നേതാജിയുടെ തിരോധാനം: രഹസ്യരേഖകള്‍ പുറത്തുവിട്ടു
text_fieldsന്യൂഡൽഹി: നേതാജി സുഭാഷ്ചന്ദ്ര ബോസുമായി ബന്ധപ്പെട്ട 100 ഫയലുകൾ കൂടി കേന്ദ്ര സർക്കാർ പുറത്തുവിട്ടു. സുഭാഷ്ചന്ദ്ര ബോസിെൻറ 119ാം പിറന്നാൾദിനത്തിൽ അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ നാഷനൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നടന്ന ചടങ്ങിൽ ഡിജിറ്റൽ രൂപത്തിലാക്കിയ ഫയലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദർശിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ മഹേഷ് ശർമ, ബാബുൽ സുപ്രിയ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നാഷനൽ ആർക്കൈവ്സിൽ 35 മിനിറ്റോളം ചെലവിട്ട പ്രധാനമന്ത്രി പുറത്തുവിട്ട രേഖകൾ മറ്റുള്ളവർക്കൊപ്പം കണ്ടു. തുടർന്നുള്ള മാസങ്ങളിൽ ബോസുമായി ബന്ധപ്പെട്ട 25 രേഖകൾ വീതം പുറത്തുവിടാനാണ് നാഷനൽ ആർക്കൈവ്സ് ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ബോസിെൻറ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ, അദ്ദേഹത്തിെൻറ തിരോധാനത്തിലെ ദുരൂഹതമാറ്റാൻ സർക്കാറിെൻറ കൈവശമുള്ള രേഖകൾ പുറത്തുവിടാമെന്ന് പ്രധാനമന്ത്രി വാഗ്ദാനംനൽകിയിരുന്നു. ഇതേതുടർന്ന് ഡിസംബർ നാലിന് 33 രേഖകൾ പ്രധാനമന്ത്രിയുടെ ഓഫിസ് പരസ്യമാക്കി നാഷനൽ ആർക്കൈവ്സിന് കൈമാറിയിരുന്നു.
70 വർഷം മുമ്പ് കാണാതായ സുഭാഷ്ചന്ദ്ര ബോസിനെക്കുറിച്ചുള്ള ദുരൂഹത മാറാത്ത സാഹചര്യത്തിലാണ് രേഖകൾ പുറത്തുവിടുന്നത്. അദ്ദേഹത്തിെൻറ തിരോധാനം അന്വേഷിച്ച രണ്ട് കമീഷനുകൾ 1945 ആഗസ്റ്റ് 18ന് തായ്പേയിയിലുണ്ടായ വിമാനാപകടത്തിൽ ബോസ് മരിച്ചെന്ന നിഗമനത്തിലെത്തിയിരുന്നു. എന്നാൽ സർക്കാർ മൂന്നാമത് നിയോഗിച്ച ജസ്റ്റിസ് എ.കെ. മുഖർജി കമീഷൻ ഈ നിഗമനം തള്ളി. അതിനുശേഷവും ബോസ് ജീവിച്ചിരുന്നെന്ന നിഗമനത്തിലാണ് മുഖർജി കമീഷൻ എത്തിയത്.
പ്രധാനമന്ത്രിയുടെ നടപടിയെ നിറഞ്ഞ ഹൃദയത്തോടെ സ്വാഗതംചെയ്യുകയാണെന്ന് ബോസിെൻറ സഹോദരപൗത്രൻ ചന്ദ്രകുമാർ ബോസ് പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് ബോസുമായി ബദ്ധപ്പെട്ട രേഖകൾ നശിപ്പിച്ചതിന് തെളിവുണ്ടെന്നും ഈ സാഹചര്യത്തിൽ റഷ്യ, ജർമനി, യു.കെ, യു.എസ്.എ എന്നീ രാജ്യങ്ങളുടെ പക്കലുള്ള അദ്ദേഹത്തെ സംബന്ധിച്ച രേഖകൾകൂടി ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച പുറത്തുവിട്ട രേഖകളിൽ വിമാനാപകടം തീർച്ചയാക്കുന്ന തെളിവുകളില്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ലാൽ ബഹാദൂർ ശാസ്ത്രി സുരേഷ് ബോസിനെഴുതിയ കത്തിലും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ പാർലമെൻറ് സെൻട്രൽ ഹാളിൽ നടന്ന നേതാജി അനുസ്മരണത്തിൽ നിരവധിനേതാക്കൾ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബോസിെൻറ കുടുംബാംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.