പാവങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഒരു സര്‍ക്കാര്‍ ഡോക്ടര്‍
text_fieldsപാലക്കാട്: മരണത്തെ മുഖാമുഖം കാണുന്ന നൂറുകണക്കിന് രോഗികളുടെ ഹൃദയതാളം വീണ്ടെടുക്കാന്‍ സദാകര്‍മനിരതനാണ് ഡോ. എം.എ. സിയാര്‍.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ സേവനം ചെയ്യുന്ന, ഈ ഹൃദ്രോഗ വിദഗ്ധനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ നിരവധിയാണ്. പണക്കൊഴുപ്പിന്‍െറ പ്രലോഭനത്തിന് വഴങ്ങാതെ ഡോ. സിയാര്‍ നേടിയെടുത്തത് അതിരുകള്‍ ഭേദിച്ച സ്നേഹസ്പര്‍ശം. രാജ്യത്താദ്യമായി ഒരു ജില്ലാ ആശുപത്രിയില്‍ അത്യാധുനിക കാത്ലാബ് സംവിധാനം സ്ഥാപിക്കുകയെന്ന വെല്ലുവിളി ജി ല്ലാ പഞ്ചായത്ത് ഏറ്റെടുത്തത് ഡോ. സിയാറിന്‍െറ വാക്കില്‍ വിശ്വാസമര്‍പ്പിച്ചാണ്. അത് തെറ്റിയില്ളെന്ന് ഒന്നരവര്‍ഷത്തെ അദ്ദേഹത്തിന്‍െറ ചികിത്സാനേട്ടങ്ങള്‍ അടിവരയിടുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡോ. സിയാറും സംഘവും ആന്‍ജിയോപ്ളാസ്റ്റി, പേസ്മേക്കര്‍ ഘടിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ ചികിത്സയിലൂടെ സുഖപ്പെടുത്തിയത് മൂവായിരത്തിലധികം ഹൃദ്രോഗികളെ. ഇതിനുപുറമെ ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയിലെ പെരുമ കേട്ടറിഞ്ഞ് ഒ.പിയില്‍ ചികിത്സ തേടിയത്തെിയത് ആയിരക്കണക്കിന് രോഗികള്‍. കൊല്ലം കരുനാഗപള്ളി മഞ്ഞാടിയില്‍ ക്ളാപ്പന അബ്ദുറഹീമിന്‍േറയും ഹുസൈബത്തിന്‍േറയും മകനായ ഡോ. സിയാര്‍ 1997ലാണ് ഫിസിഷ്യനായി ജില്ലാ ആശുപത്രിയിലത്തെിയത്. 2014 ഡിസംബറിലാണ് ജില്ലാ ആശുപത്രിയില്‍ കാത്ലാബ് സംവിധാനം സ്ഥാപിച്ചത്.
ഇതിനുശേഷം സഹപ്രവര്‍ത്തകന്‍ ഡോ. ആര്‍. രഞ്ജിത്തുമായി ചേര്‍ന്ന് ഹൃദയചികിത്സാരംഗത്ത് ഉണ്ടാക്കിയത് അപൂര്‍വ നേട്ടങ്ങളാണ്.
1800ഓളം ആന്‍ജിയോപ്ളാസ്റ്റികളും നൂറില്‍ കൂടുതല്‍ പേസ്മേക്കര്‍ ചികിത്സയുമാണ് ഇക്കാലയളവില്‍ നടത്തിയത്. സി.ആര്‍.ടി ഉള്‍പ്പെടെ ലോകത്ത് ലഭ്യമായ പല മാതൃകയിലുള്ള എല്ലാത്തരം പേസ്മേക്കറുകളും ഇവര്‍ രോഗികള്‍ക്ക് ഘടിപ്പിച്ചിട്ടുണ്ട്. കൊല്ലം വരെയുള്ള തെക്കന്‍ ജില്ലകളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും ജില്ലാ ആശുപത്രിയില്‍ ദിവസവും നൂറുകണക്കിന് രോഗികളത്തെുന്നു. ലക്ഷങ്ങള്‍ ചെലവുള്ള ചികിത്സ ആര്‍.എസ്.ബി.വൈ, കാരുണ്യലോട്ടറി പദ്ധതികള്‍ വഴി സൗജന്യനിരക്കിലാണ് പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുന്നത്.
ഇതിനകം സിയാറും സംഘവും ആയിരക്കണക്കിന് ഹൃദ്രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുനടത്തി. രോഗം ഭേദമാകുന്നവരുടെ സന്തോഷവും സ്നേഹവായ്പുമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് 49 കാരനായ ഡോ. സിയാര്‍ പറയുന്നു. പാലക്കാട് നഗരത്തിലെ കുന്നത്തൂര്‍മേടില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്‍െറ ഭാര്യ ബിനു കല്ളേക്കാട് എ.ആര്‍ ക്യാമ്പിലെ ആരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസറാണ്. മക്കള്‍: തസ്നി, വസീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.