തോൽപിക്കാനായില്ല ചന്ദനയെ, സീഡി പ്ലെയറിനും പരിക്കിനും...
text_fieldsതിരുവനന്തപുരം: സീഡി പ്ലെയറിനും ചന്ദനയെ തോൽപിക്കാനായില്ല. ആദ്യ അവസരം പാട്ടുയന്ത്രം ‘കുള’മാക്കിയെങ്കിലും വീണ്ടും കിട്ടിയ അവസരത്തിൽ തകർത്താടിയ ഒമ്പതാംക്ലാസുകാരിക്ക് എച്ച്.എസ് വിഭാഗം പെൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം. ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ചന്ദനയുടെ ഈഴമെത്തിയപ്പോൾ സീഡി പ്ലെയർ മൂന്നുതവണയാണ് പണിമുടക്കിയത്. ഇതോടെ സദസ്സിൽ ഇരുന്ന ചന്ദനയുടെ അമ്മ പൊട്ടിക്കരഞ്ഞു. സീഡി പ്ലെയറിന് തകരാറുണ്ടെന്നും അത് പരിഹരിച്ച് വീണ്ടും അവസരം നൽകണമെന്നും അവർ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ കേട്ടഭാവം നടിച്ചില്ല. ഇതിനെതിരെ ചില പരിശീലകരും രംഗത്തെത്തിയതോടെ പരാതി എഴുതിത്തന്നാൽ അന്വേഷിക്കാമെന്ന നിലപാടിലായി അധികൃതർ.
തുടർന്ന് അടുത്ത മത്സരാർഥിയെ സ്റ്റേജിലേക്ക് വിളിച്ചു. തൃശൂർ ലൂർദ് മാതാ ഇ.എം.എച്ച്.എസ്.എസിലെ വിന്നുമോഹനായിരുന്നു ഈഴം. വിന്നുമോഹെൻറ പരിപാടിക്കിടയിലും പാട്ട് നിന്നതോടെ സദസ്യരടക്കം പ്രതിഷേധവുമായി എത്തി. ഇതോടെ സംഘാടകർ സീഡിയും പ്ലെയറും പരിശോധിച്ച് പ്രശ്നം പ്ലെയറിനാണെന്ന് കണ്ടെത്തിയതോടെയാണ് ഇരുവർക്കും വീണ്ടും അവസരം ലഭിച്ചത്.
തുടർന്ന് പ്രകടനം ആവർത്തിക്കുന്നതിനിടെ പരിക്കേറ്റെങ്കിലും അത് വകവെക്കാതെ ചന്ദന നൃത്തമാടുകയായിരുന്നു. മത്സരശേഷം വേദിയിൽനിന്ന് നേരെ ആശുപത്രിയിലേക്ക് പോയ ചന്ദന കൈയിൽ പ്ലാസ്റ്ററിട്ട് മടങ്ങിയെത്തിയപ്പോൾ ഇരട്ടി മധുരവുമായി ഫലമെത്തിയിരുന്നു. സിനിമാ താരം മഞ്ജു വാര്യർ സ്പോൺസർ ചെയ്യുന്ന കുട്ടികളിൽ ഒരാളാണ് ചന്ദന. 17 അപ്പീൽ ഉൾപ്പെടെ 31 പേരാണ് ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ മത്സരിച്ചത്. എല്ലാവർക്കും എ ഗ്രേഡ് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.