സോളാർ കമീഷൻ ഇടക്കാല റിപ്പോർട്ട് സമർപ്പിക്കില്ല
text_fieldsകൊച്ചി: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് കാലാവധി അവസാനിക്കുന്ന ഏപ്രില്‍ 27ന് മുമ്പ് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് ജി. ശിവരാജന്‍ കമീഷന്‍. ഇതിനാവശ്യമായ നടപടി നിയമപരമായി കര്‍ശനമാക്കും.
ഈ സാഹചര്യത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിക്കുന്നില്ളെന്നും കമീഷന്‍ വ്യക്തമാക്കി. ഇടക്കാല റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ലോയേഴ്സ് യൂനിയന്‍ അടക്കം ബന്ധപ്പെട്ട കക്ഷികള്‍ കഴിഞ്ഞ ദിവസം കമീഷന്‍ മുമ്പാകെ ഉന്നയിച്ചിരുന്നു.റിപ്പോര്‍ട്ട് സമയത്താക്കല്‍ നടപടിയുടെ ഭാഗമായി സാക്ഷികള്‍ ഹാജരാകേണ്ട മാറ്റമില്ലാത്ത തീയതികള്‍ അടുത്തദിവസം അറിയിക്കും.
കമീഷന് ബോധ്യം വരാത്ത കാരണങ്ങളാല്‍ സാക്ഷികള്‍ ഹാജരാകാതെ വന്നാല്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് ഹാജരാക്കല്‍, സ്വത്ത് കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികള്‍ക്കുപുറമെ നിയമപരമായി പിഴയും ചുമത്തും. പല സാക്ഷികളും ഹാജരാകാതിരിക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ ഉത്തരവിലൂടെ വ്യക്തമാക്കുകയായിരുന്നു കമീഷന്‍. സാക്ഷികളെ ഹാജരാക്കുന്നതില്‍ സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് പൂര്‍ണ സഹകരണം വേണമെന്നും നിര്‍ദേശിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഈ മാസം 25 ന് തന്നെ തിരുവനന്തപുരത്ത് വിസ്തരിക്കും. സരിതക്ക് ശേഷമേ മുഖ്യമന്ത്രിയെ വിസ്തരിക്കാവൂ എന്ന ആവശ്യം തള്ളി. കമീഷന്‍ തെളിവെടുക്കുന്ന 25 ന് മുഖ്യമന്ത്രിയെ നേരിട്ട് വിസ്തരിക്കാന്‍ അനുവദിക്കണമെന്ന് ജയിലില്‍ നിന്ന് ബിജു രാധാകൃഷ്ണന്‍ കത്തുവഴി ഉന്നയിച്ച ആവശ്യം അവഗണിച്ച കമീഷന്‍, പകരം ആവശ്യമെങ്കില്‍ അഭിഭാഷകനെ അനുവദിക്കാമെന്ന് വ്യക്തമാക്കി.
അതേസമയം സരിതയെ നേരിട്ട് വിസ്തരിക്കണമെന്ന ബിജു രാധാകൃഷ്ണന്‍െറ അപേക്ഷ കമീഷന്‍ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സനല്‍ സ്റ്റാഫ് ടെന്നി ജോപ്പന്‍ 23 ന് കമീഷന്‍ മുമ്പാകെ ഹാജരാകണം. സരിതയോട് 27നും 28നും ഹാജരാകാന്‍ നിര്‍ദേശിച്ചു.
ബിജുവിന് 28ന് സരിതയെ നേരിട്ട് ക്രോസ് വിസ്താരം ചെയ്യാം. ഡിവൈ.എസ്.പി ഹരികൃഷ്ണനെ സരിതക്ക് ശേഷം കമീഷന്‍ വിസ്തരിക്കും.
30 സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ ബാക്കിയുണ്ട്. സരിത എസ്. നായര്‍ പത്തനംതിട്ട ജയിലില്‍ വെച്ചെഴുതിയ കത്ത് ഹാജരാക്കണമെന്ന് സോളാര്‍ കമീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി.കത്ത് സ്വകാര്യ രേഖയാണെന്ന സരിതയുടെ വാദം തള്ളി. കത്തിന്‍െറ സ്വകാര്യത നഷ്ടപ്പെട്ട് കഴിഞ്ഞതായി കമീഷന്‍ പറഞ്ഞു. പരിഗണനാ വിഷയത്തില്‍ ഉള്‍പ്പെടാത്ത കാര്യമായതിനാല്‍ കത്ത് സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്നായിരുന്നു സരിതയുടെ ആവശ്യം. സരിത എഴുതിയ കത്തിന്‍െറ ഉള്ളടക്കം തനിക്ക് അറിയാമെന്നും അതില്‍ 13 വി.ഐ.പികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറയും പേരുണ്ടെന്നും മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ് സോളാര്‍ കമീഷനില്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.