മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുന്നു
text_fieldsതിരുവനന്തപുരം: മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം സംസ്ഥാനത്ത് പെരുകുന്നു. 2010 മുതല്‍ ഇതുവരെ 8568 കേസുകള്‍ മക്കള്‍ക്കെതിരെ മാതാപിതാക്കള്‍ നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഇതിലേറെയും. സീനിയര്‍ സിറ്റിസണ്‍സ് സര്‍വിസ് കൗണ്‍സിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.
മക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ തിരിച്ചുവാങ്ങാന്‍ കേസുകൊടുക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണുണ്ടായത്. മെയിന്‍റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്‍റ്സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരമുള്ള 21 ട്രൈബ്യൂണലുകളാണ് സംസ്ഥാനത്തുള്ളത്. 21ആര്‍.ഡി.ഒമാരുടെ ചുമതലയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.19 ട്രൈബ്യൂണലുകളില്‍നിന്ന് ലഭിച്ച കണക്കുകളനുസരിച്ച് 2010 മുതല്‍ 8568 കേസുകള്‍ മക്കള്‍ക്കെതിരെ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 1826 കേസാണുള്ളത്. അതില്‍ 1297 എണ്ണം തീര്‍പ്പാക്കി.
മറ്റിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസും ബ്രാക്കറ്റില്‍ തീര്‍പ്പാക്കിയവയും: കൊല്ലം 684 (632), തിരുവല്ല 373 (226), അടൂര്‍ 66(25), ചെങ്ങന്നൂര്‍ 414(380), ആലപ്പുഴ 802(749), കോട്ടയം 376 (251), പാലാ 268 (242), മൂവാറ്റുപുഴ 526 (390), ഫോര്‍ട്ട് കൊച്ചി 949 (862), തൃശൂര്‍ 739 (623), പാലക്കാട് 377 (226), ഒറ്റപ്പാലം 301(216), പെരിന്തല്‍മണ്ണ 159 (142), തിരൂര്‍ 105 (57), മാനന്തവാടി 393 (328), കാസര്‍കോട് 210 (147).
ഭൂരിഭാഗം കേസിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുകൂല വിധിയാണുണ്ടായത്. എന്നാല്‍, ഇത് നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനങ്ങളില്ല. അതിനുപുറമെ, ജീവനാംശത്തുക ഈടാക്കി നല്‍കാന്‍ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചും മുതിര്‍ന്ന പൗരന്മാരെ വഴിയില്‍ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും വ്യക്തമായ നിയമവ്യവസ്ഥകളുമില്ല.
ട്രൈബ്യൂണലുകളായി പ്രവര്‍ത്തിക്കുന്ന ആര്‍.ഡി.ഒമാര്‍ക്ക് ഇക്കാര്യത്തില്‍ മറ്റ് തിരക്കുകള്‍ക്കിടയില്‍ ഇതില്‍ ശ്രദ്ധപുലര്‍ത്താന്‍ കഴിയാത്തതും തിരിച്ചടിയാകുന്നു. പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിക്കണമെന്നും ഇവിടെനിന്നുള്ള പ്രതിനിധി സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം മാസത്തിലൊരിക്കല്‍ അവരുടെ വീട് സന്ദര്‍ശിക്കണമെന്നും നിര്‍ദേശമുണ്ടെങ്കിലും നടക്കാറില്ല. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സര്‍ക്കാറിന്‍െറ അടിയന്തര ശ്രദ്ധ പതിയേണ്ട മേഖലയായി മാറിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.