ചന്ദ്രബോസ് വധം: നിസാമിന് ജീവപര്യന്തവും 24 വർഷം തടവും
text_fieldsതൃശൂര്‍: ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തവും 24 വർഷം തടവും. ശിക്ഷകൾ പ്രത്യേകം അനുഭവിക്കണമെന്നും തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീർ വിധിച്ചു.
302 വകുപ്പ് പ്രകാരം ജീവപര്യന്തം ശിക്ഷയും 80.3 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 303 വകുപ്പ് പ്രകാരം ഒരു വർഷം, 324 പ്രകാരം മൂന്ന് വർഷം, 326 പ്രകാരം 10 വർഷം, 427 പ്രകാരം 2 വർഷം, 449 വകുപ്പ് പ്രകാരം അഞ്ചു വർഷം, 506 വകുപ്പ് പ്രകാരം മൂന്ന് വർഷം എന്നിങ്ങനെയാണ് 24 വർഷം തടവ്. ഇതിൽ 50 ലക്ഷംരൂപ ചന്ദ്രബോസിന്‍റെ ഭാര്യക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
കള്ളസാക്ഷി പറഞ്ഞതിന് നിസാമിന്‍റെ ഭാര്യ അമലിനെതിരെ ക്രിമിനൽ കേസെടുക്കാനും കോടതി നിർദേശിച്ചു. കൊലപാതകമടക്കം ഏഴ് വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. വിധിയിൽ പൂർണ തൃപ്തിയില്ലെന്ന് ചന്ദ്രബോസിന്‍റെ ഭാര്യ ജമന്തി പ്രതികരിച്ചു.
2015 ജനുവരി 29നാണ് ചന്ദ്രബോസ് ആക്രമിക്കപ്പെട്ടത്. പുലര്‍ച്ചെ 3.15ന് ശോഭാ സിറ്റിയുടെ പ്രധാന കവാടത്തില്‍ ഹമ്മര്‍ കാറിലത്തെിയ നിസാം, ഗേറ്റ് തുറക്കാന്‍ വൈകിയതിന് ചന്ദ്രബോസിനെ കാറിടിപ്പിച്ച് പരിക്കേല്‍പിക്കുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്. ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരിച്ചു.
ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം പിടിയിലായ നിസാമിനെതിരെ സാമൂഹികദ്രോഹ പ്രവര്‍ത്തനം തടയുന്ന കാപ്പ നിയമം ചുമത്തിയതിനാലും ജാമ്യാപേക്ഷകള്‍ ഹൈകോടതിയും സുപ്രീംകോടതിയും തള്ളിയതിനാലും പുറത്തിറങ്ങാനായിട്ടില്ല. ശിക്ഷ കുറക്കുകയെന്ന ലക്ഷ്യത്തോടെ നിസാം വിഷാദരോഗിയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.
ഒന്നാം സാക്ഷി അനൂപ് ആദ്യം മൊഴി മാറ്റിയതും നിസാമിന്‍െറ ഭാര്യ അമല്‍ കൂറുമാറിയതും പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു. രണ്ടര മാസത്തെ വിചാരണക്കിടെ 22 പ്രോസിക്യൂഷന്‍ സാക്ഷികളെയും നാല് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു, ടി.എസ്. രാജന്‍, സി.എസ്. ഋത്വിക്, സലില്‍ നാരായണന്‍ എന്നിവര്‍ ഹാജരായി. ബി. രാമന്‍പിള്ളയാണ് പ്രതിഭാഗം അഭിഭാഷകന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.