Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസലാലയിലെ തണൽ കാലം

സലാലയിലെ തണൽ കാലം

text_fields
bookmark_border
സലാലയിലെ തണൽ കാലം
cancel
camera_alt??????? ???????? ?????????? ???????

ബാല്യത്തിന്‍െറ തളിരോര്‍മകളില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന ഫ്രെയിമുണ്ട്. വയലിന്‍െറ പച്ചകള്‍ക്കുമീതെ സ്വപ്നദൃശ്യംപോലെ തിമിര്‍ത്തുപെയ്യുന്ന മഴ, കുളിരിന്‍െറ പുണരല്‍, കടല മിഠായിയുടെ സ്വാദില്‍ വല്യുപ്പയുടെ വിരല്‍തുമ്പില്‍ തൂങ്ങിയ ബാല്യം, കുത്തിയൊലിച്ച മഴവെള്ളത്തില്‍ കടലാസു തോണിയിലൊഴുക്കിവിട്ട കൊച്ചു കിനാവുകള്‍. അതിനിടയില്‍ കടന്നുപോയ നോമ്പുകാലം.  പൊടുന്നനെ കടലിനക്കരെ മറ്റൊരു ഭൂമികയിലേക്ക് ബാല്യം പറിച്ചുനട്ടപ്പോള്‍ പരിഭ്രമിക്കാതിരുന്നില്ല. എങ്കിലും, അന്നും ഇന്നും സലാല എനിക്ക് പോറ്റമ്മതന്നെ. അങ്ങകലെ അറബ്നാട്ടില്‍ മലയാളക്കരക്കൊരു മാനസപുത്രി. അതാണ് ഞങ്ങളുടെ സലാല. ഗള്‍ഫിലെ കേരളം. സലാലയുടെ ചില വേരുകളെങ്കിലും മലയാളക്കരയിലേക്ക് നീങ്ങുന്നുണ്ട്.

ചക്രവാളങ്ങളില്‍ അകലെ റമദാന്‍െറ അരുണിമ ചുവന്നു പൂക്കുമ്പോള്‍ അഭൗമമായ കുന്തിരിക്ക ഗന്ധം രാവുകളില്‍ നിറഞ്ഞുപറക്കും. ശാന്തിയുടെ മാലാഖമാര്‍ ചിറകുതാഴ്ത്തിപ്പറക്കുന്ന രാവുകളില്‍ ഖുര്‍ആന്‍െറ ധീരസുന്ദരകാവ്യം ഹൃദയംനിറഞ്ഞ് അന്തരീക്ഷത്തിലൊഴുകും. പൊതുവെ ശാന്തമാണ് സലാലയുടെ തെരുവീഥികള്‍. ജോലിയുടെ ഉച്ചസമയങ്ങളില്‍ ഇടവേളകള്‍ നല്‍കി റമദാന്‍െറ പകലുകളെ ലഘൂകരിക്കുന്നു ഇവിടത്തെ ഭരണകൂടം. അസ്തമയമാവുമ്പോഴേക്കും നഗരം സജീവമാകുകയായി. ‘ഒൗഖാഫ്’ എന്ന മതകാര്യാലയവും സമ്പന്നരും ചേര്‍ന്ന് ഒരുക്കുന്ന നോമ്പുതുറകളാല്‍ പള്ളികള്‍ ഉണരും. സലാലയിലെ ഏറ്റവും വലിയ പള്ളിയായ സുല്‍ത്താന്‍ ഖാബൂസ് മസ്ജിദില്‍ കൂറ്റന്‍ ടെന്‍റുകളാണ് നോമ്പുതുറക്കും ശേഷമുള്ള പ്രാര്‍ഥനകള്‍ക്കുമായി കെട്ടിയുണ്ടാക്കുക. അതില്‍ പാകിസ്താനിയും ബംഗാളിയും മലയാളിയും ഒമാനിയുമെല്ലാം ഒരുമിച്ച് ഒരു പാത്രത്തില്‍നിന്ന് നോമ്പുതുറക്കുന്നു. എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം വിശപ്പിന് ഒരേ ഭാഷയും രുചിയുമാണെന്ന തിരിച്ചറിവുപ്രഖ്യാപനംകൂടിയാവുന്നു ഈ സമൂഹ നോമ്പുതുറ. സലാലയിലെ മലയാളിസംഘടനകളും പല ദിവസങ്ങളിലായി നോമ്പുതുറകള്‍ സംഘടിപ്പിക്കാറുണ്ട്.

പകലില്‍ ഒഴിഞ്ഞ വയറുമായി ജോലിക്കത്തെുന്ന മുസ്ലിം സുഹൃത്തുക്കളെ കണ്ട് അവരെപ്പോലെ നോമ്പെടുത്ത് ശീലിക്കുന്ന മറ്റു മതക്കാരായ സഹോദരങ്ങളും ഏറെയുണ്ടിവിടെ. പാലക്കാട് സ്വദേശിനിയായ എന്‍െറ സഹപ്രവര്‍ത്തക കുടുംബസമേതം നോമ്പെടുക്കുന്നവരായിരുന്നു. നോമ്പ് തുറക്കാന്‍ ഒരു ദിവസം അവരെ റൂമിലേക്ക് ക്ഷണിച്ചപ്പോള്‍ ആറും പത്തും വയസ്സുള്ള കുട്ടികള്‍ക്കുകൂടി നോമ്പുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ച് നോമ്പുതുറന്നത് മറക്കാനാവാത്ത അനുഭവമാണ്. അതേപോലെതന്നെ ഇരുപത്തേഴാം രാവിന്‍െറ പ്രാര്‍ഥനയില്‍ പങ്കെടുത്ത സഹോദര സമുദായത്തിലെ മറ്റൊരു സുഹൃത്തിനെ എനിക്കറിയാം. തറാവീഹിനും ഖിയാമുലൈ്ളലിനുമായി ജനങ്ങള്‍ രാത്രിയില്‍ പള്ളികളിലേക്കൊഴുകുന്നു. പള്ളിയില്‍ സ്ത്രീകളുടെ നമസ്കാരസ്ഥലത്ത് മേല്‍നോട്ടത്തിനും കാവലിനുമായി സ്ത്രീകള്‍തന്നെയുണ്ടാവും, മുഴുസമയവും.

വശ്യമനോഹരമായ ഈണത്തിലുള്ള ഖുര്‍ആന്‍ പാരായണം ഓരോ പള്ളിയില്‍നിന്നും ഉയര്‍ന്നുകേള്‍ക്കാം. നമസ്കാരത്തിന്‍െറയും പാരായണത്തിന്‍െറയും ഉച്ചസ്ഥായിയില്‍ ഹൃദയത്തിലെ കറപിടിച്ച മേലങ്കികള്‍ അഴിഞ്ഞുവീഴാന്‍ തുടങ്ങും. അഹംബോധത്തിന്‍െറയും സ്വാര്‍ഥതയുടെയും ക്ളാവുപിടിച്ച സ്വത്വം ഉരുകിയൊലിച്ച് കണ്ണീരായൊഴുകും. തന്‍െറയുള്ളിലെ പച്ചമനുഷ്യനെ, നിഷ്കളങ്കതയെ, നിസ്സഹായതയെ, ആത്മാവ് തൊട്ടറിയുന്ന നിമിഷം. തേങ്ങിക്കരയുന്ന ഇമാമിനൊപ്പം കണ്ണും കരളും കഴുകുന്ന വിശ്വാസികള്‍. വിശാലമായ പള്ളിമുറ്റവുംകടന്ന് റോഡുവരെ ജനങ്ങള്‍ തിങ്ങിനിറയുന്ന ഇരുപത്തിയേഴാം രാവ് പറഞ്ഞറിയിക്കാനാവാത്ത അനുഭവംതന്നെയാണ്. മണിക്കൂറുകള്‍ നീളുന്ന പ്രാര്‍ഥനകള്‍ തീരുമ്പോള്‍ ആകാശവും ഭൂമിയും കരഞ്ഞുതെളിഞ്ഞപോലെ. ഒരു തണുത്ത ശാന്തത. ലോകത്തിന്‍െറ ഏതേതു കോണുകളിലുള്ള ഹൃദയങ്ങളെയും ഒരേപോലെ ബന്ധിപ്പിച്ച് ഐക്യപ്പെടുത്തുന്ന മറ്റേതു നിമിഷമുണ്ടാവും നമ്മുടെ ജീവിതത്തില്‍? ആത്മസംസ്കരണത്തിന്‍െറ യഥാര്‍ഥ സത്ത നാം ഇവിടെ അനുഭവിച്ചറിയും. നമസ്കാരശേഷം ഹൃദയംനിറഞ്ഞു വിശ്വാസികള്‍ പരസ്പരം ആലിംഗനബദ്ധരാവുന്നു.

 മലയാളിയുടെ അന്നംതേടി പറക്കലില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഗള്‍ഫ് അനേകം സംസ്കാരങ്ങളുടെ സമന്വയവും സമഗ്രതയുമായിരുന്നു. അത് അവനെ ലോകത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവിലേക്കും അവബോധത്തിലേക്കും നയിച്ചു. വിശ്വമാനവികതയെന്ന സങ്കല്‍പം ജീവിതത്തെക്കുറിച്ച് കൂടുതല്‍ പക്വമായ കാഴ്ചപ്പാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും അവനെ പ്രേരിപ്പിക്കും. അന്നം തരുന്ന നാടിന്‍െറ സംസ്കൃതി അറിഞ്ഞും മറുവശത്ത് ജന്മനാടിന്‍െറ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ത്തും തന്‍െറ ഗൃഹാതുരതകളെ താലോലിച്ചും മലയാളിയും ജീവിച്ചുപോരുന്നു, അതിനോട് എന്നും ചേര്‍ത്തുവെക്കാനുണ്ടാവും ഇതുപോലൊരു ചില നോമ്പോര്‍മകള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
Next Story