ഐ.എസ് റിക്രൂട്ട്മെന്‍റ്: ദുരൂഹത അകറ്റണം –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: മലയാളികളെ ഐ.എസുമായി ബന്ധിപ്പിക്കുന്ന ഏജന്‍സികളെക്കുറിച്ച് അന്വേഷണം നടത്തി ദുരൂഹതയകറ്റാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. കേരളത്തില്‍നിന്ന് ഏതാനും പേര്‍ ഐ.എസില്‍ എത്തിപ്പെട്ടതായ വാര്‍ത്ത അങ്ങേയറ്റം ഖേദകരവും ഞെട്ടലുളവാക്കുന്നതുമാണ്. അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘമാണ് ഐ.എസ് എന്നാണ് ഇതുവരെ പുറത്തുവന്ന വസ്തുതകളില്‍നിന്ന് മനസ്സിലാകുന്നത്. ഇസ്ലാം മുന്നോട്ടുവെക്കുന്ന ബഹുസ്വരതയിലും സഹവര്‍ത്തിത്വത്തിലും അധിഷ്ഠിതമായ സാമൂഹിക രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍. നിരപരാധികളെ അറുകൊല ചെയ്തും കൂട്ടക്കൊല നടത്തിയുമുള്ള ഐ.എസ് തേരോട്ടം എന്തുവിലകൊടുത്തും നേരിടാന്‍ അന്താരാഷ്ട്ര സമൂഹം തയാറാവണം. ലക്ഷക്കണക്കിനാളുകളാണ് ഐ.എസിന്‍െറ അറബ്നാടുകളിലെ ഭീകരവാഴ്ചയിലൂടെ അഭയാര്‍ഥികളായിത്തീര്‍ന്നത്. വിശുദ്ധ നഗരമായ മദീനയില്‍പോലും ആക്രമണം അഴിച്ചുവിട്ടത് നീതീകരിക്കാനാവില്ല. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത സംഘടനയടക്കം ഐ.എസിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
ഐ.എസ് ലോകശ്രദ്ധയിലേക്ക് വന്ന കഴിഞ്ഞവര്‍ഷംതന്നെ, ഐ.എസ് ഇസ്ലാമല്ല എന്ന തലക്കെട്ടില്‍ കേരളത്തില്‍ വ്യാപകമായ ജനകീയ ബോധവത്കരണ കാമ്പയിന്‍തന്നെ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ചിരുന്നു. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള സാമ്രാജ്യത്വ തന്ത്രമാണ് ഐ.എസിന്‍െറ സൃഷ്ടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളും ഇസ്ലാമിക സംഘടനകളും അന്നുതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് യാഥാര്‍ഥ്യമാണെന്ന് കൂടുതല്‍ വെളിപ്പെടുകയാണ്. ഐ.എസിനു പിന്നിലെ സാമ്രാജ്യത്വ കരങ്ങളെക്കുറിച്ച വിവരങ്ങള്‍ അവര്‍തന്നെ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഐ.എസ് റിക്രൂട്ട്മെന്‍റിന്‍െറ പേരില്‍ നിരപരാധികളെ വേട്ടയാടാനുള്ള സാധ്യതക്കെതിരെ ഭരണകൂടം ജാഗ്രത കൈക്കൊള്ളണം. ഐ.എസിന്‍െറ ആശയങ്ങളിലേക്ക് കൂടുതലാളുകള്‍ ആകര്‍ഷിക്കപ്പെടാതിരിക്കാന്‍ കേരളത്തിലെ മുസ്ലിം നേതൃത്വവും സംഘടനകളും ജാഗ്രത പാലിക്കണമെന്നും അമീര്‍ പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.