മലയാള ഭാഷാ നിയമത്തോട് ചിറ്റമ്മനയം; ചട്ടം തയാറാക്കിയില്ല
text_fieldsകോഴിക്കോട്: വാദകോലാഹലങ്ങള്‍ക്കൊടുവില്‍ ശ്രേഷ്ഠഭാഷാ പദവി നേടിയെടുത്തിട്ടും മലയാള ഭാഷാ നിയമത്തോട് ചിറ്റമ്മനയം. 2015ല്‍ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന് ഇതുവരെ ചട്ടം നിര്‍മിക്കാനോ നടപ്പാക്കാനോ നിയമവകുപ്പ് തയാറായിട്ടില്ല. നിയമം ലംഘിക്കുന്നതിനുള്ള പിഴ ശിക്ഷ ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകള്‍ ഒഴിവാക്കിയതോടെ നിയമത്തിന്‍െറ മുനയൊടിഞ്ഞതായും ആക്ഷേപമുണ്ട്. കരടില്‍ നിയമലംഘനത്തിന് 5000 മുതല്‍ 25,000 രൂപ വരെ പിഴ ശിക്ഷ വിധിച്ചിരുന്നെങ്കിലും ബില്‍ പാസായപ്പോള്‍ ഇത് ഒഴിവാക്കിയതായാണ് ആക്ഷേപം. ലംഘിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പിഴ ശിക്ഷയാണ് വിവരാവകാശ നിയമത്തിന്‍െറ കരുത്തായി ചൂണ്ടിക്കാണിക്കുന്നത്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെ മലയാള ഭാഷാ വികസന വകുപ്പെന്ന് പേരുമാറ്റാനും നിയമത്തില്‍ പറയുന്നുണ്ട്.
മലയാളവും ഇംഗ്ളീഷും ഒൗദ്യോഗിക ഭാഷയായിരുന്ന കേരളത്തില്‍ മലയാളത്തെ ഒന്നാം ഭാഷയാക്കുന്നതാണ് നിയമം. പി.എസ്.സിയും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ജോലിക്കായി നടത്തുന്ന മത്സരപരീക്ഷകളിലെ ചോദ്യങ്ങള്‍ മലയാളത്തിലും തയാറാക്കണം. കീഴ്കോടതി കേസുകളും അവിടത്തെ വിധിന്യായവും കേന്ദ്ര, സംസ്ഥാന നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ഉത്തരവ്, ചട്ടം, ബൈലോ എന്നിവയും മലയാളത്തിലാക്കണമെന്നാണ് നിയമം. ഇതൊന്നും നടക്കാതെ ഉദ്യോഗസ്ഥ തലത്തില്‍ അട്ടിമറിക്കാനാണ് ശ്രമം.
ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ച പ്രധാനപ്പെട്ട കേന്ദ്രനിയമങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യണം. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ക്കും മലയാളമായിരിക്കും ഒൗദ്യോഗിക ഭാഷ. കേന്ദ്ര സര്‍ക്കാര്‍, മറ്റു സംസ്ഥാനങ്ങള്‍, ഹൈകോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലേക്കുള്ള കത്തിടപാടുകള്‍ ഇംഗ്ളീഷിലാകാം. കന്നഡ, തമിഴ് ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മാതൃഭാഷയില്‍തന്നെ സര്‍ക്കാറുമായി കത്തിടപാട് നടത്താം. ഇവക്കുള്ള മറുപടി അവരുടെ ഭാഷയിലോ, ഇംഗ്ളീഷിലോ നല്‍കണം. മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കണം. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും വരുന്ന മലയാളികളല്ലാത്ത കുട്ടികളെ ഒമ്പത്, 10, 11, 12 ക്ളാസുകളില്‍ മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്നൊഴിവാക്കും.
പത്താം ക്ളാസ്, ഹയര്‍ സെക്കന്‍ഡറി, ബിരുദ തലങ്ങളില്‍ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍ മലയാളം മിഷന്‍ നടത്തുന്ന സീനിയര്‍ ഹയര്‍ ഡിപ്ളോമ പരീക്ഷക്ക് തുല്യമായ പി.എസ്.സിയുടെ പരീക്ഷ ജയിക്കണം. കീഴ്കോടതി കേസുകളും വിധിന്യായങ്ങളും മലയാളത്തിലാക്കും. ഇതിനുള്ള നടപടികള്‍ ഹൈകോടതി കൈക്കൊള്ളണം. പെറ്റി കേസുകളില്‍ മലയാളത്തിലേ വിധി പറയാവൂ. അര്‍ധ ജുഡീഷ്യല്‍ അധികാരമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഉത്തരവുകള്‍ മലയാളത്തിലാക്കണം തുടങ്ങി സുപ്രധാന നിര്‍ദേശങ്ങളടങ്ങുന്നതായിരുന്നു കരട് ബില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.