കവിതപോലെ മനോഹരമായ സിനിമകള്‍
text_fieldsഫിക്ഷന്‍െറയും നോണ്‍ ഫിക്ഷന്‍െറയും അതിര്‍വരമ്പുകള്‍ മായ്ച്ചുകളയുകയായിരുന്നു അബ്ബാസ് കിയറോസ്തമി തന്‍െറ സിനിമകളില്‍. ഡോക്യുമെന്‍ററിയുടെയും ഫിക്ഷന്‍െറയും സ്വഭാവം ഇടകലര്‍ത്തിയ സിനിമകളാണ് അദ്ദേഹം ചെയ്തിരുന്നതെന്നു കാണാം. ഡോക്യുഫിക്ഷന്‍ എന്നുപറയാം അദ്ദേഹത്തിന്‍െറ സിനിമകളെ. ഇറാനിയന്‍ കവിതകള്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഉപയോഗിച്ച സംവിധായകന്‍ കിയറോസ്തമിയെപോലെ മറ്റൊരാളില്ല. ഇറാന്‍ കവിതകള്‍ സംഭാഷണങ്ങളില്‍ ഉപയോഗിക്കുകയും കവിതപോലെ മനോഹരമായ സിനിമകള്‍ എടുക്കുകയും ചെയ്തു അദ്ദേഹം.
കുട്ടികളെ നായകന്മാരാക്കി സിനിമയെടുക്കുന്ന ഇറാനിയന്‍ ശൈലിയുടെ തുടക്കം കിയറോസ്തമിയില്‍ നിന്നായിരുന്നു. ജീവിതവും മരണവും മാത്രമല്ല, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും അദ്ദേഹത്തിന്‍െറ സിനമകളില്‍ കാണാം. ഇത്രമാത്രം പ്രമേയങ്ങള്‍ സിനിമകളാക്കിയ സംവിധായകന്‍ ഇറാന്‍ സിനിമയില്‍ ഇല്ല. ലോക സിനിമയിലെ ഒട്ടേറെ പരീക്ഷണങ്ങളും അദ്ദേഹത്തിന്‍െറതായിരുന്നു. സിനിമാ നിര്‍മാണത്തില്‍ പുതിയ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതില്‍ അദ്ദേഹം മിടുക്ക് കാട്ടി. സംവിധായകനില്ലാത്ത സിനിമപോലും അദ്ദേഹം പരീക്ഷിച്ചു. ‘ടെന്‍’ എന്ന ചിത്രം ഇതുപോലുള്ള ഒന്നാണ്. ഡിജിറ്റല്‍ സിനിമ കാലഘട്ടത്തിലെ പരീക്ഷണ വിജയമായിരുന്നു ടെന്‍. തിയറ്ററില്‍ കാമറവെച്ച് സിനിമ കണ്ടുകൊണ്ടിരിക്കുന്നവരുടെ മുഖഭാവം പകര്‍ത്തിയ ‘ഷിറിന്‍’ എന്ന സിനിമ ജനപ്രിയമായി.
ഇറാന് പുറത്താണ് അദ്ദേഹത്തിന്‍െറ സിനിമകള്‍ ജനപ്രിയമായത്. ലോകമെമ്പാടും ആഘോഷിക്കുമ്പോഴും അദ്ദേഹത്തിന്‍െറ സിനിമകള്‍ക്ക് ഇറാനില്‍ നിയന്ത്രണമുണ്ടായിരുന്നു. സിനിമകള്‍ സംസാരിക്കുന്ന രാഷ്ട്രീയവും സ്വതന്ത്രചിന്താഗതികളുമാണ് ഇതിന് കാരണം.
ഇറാന്‍െറ മതമൗലികമായ വിഷയങ്ങളില്‍ അദ്ദേഹത്തിന്‍െറ നിലപാട് വ്യത്യസ്തമായിരുന്നു. സിനിമകള്‍ കുറച്ചൂകൂടി സ്വതന്ത്രമായിരുന്നു. സെന്‍സറിങ് കര്‍ശനമായ സമയത്ത് താന്‍ ഇറാനില്‍ സിനിമ ചെയ്യില്ളെന്ന് പ്രഖ്യാപിച്ച അദ്ദേഹം രാജ്യത്തിന് പുറത്ത് രണ്ട് സിനിമകള്‍ ഈ സമയം എടുത്തു. ഇറ്റലിയില്‍ നിര്‍മിച്ച ചിത്രം ഇറാനില്‍ നിരോധിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം ഇറാനില്‍ പ്രദര്‍ശിപ്പിച്ചത്. 2015ലാണ് അദ്ദേഹത്തിനുമേലുള്ള നിരോധങ്ങളെല്ലാം ഇറാന്‍ നീക്കിയത്.
1970കളിലത്തെി ഇത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും വ്യത്യസ്തമായ സിനിമകള്‍ ചെയ്യുകയെന്നത് അദ്ദേഹത്തെപോലൊരു പ്രതിഭക്ക് മാത്രം കഴിയുന്നതാണ്. പല സംവിധായകരുടെയും പിന്നീടുള്ള സിനിമകളില്‍ അവരുടെ മുന്‍സിനിമകളുടെ സ്വാധീനം കാണാം. എന്നാല്‍, കിയറോസ്തമിയുടെ സിനിമകളെടുത്താല്‍ അത് പ്രമേയത്തിന്‍െറ പുതുമകള്‍കൊണ്ട് ഒന്നിനോടൊന്ന് വ്യത്യസ്തമാണ്.
സംവിധായകന്‍ എന്നതിനപ്പുറത്ത് അദ്ദേഹം നല്ളൊരു തിരക്കഥാകൃത്തായിരുന്നു, ആര്‍ട്ട് ഡയറക്ടറായിരുന്നു. സിനിമയില്‍ എത്തുന്നതിന് മുമ്പ് ഗ്രാഫിക് ഡിസൈനറായിരുന്നു. ചിത്രകാരനും കവിയുമായിരുന്നു. അദ്ദേഹത്തിന്‍െറ തിരക്കഥയാണ് ജാഫര്‍ പനാഹിയുടെ ‘വൈറ്റ് ന്യൂ വേവ്’ എന്ന എക്കാലത്തെയും മികച്ച സിനിമയായത്.
1970കളിലാണ് ഇറാന്‍ സിനിമയില്‍ നവതരംഗം ഉണ്ടാകുന്നത്. അതിന് പ്രധാനപങ്ക് വഹിച്ച സംവിധായകനാണ് അബ്ബാസ് കിയറോസ്തമി. ഇറാനിയന്‍ സിനിമ ലോകമെമ്പാടും പ്രസിദ്ധമാക്കുന്നതില്‍ പ്രധാന പങ്ക് കിയറോസ്തമിയുടെതാണ്. 1979ല്‍ വിപ്ളവസമയത്ത് വളരെ കുറച്ച് സംവിധായകരേ ഇറാനില്‍ തുടര്‍ന്നുള്ളൂ. പലരും രാജ്യം വിട്ടപ്പോഴും കിയറോസ്തമിയെപോലെ ചുരുക്കം ചിലര്‍ രാജ്യത്ത് തുടര്‍ന്നു. അത് ജീവിതത്തിലെ നിര്‍ണായക തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. സ്വന്തം രാജ്യവും ഭാഷയും അസ്തിത്വവും വിട്ട് മറ്റ് സിനിമകള്‍ ചെയ്യാനാവില്ളെന്നായിരുന്നു അദ്ദേഹത്തിന്‍െറ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.