ഹയര്‍ സെക്കന്‍ഡറി: സ്ഥലംമാറ്റത്തില്‍ അവ്യക്തത തുടരുന്നു
text_fieldsതിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റത്തില്‍ അന്തിമ ഉത്തരവിറങ്ങിയിട്ടും ആശയക്കുഴപ്പം തീര്‍ന്നില്ല. സ്ഥലംമാറ്റം എന്നുമുതല്‍ നടപ്പാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ആദ്യ ഉത്തരവ് പ്രകാരം വിടുതല്‍ വാങ്ങി പുതിയ സ്ഥലങ്ങളിലേക്ക് പോയവര്‍ പഴയ സ്കൂളുകളിലേക്ക് തിരിച്ചുപോകേണ്ടിവരുമെന്ന ആശങ്കയിലാണ്. അന്തിമ ഉത്തരവിറങ്ങിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം പൂര്‍ണമായി നടപ്പാക്കണമെന്നാണ് അവരുടെ നിലപാട്. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്‍െറ നിലപാടുകൂടി അറിഞ്ഞശേഷം സ്ഥലംമാറ്റം എന്നുമുതല്‍ നടപ്പാക്കണമെന്ന് തീരുമാനിക്കുമെന്നാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് സ്ഥലംമാറ്റം സംബന്ധിച്ച ആദ്യ ഉത്തരവിറങ്ങിയത്. തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ ഉത്തരവ് നടപ്പാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, അത് വകവെക്കാതെ ഹയര്‍ സെക്കന്‍ഡറി വകുപ്പ് സ്ഥലംമാറ്റം നടപ്പാക്കുകയായിരുന്നു.
ഒടുവില്‍ കമീഷനും മുഖ്യമന്ത്രിയും നടത്തിയ ചര്‍ച്ചയിലാണ് ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, മരവിപ്പിച്ച് ഉത്തരവൊന്നും ഇറക്കിയിട്ടില്ളെന്ന് ആദ്യം സ്ഥലം മാറി എത്തിയവര്‍ പറയുന്നു. തങ്ങളെ കുറ്റപ്പെടുത്തും വിധമാണ് ഇപ്പോള്‍ വകുപ്പ് നിലപാടെടുക്കുന്നതെന്നും അവര്‍ക്ക് പരാതിയുണ്ട്. ആദ്യ ഉത്തരവ് പ്രകാരം അധ്യാപകര്‍ സ്ഥലം മാറിയതോടെ ആ സ്കൂളുകളിലെ പഠനം കുഴഞ്ഞുമറിഞ്ഞു. പരീക്ഷ തൊട്ടടുത്ത് നില്‍ക്കെ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അധ്യാപകര്‍ കൂട്ടത്തോടെ സ്ഥലംമാറിയ സ്കൂളുകളുമുണ്ട്. സ്ഥലംമാറ്റത്തിലെ ആശയക്കുഴപ്പവും നിയമ നടപടികളും കുട്ടികളെയാണ് ഏറ്റവും പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. 21-9-15ലെ ഉത്തരവ് പ്രകാരം മാതൃ ജില്ലയില്‍ എത്തിയവരെ തിരിച്ചയക്കരുതെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക് ഒരു വിഭാഗം അധ്യാപകര്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജനുവരി 19ന് ഇറങ്ങിയ ലിസ്റ്റ് പ്രകാരം 8000ഓളം അധ്യാപകര്‍ക്ക് സ്ഥലംമാറ്റമുണ്ട്. മാതൃ ജില്ലയില്‍ എത്തിയവരുടെ മാനസിക സംഘര്‍ഷം പരിഹരിക്കും വിധം ജനുവരി 31നകം സ്ഥലം മാറ്റ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.