നാലിലൊന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നാലിലൊന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍കാര്‍ഡ് ഇനിയും അന്യം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയിലൂടെ 2800 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തിരുന്നു. ഇതിനുശേഷവും നാലിലൊന്ന് കുടുംബങ്ങള്‍ കാര്‍ഡ് കിട്ടാത്തവരായി തുടരുകയാണ്.
അട്ടപ്പാടിയില്‍ ശിശുമരണം തുടര്‍ക്കഥയായപ്പോള്‍ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതും പാഴ്വാക്കായി. പൊതുവിതരണ സംവിധാനത്തിലെ ആനുകൂല്യങ്ങള്‍ ആദിവാസികളില്‍ നാലിലൊന്ന് വിഭാഗത്തിന് ഇപ്പോഴും ലഭ്യമല്ളെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാസര്‍കോട് ജില്ലയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഇവിടെ 11598 കുടുംബങ്ങളില്‍ 7544 പേര്‍ക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. 34 ശതമാനം പേര്‍ക്ക് ഇവിടെ കാര്‍ഡ് ലഭിച്ചിട്ടില്ല. മലപ്പുറത്ത് 31ഉം പാലക്കാട്ട് 30ഉം ശതമാനം കുടുംബങ്ങള്‍ കാര്‍ഡ് കിട്ടാത്തവരായുണ്ട്. ഇടുക്കിയിലും 20 ശതമാനം പേര്‍ക്ക് റേഷന്‍ കാര്‍ഡ് അപ്രാപ്യമായി തുടരുന്നു.
സംസ്ഥാനത്താകെ 1.09 ലക്ഷം ആദിവാസി കുടുംബങ്ങളില്‍ 820970 പേര്‍ക്ക് മാത്രമാണ് റേഷന്‍കാര്‍ഡ് ലഭിച്ചിരുന്നത്. ശേഷിക്കുന്നവര്‍ക്ക് പൊതുവിതരണ വകുപ്പുമായി ചേര്‍ന്ന് റേഷന്‍ കാര്‍ഡുകള്‍ വിതരണംചെയ്യുമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. റേഷന്‍കാര്‍ഡ് ലഭ്യമായവരിലാവട്ടെ 51 ശതമാനം മാത്രമാണ് ബി.പി.എല്‍ പട്ടികയിലുള്ളത്. ആലപ്പുഴയില്‍ നഗരമേഖലയിലാണ് ആദിവാസി കുടുംബങ്ങള്‍ പൊതുവെ താമസിക്കുന്നത്. ഇവിടെ 872ല്‍ 106 കുടുംബങ്ങളും റേഷന്‍കാര്‍ഡിനായി കാത്തിരിപ്പ് തുടരുന്നു.
അട്ടപ്പാടിയില്‍ കാര്‍ഡ് നല്‍കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും തുടര്‍നടപടികളുണ്ടായില്ല. അട്ടപ്പാടിയില്‍ പ്രാക്തന ഗോത്രവിഭാഗമായ 543 കുറുംബ കുടുംബങ്ങളില്‍ 204നും കാര്‍ഡില്ല. ഇവിടെ ഇരുള, മുഡിഗ സമുദായത്തിലും 27 ശതമാനംപേര്‍ റേഷന്‍കാര്‍ഡ് കിട്ടാത്തവരായുണ്ട്. അട്ടപ്പാടിയില്‍ 30 ശതമാനത്തോളം ആദിവാസികള്‍ക്ക് റേഷന്‍കാര്‍ഡ് ലഭിച്ചില്ളെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രാക്തന ഗോത്രവിഭാഗങ്ങളായ കൊറഗരില്‍ 21 ശതമാനവും കാടരില്‍ 19 ശതമാനവും കാര്‍ഡില്ലാത്തവരാണ്. കാട്ടുനായ്ക്കരില്‍ 26 ശതമാനവും ചോലനായ്ക്കരില്‍ 41 ശതമാനവും റേഷന്‍ കാര്‍ഡ് ലഭിക്കാത്തവരായുണ്ട്.
ആദിവാസികളില്‍ ജനസംഖ്യയില്‍ മുന്നിലും സാമൂഹിക വളര്‍ച്ചയില്‍ പിന്നിലും നില്‍ക്കുന്ന പണിയരില്‍ 27 ശതമാനത്തിനും കാര്‍ഡില്ല. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഒട്ടുമിക്ക ആനുകൂല്യങ്ങളും ആദിവാസികള്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ്. റേഷന്‍കാര്‍ഡില്ളെങ്കിലും ആനുകൂല്യം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാലിത് ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ളെന്ന് ആദിവാസികള്‍ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.