ശബരിമല ദര്‍ശനം: സ്ത്രീകള്‍ക്ക് നിലവിലുള്ള പ്രായപരിധി നിലനിര്‍ത്തണം –എന്‍.എസ്.എസ്
text_fieldsചങ്ങനാശേരി: ശബരിമല ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്ക് നിലവിലുള്ള പ്രായപരിധി നിലനിര്‍ത്തണമെന്ന് എന്‍.എസ്.എസ്. ക്ഷേത്രോല്‍പത്തി മുതല്‍ നിലനിന്നുവരുന്ന ഈ ആചാരാനുഷ്ഠാനത്തിന് കോട്ടം സംഭവിക്കാതിരിക്കണമെന്നതാണ് എന്‍.എസ്.എസിന്‍െറ നിലപാടെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനും അതിന് നിലവിലുള്ള ആചാരങ്ങളില്‍ മാറ്റംവരുത്തുന്നതിനും ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ എന്‍.എസ്.എസ് കക്ഷി ചേര്‍ന്നിട്ടുണ്ട്. 2008ല്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. കോടതി നടപടികള്‍ തുടരുകയാണ്.
സാധാരണ ക്ഷേത്രങ്ങളില്‍ ആരാധന നടത്തുന്നതില്‍നിന്ന് വ്യത്യസ്തമാണ് ശബരിമല തീര്‍ഥാടനം. 41 ദിവസം വ്രതം നോക്കി വളരെ കഷ്ടതയും ബുദ്ധിമുട്ടുമുള്ള, വന്യമൃഗങ്ങള്‍ അധിവസിക്കുന്ന മലകള്‍ താണ്ടി വേണം ദര്‍ശനം നടത്തേണ്ടത്. നിശ്ചിത പ്രായപരിധിക്കുള്ളിലുള്ള സ്ത്രീകളെ സംബന്ധിച്ച് വ്രതം നോക്കുക അസാധ്യമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയുള്ളതാണ്. നിലവിലുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കാനുള്ള അവകാശത്തില്‍ ആര്‍ക്കും കൈവെക്കാവുന്നതല്ല.
സ്ത്രീജനങ്ങളുടെ സംരക്ഷണം ഉറപ്പില്ലാത്തതുമൂലം കാനനപാതകളില്‍ കുറ്റകൃത്യങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. പരിസ്ഥിതിയും അതിന് അനുകൂലമല്ല. ഇതെല്ലാം കണക്കിലെടുത്തുവേണം സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഇക്കാര്യത്തില്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.