വാളയാറില്‍ വീണ്ടും ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു
text_fieldsവാളയാര്‍ (പാലക്കാട്): റെയില്‍വെ ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍ വാളയാറില്‍ വീണ്ടും കാട്ടാന ട്രെയിനിടിച്ച് ചെരിഞ്ഞു. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ ആനയാണ് വാളയാര്‍ മേഖലയില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്. വനത്തിനുള്ളില്‍ എ, ബി ട്രാക്കുകള്‍ കൂടുന്ന സ്ഥലത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് എട്ട് വയസ്സ് വരുന്ന കാട്ടാന അപകടത്തില്‍പെട്ടത്.
കൊല്ലം-വിശാഖപട്ടണം ട്രെയിനാണ് ഇടിച്ചത്. മലബാര്‍ സിമന്‍റ് ഫാക്ടറിക്ക് ഒരു കിലോമീറ്റര്‍ അകലെയാണ് സംഭവം. കഴിഞ്ഞ വര്‍ഷം രണ്ട് കിലോമീറ്റര്‍ അകലത്തില്‍ ബി റെയില്‍ ട്രാക്കില്‍ ആനക്കുട്ടി ട്രെയിനിടിച്ച് ചെരിഞ്ഞിരുന്നു. അതിനുശേഷം വേഗത കുറച്ച് അലാറം ഘടിപ്പിച്ച് റെയില്‍വെ സര്‍വിസ് നടത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു.
പാലക്കാട്ട് നിന്ന് വെറ്ററിനറി സര്‍ജന്‍ ഫ്രാന്‍സിസ് അത്ഭുതരാജ് എത്തി പോസ്റ്റുമോര്‍ട്ടം നടത്തി. ആനയുടെ മൃതദേഹം വനത്തിനുള്ളില്‍ തന്നെ സംസ്കരിച്ചു.
ജൂണ്‍ 19ന് വാളയാറിനപ്പുറത്ത് തമിഴ്നാട്ടിലെ മധുക്കരക്ക് സമീപം ട്രെയിനിടിച്ച് പിടിയാന ചെരിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.