ലാവലിനെതിരേ നടപടി: സർക്കാർ അനുമതി വാങ്ങണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: എസ്.എൻ.സി ലാവലിൻ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി വാങ്ങണമെന്ന് ഹൈകോടതിയുടെ നിർദേശം. കരിമ്പട്ടികയിൽ പെടുത്തുന്ന വിഷയത്തിൽ സർക്കാർ നൽകിയ നോട്ടീസിന് മറുപടി നൽകാൻ കമ്പനിക്ക് നാലാഴ്ച കൂടി സമയം അനുവദിക്കണം. ആവശ്യപ്പെടുന്ന രേഖകൾ കമ്പനിക്ക് സർക്കാർ കൈമാറണമെന്നും ഹൈകോടതി ഉത്തരവിട്ടു.
കരിമ്പട്ടികയിൽ പെടുത്താനുള്ള കേരള സർക്കാർ നീക്കത്തിനെതിരെ എസ്.എൻ.സി ലാവലിൻ കമ്പനി സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതിയുടെ നടപടി. വ്യാഴാഴ്ച വൈകുന്നേരമാണ് കമ്പനി അഭിഭാഷകൻ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചത്. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ലാവലിൻ ഇടപാടിൽ പ്രതിസ്ഥാനത്ത് നിൽകുന്ന കനേഡിയൻ കമ്പനി ആദ്യമായാണ് കേരളത്തിൽ നിയമ നടപടികളിലേക്ക് കടക്കുന്നത്.
ലാവലിൻ കേസിൽ സി.പി.എം പി.ബി അംഗം പിണറായി വിജയനെയും മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടിക്കെതിരായ സർക്കാർ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജിയുമായി ബന്ധപ്പെട്ട് ലാവലിൻ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ആവശ്യം വി.എസ് അച്യുതാനന്ദന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷാജഹാൻ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്.
2014 മാർച്ച്, സെപ്റ്റംബർ മാസങ്ങളിലും 2015 ജനുവരിയിലും ലാവലിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലാവലിൻ കമ്പനി കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.