ഹെൽമെറ്റില്ലെങ്കിൽ പെട്രോളില്ലെന്ന ഉത്തരവ് പിൻവലിക്കില്ല
text_fieldsതിരുവനന്തപുരം: ഹെൽമെറ്റില്ലെങ്കിൽ പെട്രോളില്ലെന്ന ഉത്തരവ് തൽക്കാലം പിൻവലിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രമേ ഉത്തരവ് പുന:പരിശോധിക്കൂ. നിർദേശം നടപ്പിലാക്കുമ്പോഴുണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും. വിഷയത്തിൽ ട്രാൻസ്പോർട്ട് കമീഷണർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.
ഉത്തരവിനെ ഗതാഗതമന്ത്രി എതിർത്തുവെന്നത് തെറ്റായ വാർത്തയാണെന്ന് ട്രാൻസ്പോർട്ട് കമീഷണർ ടോമിൻ ജെ. തച്ചങ്കരി വ്യക്തമാക്കി. ഉത്തരവുമായി മുന്നോട്ടുപോകാൻ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. പൊതുവെ നിർദേശത്തോട് അനുകൂല പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കൂടുതൽ പരിഷ്ക്കാരങ്ങൾ നടപ്പിൽ വരുത്തുമെന്നും തച്ചങ്കരി അറിയിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഹെൽമെറ്റില്ലെങ്കിൽ പെട്രോൾ നൽകേണ്ടെന്ന് നിര്‍ദ്ദേശം നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗതാഗതമന്ത്രി വിശദീകരണം തേടിയത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിശദീകരണം നല്‍കി. കണ്ണൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ പോലീസ് പദ്ധതി കൊണ്ടുവന്നപ്പോള്‍ ജനങ്ങള്‍ അനുകൂലമായാണ് പ്രതികരിച്ചതെന്ന് ഗതാഗത കമീഷണര്‍ വിശദീകരണത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ഉത്തരവ് പിന്‍വലിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.