പാത ഇരട്ടിപ്പിക്കൽ: നിര്‍മാണ പ്രവൃത്തികള്‍ അടുത്തവര്‍ഷം പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ
text_fieldsകോട്ടയം: വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മാണം ആരംഭിച്ചിട്ടും ഇഴഞ്ഞു നീങ്ങുന്ന സംസ്ഥാനത്തെ പാത ഇരട്ടിപ്പിക്കലടക്കം മുഴുവന്‍ വികസന പദ്ധതികളും 2017 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുമെന്ന് റെയില്‍വെ. ഭൂമി ഏറ്റെടുത്ത് കൈമാറുന്നതടക്കം നടപടി സംസ്ഥാന സര്‍ക്കാര്‍ വേഗത്തിലാക്കുകയും കേന്ദ്രസര്‍ക്കാര്‍ കൃത്യമായി ഫണ്ട് അനുവദിക്കുകയും ചെയ്താല്‍ നിര്‍മാണ ജോലികള്‍ വൈകില്ളെന്നും അധികൃതര്‍ അറിയിച്ചു.
എറണാകുളം-കോട്ടയം-കായംകുളം സെക്ടറില്‍ 12 കി.മീ. ദൈര്‍ഘ്യമുള്ള തൃപ്പൂണിത്തുറ-പിറവം, 27 കി.മീ.വരുന്ന കുറുപ്പന്തറ-കോട്ടയം-ചിങ്ങവനം പാത ഇരട്ടിപ്പിക്കല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാകും. തൃപ്പൂണിത്തുറ മുതല്‍ മുളന്തുരുത്തിവരെ പാത ഇരട്ടിപ്പിക്കല്‍ കഴിഞ്ഞെങ്കിലും ഗതാഗതം വേഗത്തിലും പൂര്‍ണവും ആകണമെങ്കില്‍ ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണ പ്രവൃത്തികൂടി അടിയന്തരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍, ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന അനാസ്ഥയും മണ്ണും മെറ്റലുമടക്കം അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും പദ്ധതിയുടെ കമീഷനിങ് വൈകിപ്പിക്കുകയാണ്.
ഏറ്റുമാനൂര്‍-കോട്ടയം ഭാഗത്തെ നിര്‍മാണത്തിനായി ഇനിയും സ്ഥലം പൂര്‍ണമായും ഏറ്റെടുത്ത് കൈമാറിയിട്ടില്ല. കോട്ടയം-ചിങ്ങവനം സെക്ടറില്‍ കെ.കെ റോഡിലെ കഞ്ഞിക്കുഴി തുരങ്കവും പാലവും വീതികൂട്ടാനുള്ള നടപടിയും എങ്ങുമത്തെിയിട്ടില്ല. പാലവും തുരങ്കവും വീതികൂട്ടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവില്ളെന്നും റെയില്‍വെ പറയുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് റെയില്‍വെ ഒൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
വികസന പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കിയാല്‍ കോട്ടയം-എറണാകുളം, കോട്ടയം-കായംകുളം സെക്ടറുകളില്‍ ട്രെയിന്‍ യാത്ര സുഗമമാകും. സമയം ലാഭിക്കാനുമാകും. നിലവില്‍ കോട്ടയത്തുനിന്ന് എറണാകുളത്തത്തൊന്‍ രണ്ടു മണിക്കൂര്‍വരെ വേണ്ടി വരുന്നുണ്ട്. നിര്‍മാണം ഇഴയുന്നതിനാല്‍ ഈ റൂട്ടില്‍ ട്രെയിന്‍ യാത്ര ദുഷ്കരമാകുകയാണ്. മണിക്കൂറുകള്‍വരെ വൈകിയാണ് പല ട്രെയിനുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. കായംകുളം-ആലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കലും അടുത്തവര്‍ഷം പൂര്‍ത്തിയാക്കും. ഈ റൂട്ടില്‍ ഹരിപ്പാട് മുതല്‍ അമ്പലപ്പുഴവരെ 18 കി.മീ. ഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവിടെയും സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിലുണ്ടാകുന്ന താമസമാണ് തടസ്സം.
മണ്ണിന്‍െറ ലഭ്യതയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പുനലൂര്‍-ചെങ്കോട്ട പാതയുടെ ബ്രോഡ് ഗേജിങ്ങും പാതിവഴിയിലാണ്. ഇതുവഴി ഗതാഗതം നിലച്ചിട്ട് വര്‍ഷങ്ങളായി. പുനലൂര്‍-ചെങ്കോട്ട പാതയുടെ ദൈര്‍ഘ്യം 50 കിലോമീറ്ററാണ്. പാത അടുത്ത ഡിസംബറില്‍ പൂര്‍ത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് റെയില്‍വെ.
കേരളത്തിലെ പദ്ധതികള്‍ക്ക് റെയില്‍വെ കൃത്യമായി ഫണ്ട് അനുവദിക്കുന്നില്ളെന്ന ആക്ഷേപവും ശക്തമാണ്. ഇക്കാര്യം റെയില്‍വെ അധികൃതരും നിഷേധിക്കുന്നില്ല. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുന്നതനുസരിച്ചേ കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കൂ എന്നും അവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.