സോളാർ സമരച്ചൂടിൽ കേരളം
text_fieldsതിരുവനനന്തപുരം: അഴിമതി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. ജില്ലാ ആസ്ഥാനങ്ങളിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി. കല്ലേറിലും ലാത്തിച്ചാർജിലും നിരവധി പൊലീസുകാർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പൊലീസ് വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്താൻ തിരിഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സെക്രട്ടേറിയറ്റിന് മുൻപിൽ യുദ്ധ സമാനമായ സാഹചര്യമാണുള്ളത്.
കോഴിക്കോട് കലക്ടറേറ്റിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കലക്ടറേറ്റ് കവാടത്തിൽ പൊലീസ് മാർച്ച് തടഞ്ഞു. എന്നാൽ, പൊലീസ് പ്രതിരോധം മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചു. ഇത് തടയാൻ പൊലീസ് നടത്തിയ ശ്രമമാണ് ഉന്തിലും തള്ളിലും കലാശിച്ചത്. പൊലീസിന് നേരെ ശക്തമായ കല്ലേറുണ്ടായി. തുടർന്ന് സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിക്കുകയും ചെയ്തു.
സംഘർഷത്തിൽ പൊലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. കലക്ടറേറ്റിന് മുൻപിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ തെരുവുയുദ്ധം തന്നെയാണ് നടന്നത്. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് അടക്കമുള്ളവർക്ക് പരിക്കുണ്ട്.
തൃശൂർ കലക്ടറേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് തീർത്ത ബാരിക്കേഡ് മറിച്ചിടാനും മറികടക്കാനും പ്രതിഷേധക്കാർ നടത്തിയ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.
ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐ മാർച്ചിനിടെ കല്ലേറുണ്ടായി. അക്രമാസക്തരായ പ്രവർത്തർ പൊലീസിന് നേരെ കല്ലെറിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.