സമസ്ത ഇരുവിഭാഗങ്ങളും തുറന്ന പോരിലേക്ക്
text_fieldsമലപ്പുറം: സമസ്ത ഇ.കെ, എ.പി വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളി തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നു. ഒരു മാസത്തിനിടെ മലപ്പുറത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് രണ്ട് പള്ളികളാണ് അടച്ചുപൂട്ടിയത്. മൂന്ന് പള്ളികളുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നു. പതിനഞ്ചോളം പള്ളികളില്‍ പ്രശ്നങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ എട്ട് പള്ളികളില്‍ പ്രശ്നം നിലനില്‍ക്കുന്നുണ്ട്.
ഭരണ മാറ്റമാണ് പ്രശ്നങ്ങള്‍ രൂക്ഷമായതിന് പിന്നിലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വിവിധ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ പള്ളി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും യു.ഡി.എഫ് ഭരണ കാലത്ത് സംഘര്‍ഷങ്ങളിലേക്ക് നീങ്ങിയിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ സംഘര്‍ഷത്തിന് പിന്നില്‍ ഭരണകൂടത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂല നിലപാടുണ്ടാകുമെന്ന കാന്തപുരം വിഭാഗത്തിന്‍െറ വിശ്വാസമാണെന്നാണ് ഇ.കെ വിഭാഗം ആരോപിക്കുന്നത്. ലീഗിന്‍െറ തണലില്‍ അഭ്യന്തര വകുപ്പിനെ സ്വാധീനിച്ച് തര്‍ക്കമുള്ള പള്ളികളില്‍ ഇ.കെ വിഭാഗം ആധിപത്യം ഉറപ്പിക്കുകയായിരുന്നുവെന്നാണ് കാന്തപുരം വിഭാഗത്തിന്‍െറ വാദം. പുതിയ സര്‍ക്കാറിന്‍െറ പിന്തുണയോടെ ഈ പള്ളികള്‍ അധീനതയിലാക്കുമെന്ന് കാന്തപുരം വിഭാഗത്തിലെ ചില പ്രഭാഷകര്‍ പരസ്യമായി പ്രഖ്യാപിച്ചതും ഇ.കെ വിഭാഗം വിവാദമാക്കിയിട്ടുണ്ട്.
മലപ്പുറത്ത് വാഴയൂര്‍ പഞ്ചായത്തിലെ കക്കോവില്‍ ഒരുമാസം മുമ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് ഇ.കെ വിഭാഗത്തിന്‍െറ കൈവശമുണ്ടായിരുന്ന പള്ളി അടച്ചുപൂട്ടി. ഇതേ പഞ്ചായത്തിലെ മൂളപ്പറമ്പില്‍ വ്യാഴാഴ്ച പള്ളിയുടെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കുത്തേറ്റ മൂന്ന് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഈ പള്ളിയില്‍ ജുമുഅ പ്രാര്‍ഥന നടന്നില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളി താല്‍ക്കാലികമായി അടച്ചിടാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. തച്ചണ്ണ, പരുത്തിക്കോട്, മുടിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ പള്ളികളിലും തര്‍ക്കം രൂക്ഷമാണ്. മുടിക്കോട് പൊലീസ് സാന്നിധ്യത്തിലാണ് ജുമുഅ നടക്കുന്നത്.
ഇരുവിഭാഗങ്ങളും ഒരുമിച്ചു നടത്തിയിരുന്ന പള്ളികള്‍ ഇ.കെ വിഭാഗം ഏകപക്ഷീയമായി രജിസ്ട്രേഷന്‍ നടത്തി അധീനപ്പെടുത്തിയെന്നാണ് കാന്തപുരം വിഭാഗം ആരോപിക്കുന്നത്. യു.ഡി.എഫ് ഭരണത്തില്‍ സ്വാധീനം ചെലുത്തിയാണ് ഇത് സാധ്യമാക്കിയതത്രെ. എന്നാല്‍, ജനറല്‍ബോഡി ചേര്‍ന്ന് ഭൂരിപക്ഷാഭിപ്രായ പ്രകാരമാണ് പള്ളികള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഇ.കെ വിഭാഗം നേതാക്കള്‍ വ്യക്തമാക്കുന്നു. പരാതിയുണ്ടെങ്കില്‍ വീണ്ടും ജനറല്‍ബോഡി ചേര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും അവര്‍ പറയുന്നു.
ഭരണമാറ്റത്തിന്‍െറ മറവില്‍ പള്ളികളില്‍ സംഘര്‍ഷമുണ്ടാകുമെന്ന ആശങ്ക ഇ.കെ വിഭാഗം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നീതിയുക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പൊലീസിന്‍െറ ഭാഗത്തുനിന്ന് നീതി ലഭിക്കുന്നില്ളെന്ന പരാതി ഇവര്‍ട്ടുണ്ട്. ഇക്കാര്യം വീണ്ടും മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കാന്തപുരത്തിന്‍െറ അറിവോടെയാണ് പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇക്കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ളെന്നും അവരുടെ അഭിപ്രായം കണ്ടശേഷം പ്രതികരിക്കാമെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
കൈയേറ്റത്തിന് കൂട്ടുനിന്നാല്‍ പ്രക്ഷോഭം -സമസ്ത
അന്യായമായി സമസ്തയുടെ സ്ഥാപനങ്ങള്‍ കൈയേറാനുള്ള കാന്തപുരം വിഭാഗത്തിന്‍െറ ശ്രമങ്ങള്‍ക്ക് പൊലീസ് കൂട്ടുനിന്നാല്‍ മഹല്ല്, സംഘടനാ നേതൃസംഗമങ്ങള്‍ വിളിച്ചുചേര്‍ത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന് സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിറ്റാണ്ടുകളായി സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാഴയൂര്‍ പഞ്ചായത്തിലെ മൂളപ്പറമ്പ് മഹല്ല് ജുമാമസ്ജിദില്‍ കാന്തപുരം വിഭാഗം നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ഭരണമാറ്റത്തിന്‍െറ മറവില്‍ നാട്ടില്‍ അസമാധാനം സൃഷ്ടിക്കാനാണ് കാന്തപുരം വിഭാഗം ശ്രമിക്കുന്നത്.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ അറിവോടെയും അവരുടെ സംഘടനാ തീരുമാനപ്രകാരവുമാണ് പള്ളികളില്‍ സംഘര്‍ഷമുണ്ടാക്കുന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ലീഗല്‍ സെല്‍ സംസ്ഥാന ചെയര്‍മാന്‍ ഹാജി കെ. മമ്മദ് ഫൈസി, കണ്‍വീനര്‍ പി.എ. ജബ്ബാര്‍ ഹാജി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.