ശ്രീജിത്ത് വധം: തുടരന്വേഷണം നടത്താന്‍ കോടതി അനുമതി
text_fields
കോഴിക്കോട്: കക്കോടി മോരിക്കരയില്‍ സി.പി.എം പ്രവര്‍ത്തകന്‍ പത്തയങ്ങല്‍താഴത്ത് ചെരിയാല ശ്രീജിത്തിനെ (33) വെട്ടിക്കൊന്നുവെന്ന കേസില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി അനുവദിച്ചുകൊണ്ട് മൂന്നാം അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് (വഖഫ് ട്രൈബ്യൂണല്‍) ജഡ്ജി പി.ജെ. വിന്‍സെന്‍റ് ഉത്തരവിട്ടു.
അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുന്നത് അപൂര്‍വമാണ്. തുടരന്വേഷണം വിചാരണ നടപടികള്‍ നീണ്ടുപോകാന്‍ കാരണമാകുമെന്ന പ്രതിഭാഗം തടസ്സവാദം തള്ളിയ കോടതി സത്യം കണ്ടത്തൊന്‍ അന്വേഷണം വേണമെന്നാണെങ്കില്‍ അതാവാമെന്ന് നിരീക്ഷിച്ചു. കേസില്‍ നിര്‍ണായക കാര്യങ്ങള്‍ വിട്ടുപോയതായി ആശങ്കയുയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നടക്കാവ് സി.ഐ മൂസ വള്ളിക്കാടനാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എം.കെ. ദിനേശന്‍ മുഖേന ഹരജി സമര്‍പ്പിച്ചത്. പ്രോസിക്യൂട്ടറുടെ നിര്‍ദേശമനുസരിച്ചായിരുന്നു നടപടി. പ്രോസിക്യൂഷന്‍ നീക്കത്തെ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. സംസ്ഥാനത്തെ ഭരണമാറ്റവും പുതിയ പ്രോസിക്യൂട്ടര്‍ നിയമനവുമൊക്കെയാണ് തുടരന്വേഷണാവശ്യത്തിന് പിന്നിലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, കൂടുതല്‍ സാക്ഷികളെ ചോദ്യംചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമായി ക്രിമിനല്‍ നടപടിച്ചട്ടം 173 (8) വകുപ്പ് പ്രകാരം നല്‍കിയ അപേക്ഷ അനുവദിക്കാമെന്ന് കോടതി കണ്ടത്തെി. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. എം. അശോകന്‍, പി.എസ്. ശ്രീധരന്‍പിള്ള, പി.വി. ഹരി, വി.പി.എ. റഹ്മാന്‍, സന്തോഷ് മേനോന്‍ എന്നിവര്‍ ഹാജരായി.
പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ രേഖപ്പെടുത്തിയ മരണസമയത്തെപ്പറ്റിയും സംഭവസ്ഥലത്തെ വെളിച്ചത്തെപ്പറ്റിയും കൂടുതല്‍ വ്യക്തത വരുത്താനാണ് പ്രോസിക്യൂഷന്‍ ശ്രമമെന്ന് കരുതുന്നു. ഇതിനായി ഡോക്ടറെയും സംഭവസ്ഥലത്തെപ്പറ്റി മൊഴി നല്‍കാന്‍ കൂടുതല്‍ സാക്ഷികളെയും ചോദ്യംചെയ്യേണ്ടിവരും. 2015 ഫെബ്രുവരി 15ന് കോഴിപ്പറമ്പത്ത് ഭഗവതി കാവ് ഉത്സവം നടക്കുന്നതിനടുത്തായിരുന്നു കൊല. ശ്രീജിത്ത് സുഹൃത്തിന്‍െറ വീട്ടില്‍പ്പോയി തിരിച്ചുവരുംവഴി കാത്തിരുന്ന പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ഒന്നാം പ്രതി പത്തായങ്ങല്‍താഴത്തുള്ള സന്ദീപിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തെ ചോദ്യംചെയ്യുകയും അധികാരികള്‍ക്ക് പരാതിനല്‍കുകയും ചെയ്തതിലുള്ള വിരോധത്തെ തുടര്‍ന്നാണ് കൊലയെന്നാണ് കേസ്. പ്രതികളില്‍ സന്ദീപ് മുതല്‍ 13 പേരും ക്വട്ടേഷന്‍ സംഘാംഗങ്ങളും ആര്‍.എസ്.എസ് പ്രവര്‍ത്തകരുമാണെന്നും ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.