സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരിയില്‍
text_fieldsദുബൈ: കൊച്ചി സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടം ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാന്‍ ദുബൈയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. കൃത്യമായ തീയതി ഒരാഴ്ചക്കകം തീരുമാനിക്കുമെന്ന് സ്മാര്‍ട്ട്സിറ്റി ചെയര്‍മാന്‍കൂടിയായ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഉദ്ഘാടനച്ചടങ്ങിലേക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ക്ഷണിച്ചിരുന്നു. അദ്ദേഹമോ ദുബൈ രാജകുടുംബത്തിലെ മറ്റ് അംഗമോ പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരുടെക്കൂടി സൗകര്യം കണക്കിലെടുത്താകും തീയതി പ്രഖ്യാപനം. ഉദ്ഘാടനച്ചടങ്ങിന്‍െറ തയാറെടുപ്പുകളാണ് പ്രധാനമായും ബോര്‍ഡ് ചര്‍ച്ചചെയ്തത്.
ദുബൈ സര്‍ക്കാറുമായി ചര്‍ച്ചനടത്തിയ ശേഷമാണ് ഉദ്ഘാടനം നിശ്ചയിച്ചത്. ഇനി ദുബൈയിലെ പ്രോട്ടോകോള്‍ വകുപ്പുമായി ആലോചിച്ച് ദുബൈ സര്‍ക്കാര്‍ അന്തിമതീയതി സ്മാര്‍ട്ട് സിറ്റി ബോര്‍ഡിനെ അറിയിക്കും. ഫെബ്രുവരി അവസാനം ഉദ്ഘാടനം നടക്കുമെന്നാണ് സൂചന. ആറര ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള എസ്.സി.കെ-01 എന്ന ആദ്യ ഐ.ടി ടവറിന്‍െറ ഉദ്ഘാടനമാണ് നടക്കുക. ഇവിടെ ഇന്ത്യയിലും വിദേശത്തുമുള്ള 25 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരു ഷിഫ്റ്റില്‍ 5500 പേര്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യമുണ്ട്. ആദ്യഘട്ട ഉദ്ഘാടനത്തോടൊപ്പം രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന ഏഴു കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും. മൂന്നു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ കെട്ടിടങ്ങള്‍ക്ക് 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുണ്ടാകും. ഇതുകൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ലുലു ഗ്രൂപ്പിന്‍െറ സാന്‍സ് ഇന്‍ഫ്രായുടെ 18 ലക്ഷം ചതുരശ്ര അടിയിലുള്ള ഇരട്ട ടവറും ഇതിലുള്‍പ്പെടും.
30 നിലയുള്ള ഈ കെട്ടിടം കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ഐ.ടി ടവറായിരിക്കും. ഇതോടൊപ്പം 4500 കുട്ടികള്‍ക്ക് പഠിക്കാവുന്ന ഇന്‍റര്‍നാഷനല്‍ സ്കൂളും ആശുപത്രിയും ഹോട്ടലും കമേഴ്സ്യല്‍ കോംപ്ളക്സും കമ്യൂണിറ്റി സെന്‍ററും ഈ സ്വതന്ത്ര മേഖലയിലുണ്ടാകും. കൊച്ചി കാക്കനാട്ട് 246 ഏക്കറില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണമാകുമ്പോള്‍ ചുരുങ്ങിയത് 88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും 90,000 പേര്‍ക്ക് തൊഴിലവസരവുമാണ് വിഭാവനം ചെയ്യുന്നത്. അഞ്ചു വര്‍ഷത്തിനകം ഇത് യാഥാര്‍ഥ്യമാകുമെന്നാണ് സ്മാര്‍ട്ട് സിറ്റി വൃത്തങ്ങള്‍ പറയുന്നത്.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാനും ദുബൈ സ്മാര്‍ട്ട് സിറ്റി സി.ഇ.ഒയുമായ ജാബിര്‍ ബിന്‍ ഹാഫിസ്, ടീകോം ബിസിനസ് പാര്‍ക്സ് സി.ഇ.ഒ മാലിക് അല്‍മാലിക്, കൊച്ചി സ്മാര്‍ട്ട്സിറ്റി സി.ഇ.ഒ ഡോ. ബാജു ജോര്‍ജ്, ബോര്‍ഡിലെ പ്രത്യേക ക്ഷണിതാവായ വ്യവസായി എം.എ. യൂസുഫലി, ബോര്‍ഡംഗം സഞ്ജീവ് കോസ്ല എന്നിവര്‍ പങ്കെടുത്തു. പിന്നീട് ഇവര്‍ ദുബൈ ഗ്രൂപ് എം.ഡി. അഹ്മദ് ബിന്‍ ബയാത്തുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.