ഗോമതിയും കൂട്ടരും സി.പി.എമ്മിലേക്ക്; ഇന്ന് ചര്‍ച്ച നടന്നേക്കും
text_fieldsതൊടുപുഴ: മൂന്നാറിലെ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും കൂട്ടരും സി.പി.എമ്മിലേക്ക്. പാര്‍ട്ടിയില്‍ ചേരുന്നതു സംബന്ധിച്ച് ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി ജയചന്ദ്രന്‍ എം.എല്‍.എ എന്നിവരുമായി ഗോമതി തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നറിയുന്നു. തമിഴ് സംഘടനകളുമായി ചേര്‍ന്ന് ഗോമതി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്നതായി ലിസി സണ്ണിയുടെ നേതൃത്വത്തിലുള്ള എതിര്‍വിഭാഗം പ്രചാരണങ്ങള്‍ നടത്തുകയും സംഭവം സംബന്ധിച്ച് ഇടുക്കി എസ്.പി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ദേവികുളത്ത് നടന്ന അടിപിടിയില്‍ പ്രതിപ്പട്ടികയിലായതിനാലാണ് താനും കൂട്ടരും തമിഴ്നാട്ടിലേക്കുപോയതെന്നും തമിഴ്സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടില്ളെന്നും ഗോമതി പറഞ്ഞിരുന്നു. തോട്ടംതൊഴിലാളികളുടെ കൂലിവര്‍ധനയുമായി ബന്ധപ്പെട്ട് കണ്ണന്‍ ദേവന്‍ കമ്പനിക്കെതിരെ മൂന്നാര്‍ ടൗണില്‍ സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരം വിജയിപ്പിക്കാന്‍ ഗോമതി മുന്‍നിരയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തിയ ലിസിയായിരുന്നു മറ്റൊരു നേതാവ്. ആദ്യഘട്ടത്തില്‍ ഒരുമയോടെനിന്ന പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതിയും ലിസിയും രണ്ടാംഘട്ട സമരം ആരംഭിച്ചതോടെ അകല്‍ച്ചതുടങ്ങി.
ഇരുവരും തൊഴിലാളികളുമായി ചര്‍ച്ചനടത്താതെ സ്വന്തം അഭിപ്രായങ്ങള്‍ മാധ്യമങ്ങളില്‍ പറഞ്ഞതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. രണ്ടാംഘട്ട സമരത്തില്‍ സര്‍ക്കാര്‍ തൊഴിലാളികളുടെ ശമ്പളം വര്‍ധിപ്പിച്ചെങ്കിലും അടുത്തദിവസവും സമരവുമായത്തെിയതോടെ വിഷയം വീണ്ടും ഗുരുതരമായി. ലിസിയുമായി ആലോചിക്കാതെ ഗോമതിയും കൂട്ടരും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു. ലിസി ഗോമതിയറിയാതെ യൂനിയന്‍ രൂപവത്കരിക്കാന്‍ ശ്രമിച്ചതോടെ ഇരുവരുടെയും തുറന്നപോര് ആരംഭിച്ചു. ദേവികുളത്ത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ഗോമതിയും കൂട്ടരുമായി എസ്റ്റേറ്റിലെ ഒരുവിഭാഗം സംഘര്‍ഷമുണ്ടാകുകയും പൊലീസ് ഗോമതിക്കെതിരെ കേസെടുക്കുകയും ചെയ്തു. അതേസമയം, പെമ്പിളൈ ഒരുമൈയുടെ പേരില്‍ മൂന്നാര്‍ പഞ്ചായത്തിലേക്ക് വിജയിച്ച മെംബര്‍മാര്‍ യു.ഡി.എഫ് പക്ഷത്തേക്ക് ചാഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.