Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗുലാം അലി: കേരളം...

ഗുലാം അലി: കേരളം നല്‍കുന്നത് മഹത്തായ സന്ദേശം

text_fields
bookmark_border
ഗുലാം അലി: കേരളം നല്‍കുന്നത് മഹത്തായ സന്ദേശം
cancel

വിശ്വവിഖ്യാത ഗസല്‍ ഗായകന്‍ ഗുലാം അലി മാനവിക സാഹോദര്യത്തിന്‍െറയും അതിരില്ലാത്ത സംഗീതത്തിന്‍െറയും ഗീതികള്‍തീര്‍ക്കാന്‍ കേരളത്തിലത്തെിക്കഴിഞ്ഞു. എം.എ. ബേബി നേതൃത്വം നല്‍കുന്ന സ്വരലയയും സംസ്ഥാന വിനോദസഞ്ചാര വകുപ്പിനുകീഴിലെ ജി.കെ.എസ്.എഫും ചേര്‍ന്നാണ് ഉസ്താദ് ഗുലാം അലിയുടെ നേതൃത്വത്തില്‍ പണ്ഡിറ്റ് വിശ്വനാഥ് ഉള്‍പ്പെടെയുള്ള 10 അംഗ സംഘത്തെ കേരളത്തിലത്തെിച്ചത്. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് നിശാഗന്ധിയില്‍ അദ്ദേഹത്തിന്‍െറ ഭാവസാന്ദ്രമായ ഗസല്‍ അവതരണം നടക്കും. അദ്ദേഹത്തിന് സര്‍ക്കാര്‍ ഒൗദ്യോഗികവിരുന്നും നല്‍കുന്നുണ്ട്.

ഇന്ത്യന്‍ ഹിന്ദുസ്ഥാനി സംഗീതകുടുംബത്തിലെ ഏറ്റവുംശക്തമായ സംഗീതശാഖകളിലൊന്നാണ് ഗസല്‍. ഇറാനിയന്‍ സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും സംയോജിച്ചാണ് ഉര്‍ദുവില്‍ ഗസല്‍ രൂപപ്പെട്ടത്. സ്വാതന്ത്ര്യത്തിനുമുമ്പും സ്വാതന്ത്ര്യാനന്തര ഭാരതത്തിലും നൈതികമൂല്യങ്ങളും ദൈവവും മനുഷ്യനും തമ്മിലെ ദിവ്യപ്രണയത്തിന്‍െറ വിവിധതലങ്ങളും ഗസലില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. ധാരാളം മഹത്തുക്കളായ കലാകാരന്മാര്‍ രാജ്യ-ഭാഷ-വര്‍ഗ-വര്‍ണ വ്യത്യാസങ്ങളില്ലാതെ രാജ്യത്തിനകത്തും പുറത്തും പാടിയിട്ടുണ്ട്. അതൊക്കെ അതത് സംഗീതാസ്വാദകര്‍ക്ക് ആവേശവും മറ്റുള്ളവര്‍ക്ക് അഭിമാനവും സന്തോഷവുമാണ് പകര്‍ന്നുനല്‍കിയിട്ടുള്ളത്. എന്നാല്‍, ഇന്ന് ഗുലാം അലി ഇന്ത്യയില്‍ പാടാന്‍ വരുന്നു എന്നത് അന്താരാഷ്ട്രമാധ്യമങ്ങള്‍പോലും ചര്‍ച്ചചെയ്യുംവിധം ശ്രദ്ധേയമായതിന്‍െറ അനഭിലഷണീയ സാമൂഹിക സാഹചര്യങ്ങളാണ് നമ്മെ ചിന്തിപ്പിക്കേണ്ടത്.

രാജ്യങ്ങളുടെ അതിര്‍ത്തിയും സ്വതന്ത്ര പരമാധികാര സംരക്ഷണവുമെല്ലാം അതത് രാജ്യത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തത്തില്‍പെട്ടതാണ്. ആ പരസ്പര നിയന്ത്രിത സീമകള്‍ ലംഘിക്കുമ്പോള്‍ നയതന്ത്രപരമായ ഇടപെടലുകളും ചിലപ്പോള്‍ ഏറ്റുമുട്ടലുകള്‍തന്നെയും വേണ്ടിവന്നേക്കാം. അതിന് രാജ്യാതിര്‍ത്തികള്‍ നിര്‍ണയിക്കപ്പെട്ട ചരിത്രത്തോളം പഴക്കമുണ്ട്. നമ്മുടെ സംസ്ഥാനത്തുതന്നെ നാട്ടുരാജ്യങ്ങള്‍ തമ്മിലും ആഗോളതലത്തില്‍ മഹായുദ്ധങ്ങള്‍തന്നെയും ഉണ്ടായതിന്‍െറ പശ്ചാത്തലവും ചരിത്രവും ഏവര്‍ക്കും അറിവുള്ളതാണ്. പക്ഷേ, ഇത്തരം ഏറ്റുമുട്ടലുകള്‍ അതിരുകളില്ലാത്ത കലക്കും സാഹിത്യത്തിനും കായികവിനോദങ്ങള്‍ക്കുമൊന്നും തടസ്സമായിരുന്നില്ല എന്നതാണ് ചരിത്രം. ഇന്ത്യയുടെ സചിന്‍ ടെണ്ടുല്‍കര്‍ ലോകക്രിക്കറ്റിന്‍െറ രാജകുമാരനായതും ആംഗലേയസാഹിത്യത്തിന്‍െറ രാജശില്‍പി ഷേക്സ്പിയറിന് ലോകം മുഴുവന്‍ വായനക്കാരുണ്ടായതും ഈ ഉയര്‍ന്ന കാഴ്ചപ്പാടിലാണ്.

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നാം ശബ്ദമുയര്‍ത്തിയപ്പോഴൊന്നും ആംഗലേയ സാഹിത്യത്തെയോ സാഹിത്യകാരന്മാരെയോ നാം കടന്നാക്രമിച്ചിട്ടില്ല. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ചെറിയ ന്യൂനപക്ഷമാണെങ്കില്‍പോലും അത്തരം നടപടികളും പ്രസ്താവനകളും പ്രതിഷേധങ്ങളും ഉയര്‍ത്തുന്നത് ഇന്ത്യാ മഹാരാജ്യത്തിന്‍െറ പാരമ്പര്യ സംസ്കൃതിക്കോ ഭരണഘടനാതത്ത്വങ്ങള്‍ക്കോ യോജിച്ചതല്ല. അതിര്‍ത്തികളില്ലാതെ പറക്കുന്ന പറവകളെപ്പോലെ കഴിവുകള്‍ കനിഞ്ഞരുളിയ ഈ പ്രതിഭകളെ ആതിഥേയത്വത്തിന്‍െറ പൂര്‍ണതയോടെവേണം നാം സ്വീകരിക്കേണ്ടത്.

ഇന്ത്യക്കും ലോകത്തിനും ഒട്ടേറെ മാതൃകകള്‍ നല്‍കിയ നമ്മുടെ സംസ്ഥാനവും ഉസ്താദ് ഗുലാം അലിക്ക് ആതിഥ്യം ഒരുക്കി മാതൃകയാവുകയാണ്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഇക്കാര്യത്തില്‍ യോജിച്ച് ഒരു മഹത്തായ സന്ദേശമാണ് നാം ലോകത്തിനു നല്‍കുന്നത്. ഈ സന്ദേശം ജനമനസ്സുകളിലേക്ക് നമുക്ക് എത്തിക്കാനായാല്‍ ദൈവത്തിന്‍െറ സ്വന്തം നാടെന്ന ഖ്യാതി നമുക്ക് നിലനിര്‍ത്താം. സാഹോദര്യത്തിന്‍െറയും സ്നേഹത്തിന്‍െറയും സന്ദേശം മനസ്സുകളില്‍ ഗുലാം അലിയുടെ ഗസലുകളായി പെയ്തിറങ്ങട്ടെ.
(ലേഖകൻ പട്ടികജാതി, പിന്നാക്കക്ഷേമ, ടൂറിസം മന്ത്രി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ap anilkumargulam ali in kerala
Next Story