ആദിവാസികള്‍ക്ക് ഭൂമി: എല്‍.ഡി.എഫും യു.ഡി.എഫ് പാതയില്‍
text_fieldsതിരുവനന്തപുരം: ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്നതിലും ഭൂരഹിതരുടെ പുനരധിവാസത്തിനും എല്‍.ഡി എഫും യു.ഡി.എഫ് പാതയില്‍. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കുന്ന 1999ലെ നിയമം നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഒരടി മുന്നോട്ടുപോയില്ല. നിയമം പാസാക്കി ഒന്നരപ്പതിറ്റാണ്ടായി അത് അലമാരയിലുറങ്ങുകയാണ്.
കഴിഞ്ഞ സര്‍ക്കാര്‍ നിയമം നടപ്പാക്കിയതാകട്ടെ കൈയേറ്റക്കാര്‍ക്ക് അനുകൂലമായായിരുന്നു. രണ്ട് ഹെക്ടറിലധികം ഭൂമി നഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഒരിഞ്ച് ഭൂമി തിരിച്ചുനല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. അതേസമയം, രണ്ട് ഹെക്ടറില്‍ താഴെ ആദിവാസി ഭൂമി കൈയേറിയവര്‍ക്ക് ഭൂമിയുടെ ഉടമസ്ഥത നല്‍കുകയും ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല, ആദിവാസികള്‍ക്ക് പ്രതീക്ഷയുമില്ല.
അതേസമയം, ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ 42 കോടി നീക്കിവെച്ചു. അതാകട്ടെ കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ ‘ആശിക്കുന്ന ഭൂമി ആദിവാസികള്‍ക്ക്’ പദ്ധതിയാണ്. ആദിവാസി കുടുംബങ്ങള്‍ക്ക് 25 സെന്‍റ് മുതല്‍ ഒരേക്കര്‍വരെ ഭൂമി വിലയ്ക്കുവാങ്ങി നല്‍കാനുള്ള പദ്ധതിയാണിത്.
അത് പിന്തുടരുകയാണ് എല്‍.ഡി.എഫ് സര്‍ക്കാറും. പദ്ധതി അനുസരിച്ച് കഴിഞ്ഞ സര്‍ക്കാര്‍ അട്ടപ്പാടിയില്‍ ഒരു കുടുംബത്തിനാണ് ഭൂമി വാങ്ങിനല്‍കിയത്. അത് തട്ടിപ്പായിരുന്നെന്ന് പിന്നീട് ആക്ഷേപമുയര്‍ന്നു. കുടിവെള്ളം ലഭിക്കാത്ത മേഖലയില്‍ ഭൂമി നല്‍കി തുക തട്ടിയെടുത്തത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. വയനാട്ടിലും സമാന സംഭവങ്ങളുണ്ടായി. പലയിടത്തും വാസയോഗ്യമല്ലാത്ത ഭൂമിയാണ് ആദിവാസികള്‍ക്ക് നല്‍കിയത്.
അട്ടപ്പാടിയില്‍ അഹാര്‍ഡ്സിന്‍െറ കോണ്‍ക്രീറ്റ് വീടുകള്‍ മികച്ച മാതൃകയാണെന്ന് മന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടുമ്പോഴും അതിനുള്ളിലാണ് പോഷകാഹാരക്കുറവുമൂലം കുട്ടികള്‍ മരിച്ചുവീഴുന്നതെന്നകാര്യം വിസ്മരിക്കുകയാണ്. സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം എല്‍.ഡി.എഫിന്‍െറയും പരിഗണനയിലില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.