ്യം കൈവരിച്ചതോടെ അനുമോദിക്കാന്‍ പ്രമുഖരാണ് എത്തിയത്. മാതാവ് തങ്കമണി, ഭാര്യ ശെല്‍വം, മക്കളായ ഭാവപ്രിയ, ദേവപ്രിയ, ശിവപ്രിയ എന്നിവര്‍ മുഴുസമയവും വേദിയിലുണ്ടായിരുന്നു. താളവിസ്മയത്തിന് പിന്തുണ നല്‍കിയ വാദ്യമേളക്കാരെയും അനുമോദിച്ചു. മുരളി നാരായണന്‍ മാതാവ് തങ്കമണിയെ പൊന്നാട ചാര്‍ത്തി കാല്‍തൊട്ട് വന്ദിച്ചതോടെയാണ് പരിപാടിക്ക് സമാപനമായത്. 30 വര്‍ഷത്തിലധികമായി പുല്ലാങ്കുഴലില്‍ വിസ്മയം തീര്‍ക്കുന്ന മുരളി നാരായണന്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ഗിന്നസ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്. അപേക്ഷ സ്വീകരിച്ച് സെപ്റ്റംബര്‍ പത്തിന് ക്ഷണം വന്നു. അന്ന് തുടങ്ങിയ കഠിന പരിശീലനമാണ് ഇന്നലെ വിജയത്തിലത്തെിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.