സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കുന്നു; സെക്രട്ടറിയേറ്റ് ഹാജർ നില 35 ശതമാനം
text_fieldsതിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച പണിമുടക്ക് തുടങ്ങി. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെയും സ്കൂളുകളെയും സമരം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 90 ശതമാനം ഒാഫീസുകളും പ്രവർത്തിക്കുന്നില്ല. സെക്രട്ടറിയേറ്റിൽ 35 ശതമാനം ഹാജർ നില രേഖപ്പെടുത്തി. മറ്റ് സർക്കാർ ഒാഫീസുകളിൽ ഹാജർ നില വളരെ കുറവാണ്.
പണിമുടക്കിനെ എതിർക്കുന്ന സംഘടനകളുടെ ജീവനക്കാർ മാത്രമാണ് ഒാഫീസുകളിൽ എത്തുന്നത്. ഇതിനിടെ, ജോലിക്ക് എത്തിയവരെ മടക്കിയക്കാൻ സമരാനുകൂല സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ശ്രമിക്കുന്നുണ്ട്. അക്രമ സംഭവങ്ങൾ നേരിടാൻ സർക്കാർ ഒാഫീസുകൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി.
ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സും അധ്യാപക സര്‍വിസ് സംഘടനാ സമരസമിതിയുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക എന്നിവയാണ് സമരം നടത്തുന്നവരുടെ മറ്റ് പ്രധാന ആവശ്യങ്ങള്‍.
എന്നാല്‍, ശമ്പളപരിഷ്കരണം ജനുവരിയില്‍ തന്നെ നടപ്പാക്കുമെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ചൊവ്വാഴ്ച അവധി അനുവദിക്കില്ല. ഹാജരാകാത്തവരുടെ വിവരങ്ങള്‍ 11.30ന് മുമ്പ് സര്‍ക്കാറിനെ അറിയിക്കാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭരണപക്ഷ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് പിന്മാറണമെന്ന് സെറ്റോയും എന്‍.ജി.ഒ അസോസിയേഷനും പി.എസ്.സി എംപ്ലോയീസ് അസോസിയേഷനും ആവശ്യപ്പെട്ടു. കെ.എസ്.ആര്‍.ടി.സി സര്‍വിസുകളെയും സമരം ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.