വിജിലൻസ് പിരിച്ച് വിടണമെന്ന് വി.എസ്
text_fieldsആലുവ: അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന വിജിലൻസ് പിരിച്ച് വിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ആലുവ പാലസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്ന തട്ടിപ്പ് സംഘമായി വിജിലൻസ് മാറി. നീതിപീഠങ്ങൾ പോലും വിമർശനം ഉയർത്തിയിട്ടും യാതൊരു കുലുക്കവുമില്ലാതെ വിജിലൻസ് തുടരുകയാണ്.
വിജിലൻസിനെ മന്ത്രിമാരെ സംരക്ഷിക്കാനുള്ള ആയുധമാക്കുകയാണ് സർക്കാർ. നേരത്തെ മാണിക്കെതിരെ തെളിവുകളുണ്ടെന്ന് പറഞ്ഞ വിജിലൻസ് ഇപ്പോൾ വാക്ക് മാറ്റി. മാണി വിശുദ്ധനാണെന്നാണ് ഇപ്പോൾ പറയുന്നത്. കെ.ബാബുവും കുടുങ്ങുമെന്നായപ്പോൾ വിജിലൻസിനെ കൊണ്ട് തിരക്കഥ മാറ്റിയെഴുതിക്കുകയാണ്. ബാബുവിനെ രക്ഷിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ മെനയുന്നതെന്നും വി.എസ് ആരോപിച്ചു.
വിജിലൻസ് മേധാവി ശങ്കർ റെഡ്ഡിക്കെതിരെയും വി.എസ്. ആഞ്ഞടിച്ചു. ഡി.ജി.പി പദവിയുള്ള ഇയാൾ ഇരിക്കേണ്ട വിജിലൻസ് ഡയറക്ടർ കസേരയിലിരിക്കുന്നത് എ.ഡി.ജി.പിയാണ്. ഇത് സത്യസന്ധമായി കേസന്വേഷിക്കാതെ സർക്കാരിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും അഴിമതി മന്ത്രി സഭയെ സംരക്ഷിക്കാനാണെന്നും വി.എസ് ആരോപിച്ചു.
അതേസമയം, വിജിലൻസിനെതിരെയുള്ള ഹൈകോടതി പരാമർശത്തോട് പ്രതികരിക്കാൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയാറായില്ല. കോടതി പരാമർശത്തോട് താനെന്ത് പ്രതികരിക്കാനാണെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.