ഈ രാവ് മറക്കില്ലൊരിക്കലും...
text_fieldsകോഴിക്കോട്: കാലങ്ങള്‍ കഴിഞ്ഞാലും ഈ രാവ് നഗരം മറക്കില്ല. ഇത്രയേറെ നിശ്ശബ്ദതയോടെ, ഏകാഗ്രതയോടെ മറ്റൊരു സംഗീതത്തിനും നഗരം കാതോര്‍ത്തിട്ടുണ്ടാവില്ല. ഇത്രമേല്‍ സ്നേഹത്തോടെ മറ്റൊരു ഗായകനെയും എതിരേറ്റിട്ടുമുണ്ടാവില്ല. അത്രക്ക് ആവേശത്തോടെയാണ് കോഴിക്കോട് നഗരം ഗുലാം അലിയെന്ന വിശ്വഗായകനെ കേട്ടത്.
താരകങ്ങളില്ലാത്ത രാത്രിയില്‍ അര്‍ധ ചന്ദ്രന്‍െറ ശോകത്തെ പകര്‍ത്തുമാറ് ഗാനം ആകാശത്തേക്ക് ഉയരവെ ശ്വാസമടക്കിപ്പിടിച്ചുനിന്ന സദസ്സ് പ്രിയഗായകനെ കൈയടികള്‍കൊണ്ട് എതിരേറ്റു. പ്രണയത്തിന്‍െറയും ശോകത്തിന്‍െറയും കണ്ണീരിന്‍െറയും വരികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. സ്വപ്നനഗരയില്‍ ഒരുക്കിയ ‘ചാന്ദ്നി രാതി’ന് സാക്ഷിയാകാന്‍ ജില്ലയില്‍നിന്നും സമീപ ജില്ലകളില്‍നിന്നുമടക്കം എത്തിയത് കാല്‍ ലക്ഷത്തോളം ആസ്വാദകരാണ്. ഗസലിനോടെന്ന പോലെ മാനവികതയോടുള്ള അതിരറ്റ പ്രതിബദ്ധയുടെ കൂടി തെളിവായി ഇത്. ഞായറാഴ്ച 5.30 ആയപ്പോഴേക്കും സദസ്സ് ഏറക്കുറെ നിറഞ്ഞു.
അപ്പോഴും പുറത്ത് നീണ്ട വരിയായിരുന്നു. ഏഴുമണിയായപ്പോഴേക്കും സ്വപ്നനഗരിയിലെ സദസ്സ് നിറഞ്ഞു കവിഞ്ഞു. 15,000 ആളുകള്‍ക്ക് ഒരുക്കിയ മൈതാനത്താണ് കാല്‍ലക്ഷത്തോളം പേര്‍ എത്തിയത്. നിരവധിപേര്‍ നിന്നാണ് പരിപാടി ശ്രവിച്ചത്. പ്ളാറ്റിനം, ഗോള്‍ഡന്‍, ഡയമണ്ട് എന്നിങ്ങനെയായിരുന്നു ആസ്വദകരെ വേര്‍തിരിച്ചത്. ഗസല്‍ കേള്‍ക്കാന്‍ ഇത്രയും വലിയ സദസ്സ് മറ്റൊരിക്കലും താന്‍ കണ്ടിട്ടില്ളെന്നായിരുന്നു ഗുലാം അലിയോടൊപ്പം പാടാന്‍ എത്തിയ പണ്ഡിറ്റ് വിശ്വനാഥ് പറഞ്ഞത്. ഈ നഗരം കാണിക്കുന്ന സ്നേഹത്തോട് ഏറെ നന്ദിയും ആദരവും ഉണ്ടെന്ന് ഗുലാം അലിയും കൂട്ടിച്ചേര്‍ത്തു.
ഹം തേരേ ശഹര്‍ മേ ആയേ ഹേം മുസാഫിര്‍ കി തരഹ് (ഞാന്‍ നിങ്ങളുടെ നഗരത്തിലേക്ക് വന്നു, ഒരു യാത്രക്കാരനെപ്പോലെ) എന്ന വരികള്‍ പാടവെ സദസ്സും ആവേശത്തിമിര്‍പ്പിലായി. എണ്ണമറ്റ മൊബൈല്‍ ഫോണുകളില്‍ വോയ്സ് റെക്കോഡായി, വിഡിയോ ദൃശ്യങ്ങളായി നഗരം അസുലഭ നിമിഷത്തെ പകര്‍ത്തി.
അക്ഷരാര്‍ഥത്തില്‍ അസഹിഷ്ണുതക്കും ഫാഷിസത്തിനും എതിരായ, ദേശങ്ങളും ഭാഷയെയും അതിലംഘിക്കുന്ന മാനവികതയുടെ ഉത്സവമായിരുന്നു ചാന്ദ്നി രാത്. ഏതു കാലത്തും ഏത് എതിര്‍പ്പുകള്‍ക്കിടയിലും കലക്കും സംഗീതത്തിനും വാതിലുകള്‍ ഈ നഗരം തുറന്നുവെക്കാന്‍ തങ്ങള്‍ കാവലിരിക്കും എന്ന സന്ദേശമായിരുന്നു ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.