സ്ത്രീശക്തി ബാങ്ക് വായ്പയിലും; എടുത്തത് 4381കോടി
text_fieldsകല്‍പറ്റ: ആഴ്ചയില്‍ യോഗംചേര്‍ന്ന് സൊറ പറയുകയും കൊണ്ടാട്ടം മുളക് വില്‍ക്കുകയും മാത്രമാണ് കുടുംബശ്രീ വനിതകള്‍ ചെയ്യുന്നതെന്ന ധാരണയുണ്ടെങ്കില്‍ തിരുത്തണം. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനായി സംസ്ഥാനത്തെ കുടുംബശ്രീ വനിതകള്‍ വിവിധ ബാങ്കുകളില്‍നിന്ന് എടുത്തത് കോടികളാണ്. കൃത്യമായി പറഞ്ഞാല്‍ 4381.24 കോടി. ഉണ്ണിയപ്പം പാക്കറ്റിലാക്കി വില്‍ക്കല്‍ മുതല്‍ വസ്ത്രനിര്‍മാണ യൂനിറ്റുവരെ നടത്തുന്നുണ്ടവര്‍. ഇതുപോലുള്ളവ തുടങ്ങാനാണ് സ്ത്രീകളുടെ ഗ്രൂപ്പുകള്‍ ഇത്രയും പണം വായ്പയെടുത്തത്.
ഓരോ ജില്ലയിലെയും കുടുംബശ്രീ അംഗങ്ങള്‍, ബ്രാക്കറ്റില്‍ അവരെടുത്ത തുക, ആകെ അയല്‍ക്കൂട്ടങ്ങള്‍ എന്നീ ക്രമത്തില്‍: തിരുവനന്തപുരം: 4,85,880, (587 കോടി), 28,711. തൃശൂര്‍: 3,67,457 (446.84 കോടി ), 23,468. ആലപ്പുഴ: 3,92,146 (478 കോടി), 19,183. മലപ്പുറം: 4,67,720 (329 കോടി), 23,386. കോഴിക്കോട്: 4,03,230, (246 കോടി), 26,882. പാലക്കാട്: 2,78,230, (368 കോടി), 19,566. കോട്ടയം: 2,33,811 (209.85 കോടി), 14,894. കൊല്ലം: 3,43,753, (499 കോടി), 23,841. പത്തനംതിട്ട: 1,50,526, (232.25 കോടി), 9507. എറണാകുളം: 3,22,560, (44 കോടി), 21,125. കാസര്‍കോട്: 1,92,374, (93.91കോടി), 10,305. കണ്ണൂര്‍: 31,481, (287 കോടി), 19,000. വയനാട്: 1,45,000, (194 കോടി), 10,350. ഇടുക്കി: 1,65,916 (366.399 കോടി), 10,273.സംസ്ഥാനത്താകെ 2,60,491 അയല്‍ക്കൂട്ടങ്ങളാണുള്ളത്.
15വരെ സ്ത്രീകള്‍ ചേര്‍ന്നതാണ് ഒരു അയല്‍കൂട്ടം. ഓരോ അയല്‍ക്കൂട്ടങ്ങളിലെയും അഞ്ചുവരെയുള്ള അംഗങ്ങള്‍ ചേര്‍ന്ന് സംരംഭങ്ങള്‍ തുടങ്ങാന്‍ ഗ്രൂപ്പുകളുണ്ടാക്കുന്നു. ഇത്തരം ഗ്രൂപ്പുകള്‍ എടുത്ത ആകെ വായ്പയാണിത്. ആടുകളെ വളര്‍ത്തുകയും പ്രത്യേക കുടുംബശ്രീ ചന്തകളിലൂടെ വില്‍ക്കുകയും ചെയ്യുന്ന ‘ആടുഗ്രാമം’, പശുക്കളെ വളര്‍ത്തുന്ന ‘ക്ഷീരസാഗരം’, വനിതകള്‍ കാര്‍, ഓട്ടോ എന്നീ ടാക്സികള്‍ ഓടിക്കുന്ന ‘കുടുംബശ്രീ ട്രാവല്‍സ്’, ചായക്കടയായ ‘കഫേ കുടുംബശ്രീ’, പോഷകാഹാര ഉല്‍പാദനം, കാന്‍റീന്‍ കാറ്ററിങ് യൂനിറ്റ്, ബാഗ്-കുട നിര്‍മാണ യൂനിറ്റ്, തേന്‍ സംസ്കരണം, സോപ്പ്, പപ്പടം പോലുള്ളവ ഉണ്ടാക്കുന്ന ചെറുകിട യൂനിറ്റുകള്‍ തുടങ്ങിയ പദ്ധതികളാണ് വിവിധയിടങ്ങളില്‍ സ്ത്രീകള്‍ നടത്തുന്നത്. മിക്കയിടത്തും വിജയകരമാണ്.
വയനാട്ടില്‍ കുടുംബശ്രീ കഴിഞ്ഞ വര്‍ഷം ആറ് ആടുചന്തകളാണ് നടത്തിയത്. ഓരോ ചന്തകളിലും ഒറ്റദിനത്തില്‍തന്നെ 1.15 ലക്ഷം രൂപ വീതം വിറ്റുവരവുണ്ടായി. ബാങ്ക് വായ്പയുടെ ഏഴു ശതമാനം വരെയുള്ള പലിശമാത്രം അതത് ഗ്രൂപ്പുകള്‍ അടച്ചാല്‍ മതി. അതിന് മുകളില്‍ വരുന്ന മുഴുവന്‍ പലിശയും അതത് കുടുംബശ്രീ ജില്ലാ മിഷനുകള്‍ വഹിക്കും. ഈ ആകര്‍ഷണീയതകൂടി ഉള്ളതിനാലാണ് ഭീമമായ തുകയുടെ വായ്പക്ക് വഴിയൊരുങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.