ഹലോ മിസ്റ്റര്‍ മുഖ്യമന്ത്രി, ഞാന്‍ ഇരകള്‍ക്കൊപ്പമാണ്
text_fieldsതിരുവനന്തപുരം: ‘ഹലോ... മിസ്റ്റര്‍ മുഖ്യമന്ത്രിയല്ളേ? ങാ, ഇത് വി.എസ് ആണ്. ഞാനിപ്പോ നമ്മുടെ സെക്രട്ടേറിയറ്റിന് മുന്നിലിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പമാണ്. അപ്പോ പിന്നെങ്ങനയാ, നമുക്ക് ഇതൊക്കെ ഒന്ന് തീര്‍ക്കണ്ടേ. ഇവരെ ഇങ്ങനെ പട്ടിണിക്കിട്ട് നരകിപ്പിക്കാനോ നിങ്ങളുടെ തീരുമാനം. സമരപ്രതിനിധികളുമായി ഒരു ചര്‍ച്ചയൊക്കെ വേണ്ടേ; ന്യായമായ പരിഹാരവും. ഏതായാലും ഒരു നടപടി ഉണ്ടാകുന്നതുവരെ ഞാനും ഈ സമരപ്പന്തലില്‍ ഉണ്ടാകും.’ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ മുന്നിലിരുന്ന് തന്‍െറ നിലപാട് ഫോണിലൂടെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് വ്യക്തമാക്കുകയായിരുന്നു. ഉടന്‍ തന്നെ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ മറുപടി വന്നതും വി.എസ് ഫോണ്‍ കട്ട് ചെയ്തു.
റിപ്പബ്ളിക് ദിനത്തില്‍ വി.എസാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ മൂന്നുദിവസമായിട്ടും ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാകാത്തതുകൊണ്ടാണ് അദ്ദേഹം വീണ്ടും എത്തിയത്. അപ്രതീക്ഷിതമായി കടന്നുവന്ന വി.എസിനെ കണ്ടതോടെ അമ്മമാര്‍ ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് വരവേറ്റു.
അഞ്ചുമിനിറ്റിനുശേഷം മുഖ്യമന്ത്രിയുടെ ഫോണ്‍വിളി എത്തി. താന്‍ കോഴിക്കോട്ടാണെന്നും പകരം തിരുവനന്തപുരത്തുള്ള മന്ത്രിമാരായ മുനീര്‍, കെ.പി. മോഹനന്‍ എന്നിവരുമായി പ്രാഥമിക ചര്‍ച്ച നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തത്തെിയ ശേഷം സമര നേതാക്കളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്നും അതുവരെ വി.എസ് സമരത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചു. ഇതോടെ അഭിവാദ്യം അര്‍പ്പിച്ച് വി.എസ് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.