അഭിനയകല്‍പന മാഞ്ഞു
text_fieldsഹൈദരാബാദ്: ചലച്ചിത്ര നടി കൽപന (50) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ ഹോട്ടല്‍ മുറിയിലായിരുന്നു അന്ത്യം. തെലുങ്കു ചിത്രത്തില്‍ അഭിനയിക്കാനാണ് ഹൈദരാബാദിൽ എത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച ഷൂട്ടിങ് പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത മരണം. പ്ളസ് വണ്‍ വിദ്യാര്‍ഥിനി ശ്രീമയി ഏകമകളാണ്.
സംസ്കാരം ചൊവ്വാഴ്ച തൃപ്പൂണിത്തുറയില്‍ നടക്കും. സിനിമാസംഘടന ‘അമ്മ’യുടെ നേതൃത്വത്തില്‍ മൃതദേഹം ഹൈദരാബാദില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉച്ചക്ക് 12.30ന് എത്തിക്കും. അവിടെനിന്ന് ഒന്നരക്ക് തൃപ്പൂണിത്തുറ ലായം കൂത്തമ്പലം ഹാളിലും തുടര്‍ന്ന് പുതിയകാവ് ജങ്ഷനിലെ അബാദ് ഫ്ളാറ്റിലും പൊതുദര്‍ശനത്തിനുവെച്ച് വൈകീട്ട് അഞ്ചിനുശേഷം തൃപ്പൂണിത്തുറ മുനിസിപ്പല്‍ ശ്മശാനത്തില്‍ സംസ്കരിക്കും.
ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ചാർലിയാണ് കൽപന അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. പോക്കുവെയിൽ, പഞ്ചവടിപ്പാലം, സ്പിരിറ്റ്, കേരള കഫെ, ഇഷ്ടം, ചിന്നവീട്, സതി ലീലാവതി എന്നിവയടക്കം മുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നാടകപ്രവർത്തകരായ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകളായി 1965 ഒക്ടോബർ അഞ്ചിനാണ് ജനനം. ബാലതാരമായാണ് സിനിമയിൽ എത്തിയത്. 1983ൽ പുറത്തിറങ്ങിയ 'മഞ്ഞ്' ആണ് ആദ്യ ചിത്രം. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. 'തനിച്ചല്ല ഞാൻ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും കൽപന മികച്ചതാക്കി മാറ്റി. ഹാസ്യവും സീരിയസ് കഥാപാത്രങ്ങളും ഒരുപോലെ അഭിനയിച്ച് ഫലിപ്പിച്ചു.
അരവിന്ദൻെറ പോക്കുവെയിലിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'ചിന്നവീട്' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി. തുടർന്ന് 'സതി ലീലാവതി' ഉൾപ്പെടെയുള്ള സിനിമകളിൽ സാന്നിദ്ധ്യമറിയിച്ചു. കന്നഡയിലും തെലുങ്കിലും അഭിനയിച്ചു.
നടിമാരായ കലാരഞ്ജിനിയും ഊർവശിയും സഹോദരിമാരാണ്. അന്തരിച്ച കമൽ റോയ്, പ്രിൻസ് എന്നിവരാണ് സഹോദരൻമാർ. ഇവരും ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ അനിലുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷം മകൾ ശ്രീമയിയോടൊപ്പം കഴിയുകയായിരുന്നു. 'ഞാൻ കൽപന' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.