നിയമക്കുരുക്കില്‍ രാഷ്ട്രീയ കേരളം; മുഖമുയര്‍ത്താനാവാതെ കക്ഷികള്‍
text_fieldsതിരുവനന്തപുരം: നിയമക്കുരുക്കുകളുടെ അപൂര്‍വതയില്‍ രാഷ്ട്രീയ കേരളം. അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനും അക്കൗണ്ട് തുറക്കാനും ഇറങ്ങിയിരിക്കുന്നവരെല്ലാം വിവിധ വിഷയങ്ങളില്‍ കുടുങ്ങിയതോടെ മുഖമുയര്‍ത്താനാവാത്ത അവസ്ഥയിലായി കക്ഷി നേതൃത്വങ്ങള്‍. തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങളിലേക്കിറങ്ങാന്‍ നേതാക്കളെല്ലാം യാത്രയിലായിരിക്കെയാണ് ഈ അസാധാരണ സ്ഥിതിവിശേഷം.
പ്രധാന കക്ഷികളെല്ലാം ഒരുപോലെ കോടതികളുടെയും കമീഷനുകളുടെയും മുന്നില്‍ ആരോപണങ്ങളില്‍പെടുന്ന അവസ്ഥ സംസ്ഥാന രാഷ്ട്രീയത്തില്‍ മുമ്പെങ്ങും ഉണ്ടാവാത്തതുമാണ്. പ്രതിപക്ഷമല്ല, ചില വ്യക്തികളാണ് വിഷയങ്ങളെല്ലാം പുറത്തുകൊണ്ടുവന്നത് എന്ന പ്രത്യേകതയുമുണ്ട്. രണ്ടു മന്ത്രിമാരാണ് കോഴ ആരോപണത്തില്‍, അതും കോടതി ഇടപെടലില്‍ രാജിവെച്ചത്. പുറമെ, മുഖ്യമന്ത്രിക്കുതന്നെ മറ്റൊരഴിമതിക്കേസില്‍ ജുഡീഷ്യല്‍ കമീഷനുമുന്നില്‍ ഹാജരാകേണ്ടിയും വന്നിരിക്കുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ചയാണ് ജസ്റ്റിസ് ശിവരാജന്‍ കമീഷനുമുന്നില്‍ തെളിവുനല്‍കുക. മന്ത്രിസഭയിലെ തന്‍െറ ഏറ്റവും വിശ്വസ്തനായിരുന്ന കെ. ബാബു ബാര്‍ കോഴയില്‍ കോടതി പരാമര്‍ശത്തത്തെുടര്‍ന്ന് രാജിവെച്ചതിന്‍െറ അടുത്ത ദിവസമാണ് ഉമ്മന്‍ ചാണ്ടി സോളാര്‍ കമീഷനു മുന്നിലത്തെുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് വിസ്തരിക്കണമെന്ന കേസിലെ മുഖ്യപ്രതിയുടെ ആവശ്യം തള്ളിയെങ്കിലും അഭിഭാഷകന്‍ മുഖേനയുള്ള വിസ്താരത്തിന് അനുവാദമുണ്ട്. എന്തെങ്കിലും അസുഖകരമായ ചോദ്യം മുഖ്യമന്ത്രിയോടുണ്ടായാല്‍ അത് അദ്ദേഹത്തിന് രാഷ്ട്രീയമായും വ്യക്തിപരമായും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയായിരിക്കില്ല.
ബാര്‍ കോഴയില്‍ കെ.എം. മാണിക്ക് രാജിവെക്കേണ്ടിവന്നതും ഹൈകോടതി പരാമര്‍ശത്തിലാണ്. ഇതോടെ കോണ്‍ഗ്രസും മാണിഗ്രൂപ്പും തമ്മിലെ ബന്ധം വഷളാവുകയും അത് മാണിക്കും ബാബുവിനും ഇരട്ടനീതി എന്ന ആക്ഷേപത്തിലത്തെുകയും ചെയ്തു. അതിനാല്‍ ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിച്ചാലും അത് എളുപ്പമായിരുന്നില്ല. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ‘ഗുരുതര സ്ഥിതി വിശേഷം’ എന്ന് കൂടി പറഞ്ഞതോടെ രാജി മാത്രമായി മുന്നില്‍. ഇതിലുള്ള പ്രതിഷേധം, രാജിവെക്കാന്‍ സുധീരനെ കാണേണ്ടതില്ളെന്ന അഭിപ്രായത്തിലൂടെ ബാബു വ്യക്തമാക്കുന്നുമുണ്ട്. മന്ത്രി ചെന്നിത്തലയോടുള്ള ‘എ’ വിഭാഗത്തിന്‍െറ അനിഷ്ടവും കൂടുതല്‍ പ്രകടമാവുകയാണ്. രാജികളും ഇന്നത്തെ തെളിവെടുപ്പും ഉമ്മന്‍ ചാണ്ടിക്കെതിരെ ‘പ്രതിച്ഛായ തകര്‍ച്ച’ ഉയര്‍ത്താന്‍ വിരുദ്ധര്‍ക്ക് അവസരമാണ്. എന്നാല്‍ വിരുദ്ധര്‍ വിരുദ്ധചേരിയിലായതിനാല്‍ ആ നീക്കം എത്രത്തോളം ഫലപ്രദമാവുമെന്നതിലും സംശയമുണ്ട്.
എന്തുകൊണ്ടും അനുകൂലാവസ്ഥ എന്ന് സി.പി.എം കരുതിയിരിക്കുമ്പോഴാണ് പിണറായി വിജയനെതിരെ ഉമ്മന്‍ ചാണ്ടി ‘ലാവലിന്‍’ വീണ്ടും പുറത്തിട്ടത്. സര്‍ക്കാറിന് നഷ്ടം വന്നതിനാല്‍ കേസ് പ്രസക്തമാണെന്ന് ഹൈകോടതിയും വ്യക്തമാക്കി. അതിനുപുറമെയാണ് കൊലപാതകക്കേസില്‍ പി. ജയരാജനെ പ്രതിചേര്‍ത്തതും. യു.ഡി.എഫിനെതിരായ നീക്കങ്ങള്‍ക്കെല്ലാം കോടതിയെ കൂട്ടുപിടിക്കുന്ന സി.പി.എമ്മിന് ഇവയില്‍ മാത്രം കോടതി ബാധകമല്ളെന്ന് പറയാനും കഴിയില്ല.
ബി.ജെ.പിയെ ബുദ്ധിമുട്ടിക്കുന്നത് പുതിയ കൂട്ടാളിയായ വെള്ളാപ്പള്ളിക്കെതിരായ കേസാണ്. ഇതിനൊപ്പം ഹൈദരാബാദില്‍ ദലിത് വിദ്യാര്‍ഥി രോഹിതിന്‍െറ ആത്മഹത്യയില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടിലൂടെ ബി.ജെ.പിയുടെ ദലിത് ‘സ്നേഹം’പ്രകടമായതും അവരെ കുഴക്കുന്നു. എന്നാല്‍ ഇവയൊന്നും തങ്ങള്‍ക്ക് ബാധകമല്ളെന്ന് നടിച്ച് എതിരാളികളെ കുറ്റം പറഞ്ഞും അവരുടെ ധാര്‍മികത ചോദ്യം ചെയ്തുമാണ് നേതൃയാത്രകളെന്നതാണ് കൗതുകകരം. ഓരോരുത്തരും നീതി നിഷേധിക്കപ്പെട്ടത് തങ്ങള്‍ക്കാണെന്നും അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.