ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദം; പിഴവുകള്‍ പരിശോധിക്കുമെന്ന് ചെന്നിത്തല
text_fields
തിവരുവനന്തപുരം: കേരള ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിന്മേല്‍ സെലക്ട് കമ്മിറ്റി നടത്തിയ തെളിവെടുപ്പില്‍ ബില്ലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍. ബില്‍ അതേപടി നടപ്പാക്കണമെന്ന് ചര്‍ച്ചയില്‍ സംബന്ധിച്ചവരില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടപ്പോള്‍ ധിറുതിപിടിച്ച് ബില്‍ പാസാക്കുന്നതിലൂടെ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്കുള്ള എല്ലാ അവസരവും നഷ്ടപ്പെടുത്തുമെന്ന് മറുവിഭാഗവും ചൂണ്ടിക്കാട്ടി. ബില്ലിലെ പിഴവുകള്‍ പരിശോധിക്കാമെന്ന് നിയമസഭാ സെലക്ട് കമ്മിറ്റി അധ്യക്ഷന്‍ കൂടിയായ മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ചെന്നിത്തല ചെയര്‍മാനായ 17 അംഗ സെലക്ട് കമ്മിറ്റിയെയാണ് നിയോഗിച്ചിരുന്നതെങ്കിലും മന്ത്രി ഉള്‍പ്പെടെ എട്ടുപേര്‍ മാത്രമാണ് ഇന്നലെ തെളിവെടുപ്പിന് എത്തിയത്.
സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിച്ചില്ളെങ്കില്‍ വിനോദസഞ്ചാരമേഖലയിലെ പതിനായിരം കോടി രൂപയുടെ നിക്ഷേപം നഷ്ടപ്പെടുമെന്ന് ടൂറിസം വ്യവസായികള്‍ ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയെയെങ്കിലും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്നും ടൂറിസം വ്യവസായ മേഖലയെ പ്രതിനിധീകരിച്ച് ഇ.എം. നജീബ് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാറിന്‍െറ കണക്കനുസരിച്ച് ഹര്‍ത്താല്‍ മൂലം ഒരുദിവസം നൂറുകോടിയുടെ നഷ്ടമാണുണ്ടാകുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി. ഹര്‍ത്താലുകള്‍ നിയന്ത്രിക്കണമെന്ന് ഹര്‍ത്താല്‍ നിരോധത്തിന് കോടതിയെ സമീപിച്ച ഖാലിദ് മുണ്ടപ്പള്ളി ആവശ്യപ്പെട്ടു. ജനത്തിന്‍െറ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന സമരങ്ങള്‍ അനുവദിക്കരുതെന്ന് അപ്പാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ പ്രതിനിധി വിനോദ് ആവശ്യപ്പെട്ടു. നിയമം ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേകം അതോറിറ്റി രൂപവത്കരിക്കണമെന്ന് കെ.എസ്.യു ജില്ലാ സെക്രട്ടറി എറിക് ഇ. സ്റ്റീഫന്‍ ആവശ്യപ്പെട്ടു.
കേരളം ഇന്ന് നേടിയിട്ടുള്ള സൗഭാഗ്യങ്ങള്‍ക്കുപിന്നില്‍ നിരവധി സമരങ്ങളുണ്ടെന്ന കാര്യം മറക്കരുതെന്ന് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ പ്രതിനിധി അഡ്വ. കെ.ഒ. അശോകന്‍ ചൂണ്ടിക്കാട്ടി. സാങ്കേതികവും നിയമപരവുമായ നടപടികളിലൂടെ പ്രതിഷേധങ്ങളെ തടയാനാവില്ളെന്ന് സി.ഐ.ടി.യു ജില്ലാകമ്മിറ്റിയെ പ്രതിനിധീകരിച്ച് എന്‍. സായികുമാര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.