ദുര്‍വ്യയമില്ലാത്ത റമദാന്‍
text_fieldsറമദാന്‍ ചിലരുടെ ജീവിതത്തിലെങ്കിലും ധൂര്‍ത്തിന്‍െറയും ദുര്‍വ്യയത്തിന്‍െറയും അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. സദുദ്ദേശത്തോടുകൂടി ഒരുക്കേണ്ട ഇഫ്താറുകള്‍, നോമ്പുതുറക്കുന്നതിന് വേണ്ടി ഒരുക്കുന്ന വിഭവങ്ങള്‍ എന്നിവയെല്ലാം എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് വിഭവങ്ങളുടെ കൂമ്പാരം തന്നെ ഒരുക്കി അവസാനം ഭക്ഷണം പാഴാക്കി കളയുന്ന അവസ്ഥയിലേക്ക് ചില സന്ദര്‍ഭങ്ങളിലെങ്കിലും എത്തിപ്പോകാറുണ്ട്. ആത്മാര്‍ഥമായി വ്രതമനുഷ്ഠിക്കുന്ന ഒരാളെ സംബന്ധിച്ച് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു തെറ്റാണിത്. മനുഷ്യസമൂഹത്തിന്‍െറ ചരിത്രം പരിശോധിച്ചാല്‍ നമുക്കറിയാം, ഒരു കാലത്ത് സമ്പത്തിലും സമൃദ്ധിയിലും ജീവിച്ചിരുന്ന ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥ മാറിമറിഞ്ഞ് ദാരിദ്ര്യത്തിന്‍െറയും കഷ്ടപ്പാടിന്‍െറയും അഗാധതയിലേക്ക് കൂപ്പുകുത്തിയ സംഭവങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.
സോമാലിയ എന്ന ആഫ്രിക്കന്‍ രാജ്യം ഇതിന് ചെറിയ ഒരുദാഹരണമാണ്. സോമാലിയയെക്കുറിച്ച് നമ്മുടെ മുമ്പിലുള്ള ചിത്രം പട്ടിണിയുടെതാണ്. ഈയിടെ ഒരു പണ്ഡിതന്‍െറ റേഡിയോ പ്രഭാഷണം കേള്‍ക്കാനിടയായിരുന്നു. സോമാലിയയിലെ കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞ ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ചില മതഗ്രന്ഥങ്ങളില്‍ നിന്ന് ലഭിച്ച സൂചനയാണ് അദ്ദേഹം പങ്കുവെച്ചത്. സോമാലിയയിലെ സമ്പന്നരുടെ സകാത്ത് ഇന്നത്തെ മക്കയും മദീനയും അടങ്ങിയ പ്രദേശമായ ഹിജാസിലെ ജനങ്ങള്‍ക്ക് കൊടുക്കാമോ എന്ന് ഒരാള്‍ മതപുരാഹിതനോട് ചോദിച്ചുവത്രെ. അത്രയും സമ്പന്നത കളിയാടിയിരുന്ന സാഹചര്യമായിരുന്നുവത്രെ അവിടെ. ഇന്നത്തെ അവിടുത്തെ അവസ്ഥ വെളിവാക്കുന്ന ഒരു വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. സോമാലിയയിലെ ഒരാള്‍ സൗദിയിലെ മുഫ്തിയോട് ചോദിച്ചത് ഇങ്ങനെയായിരുന്നു.
ഞങ്ങള്‍ തലേന്നത്തെ നോമ്പ് തുറക്കാതെ, അതുപോലെ അത്താഴം കഴിക്കാന്‍ ഒന്നുമില്ലാതെ നോമ്പുപിടിക്കുന്നതിന്‍െറ വിധി എന്താണ് എന്നായിരുന്നു ചോദ്യം. ഇതിലെ ദാരിദ്ര്യത്തിന്‍െറ ആഴം കണ്ട് ആ പണ്ഡിതന്‍ കണ്ണൂനീര്‍ തുടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈയൊരു അവസ്ഥ ആര്‍ക്കും മാറിമാറിവരാം. ഇതാണ് മനുഷ്യജീവിതത്തിന്‍െറ അവസ്ഥ.
ഇന്ന് സമ്പന്നനായവന്‍ നാളെ ദരിദ്രനാവുന്നു. അപ്പോള്‍, മതപരമായ കാര്യങ്ങള്‍ അനുഷ്ഠിക്കുമ്പോള്‍ അതില്‍ മിതത്വം പാലിക്കണമെന്നത് നിര്‍ബന്ധമാണ്. ഒഴുകുന്ന നദിയിലെ വെള്ളത്തില്‍ നിന്ന് വുദു എടുക്കാന്‍ പോലും കുറച്ചുവെള്ളം എടുക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട് പ്രവാചകന്‍. ഭക്ഷണമടക്കം ആവശ്യത്തിലധികം എന്ത് ഉപയോഗിച്ചാലും അത് അര്‍ഹതപ്പെട്ട മറ്റാര്‍ക്കോ നിഷേധിക്കുകയാണ് ചെയ്യുന്നത് എന്നൊരു ബോധം നമ്മില്‍ ഉണ്ടാവേണ്ടത്. ഇഫ്താറിന്‍െറ സമയത്ത് കാണുന്ന ചില പൊങ്ങച്ചങ്ങള്‍ റമദാനിനെ പരിഹാസ്യമാക്കുന്ന അവസ്ഥയിലേക്ക് മാറുന്നത് കാണാറുണ്ട്. ചെലവഴിക്കുമ്പോള്‍ മധ്യമ നിലപാട് സ്വീകരിക്കുന്നവരാണ് പരമകാരുണികന്‍െറ അടിമകള്‍ എന്ന് അല്ലാഹു തന്നെ ഉണര്‍ത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.