ഏകീകൃത സിവില്‍കോഡ് മതേതരത്വത്തിന് ഭീഷണി –ഇ.ടി മുഹമ്മദ് ബഷീര്‍
text_fieldsകോഴിക്കോട്: ഏകീകൃത സിവില്‍കോഡ് മതേതരത്വത്തിന് ഭീഷണിയാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഏകീകൃത സിവില്‍കോഡ് മുസ്ലിം വ്യക്തി നിയമത്തിന് എതിരാണെന്നും കോഴിക്കോട് ലീഗ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബി.ജെ.പി ആരംഭിച്ച ശ്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. കേന്ദ്ര നിയമ മന്ത്രാലയം ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ലോ കമീഷന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇതിനെതിരെ മതേതര ജനാതിപത്യ പ്രസ്ഥാനങ്ങള്‍ യോജിച്ചു ശബ്ദം ഉയര്‍ത്തേണ്ടതുണ്ട്. മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ സമാന ചിന്താഗതിക്കാരായ വ്യക്തികളോടും പ്രസ്ഥാനങ്ങളോടും ചര്‍ച്ച നടത്തുന്നതാണ്. ബി.ജെ.പിയുടെ വര്‍ഗീയ അജണ്ഡയുടെ ഭാഗമായ ഈ നീക്കത്തെ കുറിച്ച് പാര്‍ലമെന്‍റില്‍ ഉന്നയിക്കും. ബി.ജെ.പി ഒന്നിനു പിറകെ ഒന്നായി വര്‍ഗീയ അജണ്ട നിരത്തുകയാണ്.
യു.പി തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും അത് രൂക്ഷമായ നിലയില്‍ ഉയര്‍ന്നുവരും. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു കഴിഞ്ഞു. രാമ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിക്കുന്നവര്‍ക്ക് മാത്രമേ വോട്ടു ചെയ്യാവൂ എന്ന പ്രചാരണം വന്‍ തോതില്‍ നടത്തുവാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്. യു.പിയില്‍ പലയിടത്തും രക്ഷയില്ലാത്തതുകൊണ്ട് ഹിന്ദുക്കള്‍ പാലായനം ചെയ്യുകയണെന്ന പ്രചാരണവും നടക്കുന്നു. ദാദ്രി സംഭവത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കുന്നു. വിദ്യാഭ്യാസ മേഖല ഇതിനകം തന്നെ വര്‍ഗീയവല്‍ക്കരിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ മതേതര ചിന്താഗതി ഉണ്ടാക്കിയെടുക്കുന്നതില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. പുതിയ ദേശീയ വിദ്യഭ്യാസ നയത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ചര്‍ച്ചക്ക് വിധേയമാക്കിയിട്ടില്ല. വര്‍ഗീയ കാര്‍ഡ് ഉപയോഗിച്ചാല്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ പറ്റുമെന്ന ബി.ജെ.പി നേതാവ് അമിത് ഷായുടെ തിയറി രാജ്യത്തിന്‍െറ നന്മയുടെ അസ്ഥിവാരം തന്നെ തകര്‍ക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ നിര്‍വ്വാഹ സമിതി ജൂലൈ 20, 21 തിയതികളില്‍ ഡല്‍ഹിയില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.