പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി
text_fieldsതിരുവനന്തപുരം: പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി, ചരക്ക് വാഹനങ്ങള്‍ക്ക് നികുതിവര്‍ധന, ബസുകളുടെ ത്രൈമാസനികുതി പരിഷ്കരണം എന്നിവ ബജറ്റ് നിര്‍ദേശങ്ങളില്‍ പെടുന്നു.15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള നാലോ അതില്‍ കൂടുതലോ ചക്രമുള്ള സ്വകാര്യവാഹനങ്ങള്‍ക്കും 10 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിതനികുതി ചുമത്തുക. ഇരുചക്രവാഹനങ്ങളെയും സ്വകാര്യ ആവശ്യത്തിനുപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളെയും ഓട്ടോകളെയും ഇതില്‍ നിന്ന് ഒഴിവാക്കി.
നാലോ അതിലധികമോ ചക്രമുള്ള സ്വകാര്യവാഹനങ്ങള്‍ രജിസ്ട്രേഷന്‍ പുതുക്കുമ്പോള്‍ 400ഉം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുമ്പോള്‍ ലൈറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 200ഉം മീഡിയം ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 300ഉം മറ്റ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 400ഉം രൂപ ഹരിതനികുതി നല്‍കണം. അധികവരുമാനം-ഏഴു കോടി
എല്ലാ ചരക്കുവാഹനങ്ങളുടെയും നികുതി 10 ശതമാനം കൂട്ടി. അധിക വരുമാനം-20 കോടി . കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് ഇതരസംസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തുന്നതും അവിടെ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്ക് സര്‍വിസ് നടത്തുന്നതുമായ കോണ്‍ട്രാക്ട് കാര്യേജുകളുടെ നികുതി ഏകീകരിക്കും. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വിസ് നടത്തുന്നവയുടെ നികുതിവര്‍ധന ഇപ്രകാരം: ഓര്‍ഡിനറി സീറ്റുള്ള വാഹനങ്ങള്‍-സീറ്റിന് 2250, പുഷ്ബാക്ക് സീറ്റുള്ള വാഹനങ്ങള്‍ സീറ്റിന്- 3500 . സ്ളീപ്പര്‍ ബര്‍ത്തുള്ള വാഹനങ്ങള്‍ സീറ്റിന്- 4000. മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ സര്‍വിസ് നടത്തുന്നവക്കും ഈ നികുതി തന്നെ. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ നിന്ന് മറ്റേതെങ്കിലും സംസ്ഥാനം വാര്‍ഷികനികുതി ഈടാക്കിയാല്‍ അതേ സംസ്ഥാനത്തിലെ അതേവാഹനങ്ങള്‍ക്കും ഇവിടെ നികുതി ഈടാക്കും. അധികവരുമാനം-മൂന്നുകോടി
ബസുകളുടെ (സ്റ്റേജ് കാര്യേജ്) ത്രൈമാസ നികുതി നിര്‍ണയം തറവിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തിലാക്കും. നിലവില്‍ ഇത് സീറ്റ് എണ്ണത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു. നികുതിപരിഷ്കരണം ഇങ്ങനെ:
- ടൗണ്‍/ സിറ്റി സര്‍വിസല്ലാത്ത ഓര്‍ഡിനറി ബസുകള്‍ - ഒരു സ്ക്വയര്‍ മീറ്ററിന് 1300
- ടൗണ്‍/ സിറ്റി സര്‍വിസ് നടത്തുന്ന ഓര്‍ഡിനറി ബസുകള്‍ -ഒരു സ്ക്വയര്‍ മീറ്ററിന് 1360
- ഫാസ്റ്റ് പാസഞ്ചറും മറ്റ് ഉയര്‍ന്ന ക്ളാസ് ബസുകളും- ഒരു സ്ക്വയര്‍ മീറ്ററിന് 1400
- മൊബൈല്‍ റസ്റ്റാറന്‍റ്, കാന്‍റീന്‍, തിയറ്റര്‍, എ.ടി.എം, ബുക് സ്റ്റാള്‍, വര്‍ക്ഷോപ്, എക്സിബിഷന്‍ വാന്‍, ഡിജിറ്റൈസേഷന്‍ യൂനിറ്റ്, കാഷ്വാന്‍ തുടങ്ങിയവക്കും മൊബൈല്‍ ഷോപ്, മൊബൈല്‍ ഓഫിസ് വാഹനങ്ങള്‍ തുടങ്ങിയവക്കും തറവിസ്തീര്‍ണത്തിന്‍െറ അടിസ്ഥാനത്തില്‍ നികുതി വരും. ചതുരശ്ര മീറ്ററിന് 300 രൂപ നിരക്കില്‍ ത്രൈമാസ നികുതി. അധിക വരുമാനം-50 ലക്ഷം
- മോട്ടോര്‍ വാഹന നിയമത്തില്‍ പരാമര്‍ശിക്കാത്ത വാഹനങ്ങളുടെ ത്രൈമാസ നികുതി തറവിസ്തീര്‍ണത്തിന്‍െറയടിസ്ഥാനത്തില്‍ ചതുരശ്ര അടിക്ക് 150 രൂപ.
- ഓടാത്ത വാഹനങ്ങള്‍ക്കുള്ള നികുതിയിളവിന് അപേക്ഷ നല്‍കിയശേഷം സര്‍വിസ് നടത്തുന്നവക്ക് സര്‍വിസ് വാഹനനികുതിയുടെ ഇരട്ടി തുകയായിരിക്കും പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.