നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണോ?
text_fieldsതിരുവനന്തപുരം: നമ്മുടെ കുട്ടികള്‍ സുരക്ഷിതരാണോ? ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയില്‍ ഈ ചോദ്യം പലവുരു സ്വയം ചോദിച്ചിട്ടുണ്ട്. എത്രവട്ടം ചോദിച്ചാലും ഇല്ല എന്നാകും ഉത്തരം. സാക്ഷരതയിലും ഐ.ടി സാക്ഷരതയിലും കേരളം ഇതരസംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലാണ്. പക്ഷേ, ഓണ്‍ലൈന്‍ ലോകത്ത് പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചുള്ള അവബോധത്തില്‍ നാം നിരക്ഷരരാണ്. ഈ തിരിച്ചറിവാണ് ‘ഈസ് ഒൗര്‍ ചൈല്‍ഡ് സേഫ്’ എന്ന പുസ്തകത്തിന്‍െറ പിറവിക്ക് വഴിയൊരുക്കിയത്.
ഇതു പറയുമ്പോള്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമീഷണര്‍ കെ. സഞ്ജയ്കുമാറിന്‍െറ വാക്കുകളില്‍ അഭിമാനം പ്രകടം. സാമൂഹികമാധ്യമങ്ങളുടെ കാലത്ത് പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് എഴുതാനായി എന്നതിനെക്കാള്‍ ഇത് സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചുവെന്നത് അഭിമാനകരമാണെന്ന് സഞ്ജയ്കുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. 2016-17 അധ്യയനവര്‍ഷത്തെ സ്റ്റേറ്റ് സിലബസ് ഒമ്പത്,10 ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍ പഠിക്കാനാകും. ആദ്യഘട്ടത്തില്‍ ഒരു മോഡ്യൂള്‍ മാത്രമാകും സിലബസില്‍ ഉള്‍പ്പെടുത്തുക. 2017-18 ല്‍ നാലു ചാപ്റ്റര്‍ ഉള്‍പ്പെടുത്താനാണ് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച് ആന്‍ഡ് ട്രെയ്നിങ്ങിന്‍െറ (എസ്.ഇ.ആര്‍.ടി) തീരുമാനം. സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളില്‍നിന്ന് വിദ്യാര്‍ഥികളെ രക്ഷിക്കാനുള്ള ബോധവത്കരണ പരിപാടികള്‍ കേരള പൊലീസിന്‍െറ ആഭിമുഖ്യത്തില്‍ നടന്നുവരുകയാണ്.
ഇതിനിടെയാണ് സഞ്ജയ് പുസ്തക രചന പൂര്‍ത്തിയാക്കിയത്. പുസ്തകം പരിചയപ്പെടുത്തിയപ്പോള്‍ ഇത് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ നന്നാകുമെന്ന് പറഞ്ഞത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. തുടര്‍ന്ന് മന്ത്രി പി.കെ. അബ്ദുറബ്ബുമായി സംസാരിച്ച് തീരുമാനിക്കുകയായിരുന്നു. ആദ്യമായാണ് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍െറ പുസ്തകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
2005 ബാച്ച് കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ സഞ്ജയ്കുമാര്‍ ഉത്തര്‍പ്രദേശുകാരനാണ്. വിദ്യാഭ്യാസപരമായി ഏറെ മുന്നേറിയ കേരളത്തിലെ വിദ്യാര്‍ഥികള്‍ ചതിക്കുഴിയില്‍ വീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തന്‍െറ പുസ്തകം ഉപകരിക്കുമെന്നാണ് അദ്ദേഹത്തിന്‍െറ പ്രത്യാശ. ഇംഗ്ളീഷിലും മലയാളത്തിലുമായി തയാറാക്കിയ പുസ്തകം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.