ചന്ദ്രബോസ് വധക്കേസ്: പ്രോസിക്യൂഷന്‍െറ കണിശതയുടെ വിജയം
text_fieldsതൃശൂര്‍: ചന്ദ്രബോസ് വധക്കേസിന്‍െറ നാള്‍വഴികളിലത്രയും കടമ്പകളും വിവാദങ്ങളുമായിരുന്നു. പലതവണ സുപ്രീംകോടതിയില്‍. വിധി പറയുന്നതിന് തൊട്ടുമുമ്പ് വരെ തടസ്സങ്ങള്‍ ഏറെ. എന്നാല്‍, പ്രോസിക്യൂഷന്‍െറ, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി.പി. ഉദയഭാനുവിന്‍െറ കണിശത നിറഞ്ഞ നീക്കങ്ങള്‍ക്ക് മുന്നില്‍ അവയത്രയും നിഷ്പ്രഭമായി.
അപൂര്‍വങ്ങളില്‍ അപൂര്‍വ സംഭവമെന്ന് കോടതി പറഞ്ഞില്ളെങ്കിലും അത്യപൂര്‍വ ശിക്ഷ പോസിക്യൂഷന്‍െറയും അതിന് നേതൃത്വം നല്‍കിയ ഉദയഭാനുവിന്‍െറയും വിജയമാണ്. വിചാരണയുടെ ആദ്യദിനം തന്നെ ഒന്നാം സാക്ഷി മൊഴി മാറ്റി. എന്നാല്‍, തൊട്ടടുത്ത ദിവസം അനൂപ് കണ്ടതെല്ലാം തുറന്നുപറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ നിസാമിന്‍െറ വിശ്വസ്തര്‍ പണവുമായി കോടതി വരാന്തകളില്‍ പോലും എത്തിയത് വിവാദമായി. ആദ്യദിനം മൊഴിമാറ്റിയ അനൂപിന്‍െറ വിസ്താരം രണ്ടാം ദിവസത്തേക്ക് നീട്ടിയെടുത്ത ഉദയഭാനുവിന്‍െറ തന്ത്രമാണ് കേസിന്‍െറ ഗതി നിയന്ത്രിച്ചത്.
കുറൂമാറിയ സാക്ഷിക്കെതിരെ അതിശക്തമായിരുന്നു ഉദയഭാനുവിന്‍െറ വാദങ്ങള്‍. അനൂപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നു പോലും ആവശ്യമുയര്‍ന്നു. അത് കോടതിയും അംഗീകരിച്ചതോടെ അനൂപിന് തിരുത്തുകയല്ലാതെ വഴിയില്ലായിരുന്നു. നിസാം ഹാജരാക്കിയ സാക്ഷികള്‍ പോലും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.
ഡല്‍ഹിയില്‍ നിന്ന് എത്തിച്ച ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ശര്‍മയുടെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലെ സൈക്യാട്രിസ്റ്റിന്‍െറയും മൊഴികള്‍ അവിശ്വസനീയമെന്ന് പറഞ്ഞ് കോടതി തള്ളിയതോടെ പ്രതിഭാഗത്തിന് ഒരു പിടിവള്ളി പോലും ഇല്ലാതായി.
ചന്ദ്രബോസിനെ ആക്രമിച്ച ഹമ്മര്‍ കാര്‍ മാത്രമായിരുന്നു പ്രധാന തൊണ്ടി മുതല്‍. ചന്ദ്രബോസിന്‍െറ വസ്ത്രം നശിപ്പിക്കപ്പെട്ടു. പൊലീസിന്‍െറ വീഴ്ചകളെ പ്രോസിക്യൂഷന്‍ സ്വന്തം നിലക്ക് മറികടന്നു. കള്ളക്കളികളും അട്ടിമറി നീക്കങ്ങളും ഉന്നതരുടെ സമ്മര്‍ദവുമെല്ലാം ഉണ്ടായെന്ന് ഉദയഭാനു തന്നെ വെളിപ്പെടുത്തുന്നു.സ്പെഷല്‍ പ്രോസിക്യൂട്ടറായി ഇദ്ദേഹത്തെ നിയമിക്കുന്നതിലും എതിര്‍പ്പുകളുണ്ടായി. വി.എസ്. അച്യുതാനന്ദനുമായി അടുപ്പം പുലര്‍ത്തുന്നെന്നായിരുന്നു ആക്ഷേപം. ബാര്‍കോഴ കേസില്‍ ഹൈകോടതിയിലും ലോകായുക്തയിലും ബിജു രമേശിന് വേണ്ടി ഹാജരായത് ഉദയഭാനുവാണ്. കേരളാ കോണ്‍ഗ്രസിന്‍െറ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാര്‍ ഇദ്ദേഹത്തെ നിയമിച്ചത്.
മാണിയെ കുടുക്കിയയാളിന്‍െറ അഭിഭാഷകനെ സ്പെഷല്‍ പ്രോസിക്യൂട്ടറാക്കുന്നതിനെ നിയമ വകുപ്പും എതിര്‍ത്തു. റവന്യൂ ഇന്‍റലിജന്‍റ്സ് ഡയറക്ടറേറ്റ് പബ്ളിക് പ്രോസിക്യൂട്ടറായ ഉദയഭാനു സി.ബി.ഐ പബ്ളിക് പ്രോസിക്യൂട്ടര്‍, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പബ്ളിക് പ്രോസിക്യൂട്ടര്‍, വിതുര കേസ് സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍, അഭയ, കണിച്ചുകുളങ്ങര, മുത്തൂറ്റ് പോള്‍ വധക്കേസുകളില്‍ പ്രതിഭാഗം അഭിഭാഷകന്‍, ടി.പി വധക്കേസില്‍ സി.പി.എം അഭിഭാഷകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ ഡി.ജി.പി ജേക്കബ് തോമസ് തയാറാക്കിയ കത്തിന് ഉപദേശകനായതും ഉദയഭാനുവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.