എ.സി. ജോസ് അന്തരിച്ചു
text_fieldsകൊച്ചി: മുന്‍ നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.സി ജോസ് (78) കൊച്ചിയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വെളുപ്പിന് രണ്ടു മണിയോടെയായിരുന്നു അന്ത്യം. കോണ്‍ഗ്രസ് വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ കേരള രാഷ്ട്രീയത്തിന്‍റെ നേതൃനിരയിലെത്തിയ എ.സി ജോസ് കേരള വിദ്യാർഥി യൂണിയന്‍റെ രണ്ടാമത്തെ സംസ്ഥാന പ്രസിഡന്‍റായിരുന്നു. എ.കെ. ആന്‍റണി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായപ്പോള്‍ സംസ്ഥാന ട്രഷററായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്‍റെ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായിരുന്നു. അറുപതോളം സംഘടനകളുടെ പ്രസിഡന്‍റുമായി. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും എ.ഐ.സി.സി അംഗവുമായിരുന്നു.
2004ല്‍ തെന്നല ബാലകൃഷ്ണപിള്ള കെ.പി.സി.സി പ്രസിഡന്‍റായപ്പോള്‍ ഏക വൈസ് പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു. 1969ല്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ കോര്‍പറേഷന്‍റെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് പറവൂര്‍ നിയോജക മണ്ഡലത്തില്‍ ത്രികോണ മത്സരത്തില്‍ വര്‍ക്കി പൈനാടനോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. 1980ല്‍ പറവൂരില്‍ കെ.പി ജോര്‍ജിനെ പരാജയപ്പെടുത്തി.
ആദ്യമായി ഇലക്‌ട്രോണിക് വോട്ടിങ് ഏര്‍പ്പെടുത്തിയ പറവൂരില്‍ ശിവന്‍പിള്ളയോട് 123 വോട്ടിന് തോറ്റെങ്കിലും തെരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് റീ പോളിങ് നടക്കുകയും മൂവായിരത്തില്‍ പരം വോട്ടിന് എ.സി ജോസ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1982ല്‍ കെ. കരുണാകരന്‍ മന്ത്രിസഭ അധികാരമേറ്റപ്പോള്‍ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തുല്യമായ സീറ്റുകള്‍ ഉണ്ടായിരുന്ന അവസരത്തില്‍ കാസ്റ്റിങ് വോട്ട് രേഖപ്പെടുത്തി ചരിത്രത്തില്‍ ഇടംനേടി.
1996ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിനെ പരാജയപ്പെടുത്തി ലോക്‌സഭാംഗമായി. പിന്നീട് മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തില്‍ പി. ഗോവിന്ദപ്പിള്ളയുമായി ഏറ്റുമുട്ടി വിജയം നേടി. മൂന്നാംവട്ടം തൃശൂര്‍ മണ്ഡലത്തില്‍ വി.വി രാഘവനെ തോല്‍പിച്ച് ലോക്‌സഭാംഗമായി.
2005 മുതല്‍ മൂന്നു വര്‍ഷക്കാലം കയര്‍ബോര്‍ഡിന്‍റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു. നിലവില്‍ വീക്ഷണം പ്രിന്‍റിങ് ആന്‍റ് പബ്ലിഷിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
എറണാകുളത്ത് അമ്പാട്ട് ചാക്കോയുടെ മകനായി 05.02.1937 ജനിച്ച എ.സി ജോസ് നിയമപഠനത്തിനുശേഷം കേരളാ ഹൈകോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കവേയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. എ.കെ ആന്‍റണി, വയലാര്‍ രവി തുടങ്ങിയ നേതാക്കന്‍മാരോടൊപ്പം രാഷ്ട്രീയത്തില്‍ സജീവമായി.
മഹാരാജാസ് കോളജില്‍ നിന്നും വിരമിച്ച പ്രൊഫ. ലീലാമ്മ ജോസ് ആണ് ഭാര്യ. സുനില്‍ ജേക്കബ് ജോസ്, സിന്ധ്യ പാറയില്‍, സ്വീന്‍ ജോസ് അമ്പാട്ട്, സലില്‍ ജോസ് എന്നിവരാണ് മക്കള്‍.
അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എ.സി ജോര്‍ജ് മൂത്ത സഹോദരനാണ്. പരേതരായ എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ ഏജന്‍സി ഡയറക്ടര്‍ ജോണ്‍ സി. അമ്പാട്ട്, കമഡോര്‍ എ.സി അവറാച്ചന്‍ എന്നിവര്‍ സഹോദരന്മാരാണ്. പരേതരായ ഏലിക്കുട്ടി, ആനി റോബര്‍ട്ട്, ഓമന എന്നിവരും ത്രേസ്യാമ്മ, സിസിലി എന്നിവരും സഹോദരിമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.