ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാം –ഹൈകോടതി
text_fieldsകൊച്ചി: ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം തുടരാന്‍ ഹൈകോടതി അനുമതി. ടൈറ്റാനിയത്തിലെ മുന്‍ ചീഫ് മാനേജര്‍ സന്തോഷ് കുമാറിനെതിരായ നടപടിക്ക് സ്റ്റേ അനുവദിച്ചും മറ്റുള്ളവര്‍ക്ക് അനുവദിച്ച സ്റ്റേ നീക്കിയും ജസ്റ്റിസ് ബി. കെമാല്‍ പാഷ ഉത്തരവിട്ടു. ടൈറ്റാനിയം അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്താനുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ 2014 ആഗസ്റ്റ് 28ലെ ഉത്തരവ് പ്രകാരമുള്ള നടപടികള്‍ക്കാണ് ഇതോടെ അനുമതിയായത്.
മുഖ്യമന്ത്രി, ആഭ്യന്തര-പൊതുമരാമത്ത് മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താമെന്ന ഉത്തരവായിരുന്നു വിജിലന്‍സ് കോടതിയുടേത്. തിരുവനന്തപുരം പാറ്റൂര്‍ സ്വദേശി ജി. സുനില്‍ 2006ല്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. 2005ല്‍ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയില്‍ മലിനീകരണ നിയന്ത്രണ പ്ളാന്‍റ് സ്ഥാപിച്ചതില്‍ 256 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപിച്ചായിരുന്നു സുനിലിന്‍െറ പരാതി. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സിന്‍െറ നിലവിലെ മാനേജിങ് ഡയറക്ടര്‍, മുന്‍ എം.ഡി ഈപ്പന്‍ ജോസഫ്, ചീഫ് മാനേജര്‍ മാര്‍ക്കറ്റിങ് സന്തോഷ് കുമാര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.എം. ഭാസ്കരന്‍, മുന്‍ ചീഫ് കമേഴ്സ്യല്‍ മാനേജര്‍മാരായ തോമസ് മാത്യൂ, ബി. ഗോപകുമാരന്‍ നായര്‍ എന്നിവരെ പ്രതി ചേര്‍ത്തായിരുന്നു ഈ പരാതി. പിന്നീട് 2011, 12, 13 എന്നീ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി.കെ. ഇബ്രാഹിംകുഞ്ഞ്, മുന്‍ ചെയര്‍മാന്‍ ടി. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ പ്രതി ചേര്‍ത്ത് ജയന്‍, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവരില്‍നിന്ന് പുതിയ പരാതി ലഭിച്ചു. ഈ പരാതികളെല്ലാം ഒന്നിച്ചു പരിഗണിച്ചാണ് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുണ്ടായത്.
വിജിലന്‍സ് കോടതി ഉത്തരവിനെതിരെ രമേശ് ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും ഉള്‍പ്പെടെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് ടൈറ്റാനിയം അഴിമതി കേസുമായി ബന്ധപ്പെട്ട് തന്നെ പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനിയിലെ മുന്‍ ചീഫ് മാനേജര്‍ സന്തോഷ് കുമാറും ഹൈകോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് വിജിലന്‍സ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.