താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂനിറ്റ്; നവീകരണത്തിന് ആയിരം കോടി
text_fieldsകോഴിക്കോട് മാനസികാരോഗ്യആശുപത്രിയിലെ പ്രത്യേക വിപുലീകരണ പദ്ധതിയിലേക്ക് ഇതില്‍ നിന്ന് 100 കോടി നല്‍കും. ബ്രിട്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വിസിന് സമാനമായ ഒന്നായി നമ്മുടെ പൊതുആരോഗ്യ സംവിധാനം മാറ്റും. താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികള്‍ക്ക് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള തസ്തികകള്‍ ഈ വര്‍ഷം അനുവദിക്കും.തലശ്ശേരിയില്‍ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ആശുപത്രി ആരംഭിക്കുന്നതിന് മാന്ദ്യപ്രതിരോധ പാക്കേജില്‍ നിന്ന് 50 കോടി വകയിരുത്തി. ഏതാണ്ട് എല്ലാ രോഗങ്ങള്‍ക്കും സൗജന്യചികിത്സ പൊതുആരോഗ്യ സംവിധാനത്തിലൂടെ ലഭ്യമാക്കും. കേരളത്തിന്‍െറ പൊതുആരോഗ്യ സംവിധാനം, രോഗപ്രതിരോധം, ചികിത്സ, സാന്ത്വനപരിചരണം എന്നിങ്ങനെയുള്ള ഒരു തുടര്‍ച്ചയായി മാറ്റും. ഹെല്‍ത്ത് സര്‍വിസ് ഡിപ്പാര്‍ട്മെന്‍റിന് 521 കോടിയാണ് വകയിരുത്തിയത്.
ഹ്രസ്വ,ദീര്‍ഘകാല പദ്ധതികള്‍ക്ക് ഒരുപോലെ പ്രാധാന്യംനല്‍കുന്ന ബജറ്റ് –മുഖ്യമന്ത്രി
തിരുവനന്തപുരം: ഹ്രസ്വകാലാടിസ്ഥാനത്തില്‍ അടിയന്തര ആശ്വാസ നടപടികള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രിത വികസനത്തിനും ഒരുപോലെ പ്രാധാന്യംനല്‍കുന്നതാണ് ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് അധികഭാരം ചുമത്താതെ വിഭവസമാഹരണം നടത്തുക എന്ന രീതിയാണ് അനുവര്‍ത്തിച്ചത്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനുള്ള നടപടികളാണ് ബജറ്റിലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
മല എലിയെ പ്രസവിച്ച ബജറ്റ് -സുധീരന്‍
ന്യൂഡല്‍ഹി: ധനമന്ത്രി തോമസ് ഐസകിന്‍െറ ബജറ്റ് മല എലിയെ പ്രസവിച്ചതു പോലെയായെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. പ്രതീക്ഷകള്‍ അസ്ഥാനത്തായി. വിലക്കയറ്റം തടയാന്‍ കര്‍മപരിപാടിയില്ല. 803 കോടിയോളം രൂപയുടെ വിഭവ സമാഹരണം വിലക്കയറ്റത്തിന്‍െറ ആഘാതം വര്‍ധിപ്പിക്കും. പ്രവാസി പുനരധിവാസത്തിന് കാര്യമായ പരിഗണന നല്‍കിയില്ളെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
ദിശാബോധം നല്‍കുന്ന ബജറ്റ് -കോടിയേരി
തിരുവനന്തപുരം: കേരളത്തിന്‍െറ ഭാവി വികസനത്തിന് ദിശാബോധം നല്‍കുന്നതാണ് ബജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അടിസ്ഥാന വികസനത്തിന് പ്രാമുഖ്യം കൊടുക്കുന്നതും ക്ഷേമപദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതുമാണ് ബജറ്റ്. സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അതിനാവശ്യമായ വിഭവ സമാഹരണത്തിനുള്ള നൂതന വഴികള്‍ മുന്നോട്ടുവെക്കുന്നുണ്ട്.
അപ്രായോഗിക ബജറ്റ് –ബി.ജെ.പി
തിരുവനന്തപുരം: മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് അപ്രായോഗിക ബജറ്റാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പ്രായോഗിക പദ്ധതികള്‍ ബജറ്റില്‍ ഇല്ല. ധവളപത്രവുമായി പുലബന്ധം പോലുമില്ലാത്തതാണ് ബജറ്റ്.
ദിശാബോധമുള്ളത് –ഐ.എന്‍.എല്‍
കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കിന്‍െറ ബജറ്റ് കേരളത്തെ പുരോഗമന വികസന പാതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ദീര്‍ഘദര്‍ശനവും ദിശാബോധവുമുള്ള ബജറ്റാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു.
യുവജന വഞ്ചന –യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: യുവജന വഞ്ചനയും വാഗ്ദാന ലംഘനവുമാണ് ഇടതുമുന്നണിയുടെ മുഖമുദ്രയെന്ന് ബജറ്റ് തെളിയിച്ചതായി യൂത്ത് കോണ്‍ഗ്രസ്. രണ്ടുവര്‍ഷത്തേക്ക് പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ളെന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
കേരള ചേംബര്‍ ഓഫ് കോമേഴ്സ്
കോഴിക്കോട്: ബജറ്റ് പൊതുവെ ജനപ്രിയവും അടിസ്ഥാന സൗകര്യ വിപുലീകരണത്തിന് ഊന്നല്‍ നല്‍കുന്നതുമാണെന്ന് കേരള ചേംബര്‍ പ്രസിഡന്‍റ് ആഷിക് പരോള്‍ അഭിപ്രായപ്പെട്ടു. തുല്യനീതി നടപ്പാക്കുന്നതും പരിസ്ഥിതി സൗഹൃദവും വനിതാ ക്ഷേമത്തിന് ഊന്നല്‍ നല്‍കുന്നതുമാണ്. ധനമാന്ദ്യതക്ക് 12,000 കോടിയുടെ പദ്ധതിയും ടാക്സ് പിരിക്കുന്നതിനുള്ള ഒമ്പതിന പരിപാടിയും സ്വാഗതാര്‍ഹമാണ്. അദേഹം പറഞ്ഞു.
കേരള മര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കോമേഴ്സ്
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കന്നി ബജറ്റ് വികസനോന്മുഖമെന്ന് കേരള മര്‍ച്ചന്‍റ്സ് ചേംബര്‍ ഓഫ് കോമേഴ്സ്. സംഘടന ആവശ്യപ്പെട്ടതുപ്രകാരം വാണിജ്യനികുതി വകുപ്പിന്‍െറ വെബ്സൈറ്റ് നവീകരിക്കാനും പുതിയ സെര്‍വര്‍ സ്ഥാപിക്കാനുമുള്ള തീരുമാനങ്ങള്‍ സ്വാഗതാര്‍ഹമാണ്.
വ്യാപാരി വ്യവസായി സമിതി
തൃശൂര്‍: സംസ്ഥാന ബജറ്റ് വാണിജ്യ വ്യവസായ മേഖലക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതും വികസനോന്മുഖവുമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്‍റ് ബിന്നി ഇമ്മട്ടിയും സെക്രട്ടറി ഇ.എസ്. ബിജുവും പ്രസ്താവനയില്‍ പറഞ്ഞു. മാന്ദ്യവിരുദ്ധ പാക്കേജ് ഏറെ അഭിനന്ദനാര്‍ഹമാണ്.
പ്രതീക്ഷ നല്‍കുന്നത് –ഇന്‍ഫാം
കോട്ടയം: പ്രതിസന്ധിയിലായ കാര്‍ഷികമേഖലക്ക് പ്രത്യാശനല്‍കുന്ന സംസ്ഥാന ബജറ്റിനെ കര്‍ഷകസമൂഹം സ്വാഗതം ചെയ്യുന്നുവെന്നും നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തിയും തുടര്‍നടപടികളും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്നുണ്ടാകണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.
സമ്മിശ്ര പ്രതികരണം –ടി. നസിറുദ്ദീന്‍
കോഴിക്കോട്: ബജറ്റ് വ്യാപാരികളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍. കഴിഞ്ഞ രണ്ടു മാസമായി നികുതി പിരിവില്‍ 19 ശതമാനം വര്‍ധനവ് വന്നിട്ടുണ്ട്. അത് ഗവണ്‍മെന്‍റിന് പിരിച്ചുനല്‍കിയ വ്യാപാരി വ്യവസായികളെ അഭിനന്ദിക്കുന്നതിനു പകരം ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആലപ്പുഴയില്‍ വ്യാപാരിയുടെ ആത്മഹത്യക്ക് കാരണമായ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് നടത്തിയ പ്രസ്താവന ശരിയായില്ല.
ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോ.
കൊച്ചി: എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കന്നി ബജറ്റിനെ സ്വാഗതം ചെയ്യുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ് അസോസിയേഷന്‍. ഹോട്ടല്‍ മുറികള്‍ക്കുള്ള ആഡംബര നികുതിയില്‍ നേരിയ കുറവ് വരുത്തിയത് ടൂറിസം മേഖലക്ക് ആശ്വാസം പകരും. എന്നാല്‍, ചരക്കുവാഹന നികുതി വര്‍ധിപ്പിച്ചതുവഴി അവശ്യസാധനങ്ങളുടെ വില ഉയരുമോ എന്ന ആശങ്ക ഉണ്ടെന്ന് പ്രസിഡന്‍റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി. ജയപാലും പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.