സി.പി.എം നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം
text_fieldsകാസര്‍കോട്: ‘മതനിരപേക്ഷ, അഴിമതി മുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് ഇന്ന് തുടക്കം. ഉപ്പളയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വൈകീട്ട് മൂന്നിന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവന്‍ സെക്രട്ടേറിയറ്റ്, കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ ഉദ്ഘാടന പരിപാടിക്കത്തെും.
ജാഥാനായകന്‍ പിണറായി വിജയന് പുറമെ എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ.ജെ. തോമസ്, എം.ബി. രാജേഷ്, പി.കെ. ബിജു, എ. സമ്പത്ത്, കെ.ടി. ജലീല്‍, പി.കെ. സൈനബ എന്നിവരാണ് സ്ഥിരാംഗങ്ങള്‍. കണ്ണൂരിലെ നീണ്ട നേതൃനിരയില്‍ നിന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ മാത്രമാണ് സ്ഥിരം അംഗമായിട്ടുള്ളത്. കേരള രാഷ്ട്രീയത്തില്‍ നിറയെ വിവാദ വിഭവങ്ങള്‍ പിറന്നുവീണ സാഹചര്യത്തിലാണ് പിണറായിയുടെ മാര്‍ച്ച് തുടങ്ങുന്നത് എന്നതിനാല്‍ മാര്‍ച്ച് രാഷ്ട്രീയ വാഗ്വാദങ്ങള്‍ കൊണ്ട് കൊഴുക്കും.
ലാവലിന്‍ കേസില്‍ പുന:പരിശോധനാ ഹരജി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത് നവകേരള മാര്‍ച്ച് തുടങ്ങാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ്. സര്‍ക്കാറിനെതിരെയുള്ള അഴിമതിയാരോപണങ്ങളുമായി വടക്കുനിന്നും യാത്ര തിരിക്കുന്ന പിണറായിക്കു നേരെ ലാവലിന്‍ അഴിമതിയാരോപണങ്ങള്‍ ഒന്നുകൂടി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. അതേസമയം അഴിമതിയാരോപണത്തിന്‍െറ പേരില്‍ രാജിവെച്ച മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതും മാര്‍ച്ചിന് തൊട്ടുമുമ്പാണ്.
കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ഇരകളെ സന്ദര്‍ശിച്ചുകൊണ്ടാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന മാര്‍ച്ചിന് തുടക്കം. ഇതുപോലെ എല്ലാ ജില്ലകളിലെയും ജീവല്‍പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. മാര്‍ച്ചിന്‍െറ വിവരങ്ങള്‍ ലോകത്തെ അറിയിക്കാന്‍ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.