റമദാൻ @ 115
text_fieldsനൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ഞങ്ങളുടെ നാട്ടില്‍ ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. ഉള്ളവര്‍ക്ക് കാര്യമായി ജോലിയുമില്ല. വറുതിയുടെയും പട്ടിണിയുടെയും നാളുകള്‍. നാടുവാഴികള്‍, ജന്മിമാര്‍ എന്നിവരുടെ മേല്‍ക്കോയ്മ. ജന്മിയുടെ ശിങ്കിടികളായി നാളുകള്‍ തള്ളിനീക്കണം. കൂലിവേലചെയ്താല്‍ നാണയത്തിനുപകരം ഒരുപിടി നെല്ളോ ഒരുപോങ്ങ അരിയോ കിട്ടും. മസാലക്കച്ചവടം വളരെ വിരളം. കടയില്‍പോയാല്‍ തോര്‍ത്ത് മുണ്ടിന്‍െറ നാലുതലങ്ങിലും പഞ്ചസാര, ചായപ്പൊടി, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കെട്ടിത്തരും. അക്കാലത്ത് നോമ്പിന് പ്രത്യേകിച്ചൊരു ചൂരും വാശിയുമില്ലായിരുന്നു. അന്നന്നത്തെ പശിയടക്കാന്‍ പകല്‍ ജോലിക്കുപോകുന്നതുകൊണ്ട് അധികമാരും നോമ്പിനെ പരിഗണിക്കാറുമില്ല.
മതബോധമോ മതവിദ്യാഭ്യാസമോ തുലോം കുറവായിരുന്ന അക്കാലത്ത് നമസ്കാരാദി ആരാധനാകര്‍മങ്ങള്‍ നാമമാത്രമായിരിന്നു. ഹഖും ബാത്തിലും തിരിയാത്ത ഒരു മനുഷ്യക്കൂട്ടം. നോമ്പും നമസ്കാരവും അനുഷ്ഠിക്കുന്നവര്‍ പേരിനുമാത്രം. നാട്ടിലെ ഓലമേഞ്ഞ പള്ളിയില്‍ ജുമുഅക്ക് 40 ആളെ തികക്കുക പ്രയാസം. ഖുതുബ തീരുന്നതുവരെ മുക്രിക്കാ ആളെ എണ്ണി തിട്ടപ്പെടുത്തുമായിരുന്നു. ഇരുപത്തിയേഴാം രാവും പകലും മിക്കവരും സ്ഥലത്തുണ്ടാകും. ഇരുപത്തിയേഴാം രാവിലെ പള്ളി മൂപ്പന്‍െറ വക മഹല്ല് നോമ്പുതുറ പള്ളിയിലോ വീട്ടിലോ നടക്കും. ചീരോകഞ്ഞിയും കപ്പയോ കായയോ പുഴുങ്ങിയതുമായിരിക്കും വിഭവം. വലിയ തളികയില്‍ നെല്ല് കുത്തിയ അരിയുടെ കഞ്ഞി പത്തും ഇരുപതും പേര്‍ വട്ടമിട്ടിരുന്നു ചിരട്ടക്കയിലുകൊണ്ട് കോരിക്കുടിക്കുന്നു. കിട്ടിയോര്‍ക്ക് കിട്ടി. മഹല്ല് നിവാസികള്‍ മുഴുവന്‍ ആ നോമ്പുതുറയില്‍ പങ്കെടുക്കണമെന്നാണ് നാട്ടുനിയമം. മഹല്ല് മൂപ്പന്‍െറ അപ്രീതിക്ക് പാത്രമാകുമോ എന്നു ഭയന്ന് സര്‍വരും അതില്‍ ഭാഗഭാക്കാകും.
അറിയപ്പെടുന്ന മുതലാളിമാര്‍ ‘സക്കാത്ത് ’നാണയത്തുട്ട് അന്നാണ് വിതരണം ചെയ്യുക. ഒരു മുതലാളിയുടെ വീട്ടില്‍ പോയപ്പോള്‍ നാലുപേര്‍ക്കുംകൂടി ഒരു കാശ് തന്നെ സംഭവം ഞാനോര്‍ക്കുന്നു. നോമ്പിന് സമാപനം കുറിച്ചുകൊണ്ടുള്ള ഫിത്ര്‍ സകാത്ത് ചിത്രത്തിലെവിടെയും ഇല്ല. നാട്ടിലെ പ്രമാണിമാര്‍ എന്നവകാശപ്പെടുന്നവര്‍ മാസപ്പിറവി ഉറപ്പിച്ചാല്‍ ആഢ്യത്വം പ്രകടിപ്പിക്കാന്‍വേണ്ടി ഫിത്റ് സകാത്ത് വകയില്‍ അല്‍പം അരി വിതരണം ചെയ്യും. പുലര്‍ച്ചെ ചൂട്ടുകത്തിച്ച് ആദ്യം എത്തുന്നവര്‍ക്ക് അത് കിട്ടിയെങ്കിലായി. വാര്‍ത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാത്തതിനാല്‍ കര്‍ണാകര്‍ണികയോ അല്ളെങ്കില്‍ കോഴിക്കോട്ട് പോയോ ആണ് പെരുന്നാള്‍ ഉറപ്പിക്കുക. ഒരിക്കല്‍ പെരുന്നാളെന്ന് അറിഞ്ഞതുതന്നെ ഉച്ചക്കാണ്.
1917ലാണ് ഞാന്‍ കല്യാണം കഴിച്ചത്. നാട്ടുമൂപ്പന്‍െറ വീട്ടുപടിക്കല്‍ വെറ്റിലക്കെട്ടും പഞ്ചസാരപ്പൊതിയും കാഴ്ചവെച്ചാലേ അവിടുന്നു സമ്മതം കിട്ടുകയും തീയതി ഉറപ്പിച്ചുതരുകയും ചെയ്യൂ. അങ്ങോര്‍ക്ക് തൃപ്തിപ്പെട്ടാല്‍ മാത്രം. ഇല്ളെങ്കില്‍ മുറപ്പെണ്ണ് ലാപ്സായിപ്പോകും. പുതിയാപ്ളയെ ഇന്നത്തെപ്പോലെ നോമ്പുതുറപ്പിക്കുന്ന സമ്പ്രദായം അന്നില്ല. അന്നൊക്കെ രാത്രികാലങ്ങളിലാണ് കല്യാണം. പെട്രോള്‍മാക്സ് കത്തിച്ച് തലയില്‍വെച്ച് ഒരു കൂലിക്കാരന്‍ മുന്നിലും പിന്നില്‍ ഒരു സംഘത്തിന്‍െറ കൈക്കൊട്ടിപ്പാട്ടും. വധുവിന്‍െറ വീട്ടില്‍ പ്രവേശിക്കണമെങ്കില്‍ മറ്റൊരു സംഘം പാട്ടുംപാടി അവരെ സ്വീകരിക്കാന്‍ വരണം. കല്യാണാടിയന്തരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും ഇന്നത്തെപ്പോലെ പൊലിമയോ ഗരിമയോ ഉണ്ടായിരുന്നില്ല. നോമ്പിനു ശേഷം വന്നത്തെുന്ന പെരുന്നാളിനും പറയാനുണ്ടായിരുന്നത് ഇല്ലായ്മയുടെ കഥകള്‍ മാത്രമായിരുന്നു.
തയാറാക്കിയത്: മൂസ പാലേരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.