സർക്കാറിൻെറ ഊർജനയം സരിതക്ക് വേണ്ടി തയ്യാറാക്കപ്പെട്ടത്- കോടിയേരി
text_fieldsതിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാറിൻെറ ഊർജനയം സോളാർ കേസ് പ്രതി സരിത എസ്. നായർക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2012-13 വർഷങ്ങളിലെ ബജറ്റ് പ്രസംഗത്തിൽ സോളാർ പ്ലാൻറ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 വീടുകളുടെ മേൽക്കൂരയിൽ ഒരു കിലോവാട്ടും അതിലധികവും ശേഷിയുള്ള സൗരവൈദ്യുത നിലയങ്ങൾ സ്ഥാപിക്കാനും ആ വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകാനുമായിരുന്നു പദ്ധതി. ഇത് സോളാർ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ഇതിനു വേണ്ടി സർക്കാർ സോളാർ എനർജി പോളിസി പ്രഖ്യാപിച്ചു. സരിത തയ്യാറാക്കി കൊടുത്ത പോളിസിയാണിതെന്ന് അവർ സമ്മതിച്ചിട്ടുണ്ട്. അന്ന് പ്രതിപക്ഷം ഇത് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല. നുണപരിശോധനക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണ്. സർക്കാറിന് പണം നഷ്ടപ്പെട്ടിട്ടില്ല എന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതക്ക് നിരക്കാത്തതാണ്. ടുജി സ്പെക്ട്രം അഴിമതിക്കേസിൽ മൻമോഹൻ സിങ് ഉയർത്തിയ വാദമാണ് മുഖ്യമന്ത്രിയുടേതെന്നും കോടിയേരി വ്യക്തമാക്കി.
ക്രിമിനലിനെ എങ്ങനെ വിശ്വസിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രി പിതൃതുല്യനാണ് എന്ന് സരിത പറഞ്ഞപ്പോൾ കോൺഗ്രസുകാർ അന്നത് വിശ്വസിക്കാൻ തയ്യാറായിരുന്നു. കൈക്കൂലി വാങ്ങിയ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് രാജിവെക്കണം. എന്നാൽ അദ്ദേഹത്തെ പുറത്താക്കേണ്ട മുഖ്യമന്ത്രി തന്നെ പ്രതി സ്ഥാനത്ത് വരുന്നതിനാൽ സർക്കാറിനെ പുറത്താക്കാൻ ഗവർണർ ഇടപെടണം. ഉമ്മൻചാണ്ടിക്ക് ഭയമില്ലെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി എന്തിന് ഇതിലിടപെടണം. എല്ലാം മുഖ്യൻെറ അറിവോടെയാണ്. സാക്ഷിയെ സ്വാധിനിക്കാൻ ശ്രമിച്ച തമ്പാനൂർ രവിക്കെതിരെ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി കൈക്കൂലി വാങ്ങിയെന്ന കാര്യം ചരിത്രത്തിലാദ്യമാണ്. കേരളീയർക്ക് അപമാനമാണ് അദ്ദേഹം ഉണ്ടാക്കി വെച്ചിരിക്കുന്ത്. സർക്കാറിനെതിരെ എൽ.ഡി.എഫ് ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.