മലബാര്‍ സിമന്‍റ്സ് അഴിമതി: പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സി.പി.എമ്മില്‍ സമ്മര്‍ദം
text_fieldsപാലക്കാട്: കോടികളുടെ അഴിമതികേസില്‍ പ്രതികളായ മലബാര്‍ സിമന്‍റ്സ് ഫാക്ടറിയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യം സി.പി.എമ്മില്‍ ശക്തിപ്പെട്ടു. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ അഴിമതികേസില്‍ കുടുങ്ങിയവരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന വാദമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്.
വിജിലന്‍സിന്‍െറ ത്വരിതാന്വേഷണത്തില്‍ കുറ്റക്കാരാണെന്ന് കണ്ടത്തെപ്പെട്ടവരും ഹൈകോടതി ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞദിവസം രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളുമായവര്‍ ഇപ്പോഴും ജോലിയില്‍ തുടരുകയാണ്. അഴിമതിക്കാരെ മാറ്റണമെന്ന് സി.ഐ.ടി.യു രേഖാമൂലം വ്യവസായ വകുപ്പിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഹൈകോടതിയില്‍ കേസ് നല്‍കിയ ജോയ് കൈതാരവും ഈ ആവശ്യമുന്നയിച്ച് രംഗത്തത്തെിയിട്ടുണ്ട്.
ഹൈകോടതിയുടെ കടുത്ത വിമര്‍ശത്തെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നല്‍കിയ അടിയന്തര നിര്‍ദേശത്തിന്‍െറ ഫലമായി പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി എടുത്ത രണ്ട് കേസുകളിലെ ആറ് പ്രതികളില്‍ മൂന്ന് പേരാണ് സിമന്‍റ്സിലെ താക്കോല്‍ സ്ഥാനങ്ങളില്‍ തുടരുന്നത്. മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍, ലീഗല്‍ ഓഫിസറും അഴിമതി അന്വേഷണത്തിന്‍െറ ഭാഗമായി ദീര്‍ഘകാലം സസ്പെന്‍ഷനില്‍ കഴിഞ്ഞ വ്യക്തിയുമായ പ്രകാശ് ജോസഫ്, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാല്‍ എന്നിവരാണ് ഇവര്‍. ഇവരില്‍ പത്മകുമാറിന്‍െറയും പ്രകാശ് ജോസഫിന്‍െറയും പേരുകള്‍ കേസുകളിലെ പ്രതിപട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.
ഫൈ്ള ആഷ് ഇറക്കുമതി കരാറിലെയും ബാങ്ക് ഗ്യാരന്‍റിയിലെയും ക്രമക്കേടുമായി ബന്ധപ്പെട്ട് അരങ്ങേറിയ അഴിമതി കേസിലെ നാല് പ്രതികളില്‍ ഒന്നാമനായ ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫിന് മാനേജിങ് ഡയറക്ടറുടെ ഓഫിസ് ചുമതലയും അടുത്തിടെ നല്‍കി. സി.ഐ.ടി.യു നിയന്ത്രണത്തിലുള്ള സ്ഥാപനത്തിലെ തൊഴിലാളി യൂനിയന്‍ അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കുന്നത് ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
പത്മകുമാറിനെ എം.ഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന പരാതി സി.ഐ.ടി.യു ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി ഇ.പി. ജയരാജന് നല്‍കി. പ്രകാശ് ജോസഫ് പ്രതിയായ അഴിമതി കേസില്‍ കൂട്ടുപ്രതികളായി മുന്‍ മാനേജിങ് ഡയറക്ടര്‍ സുന്ദരമൂര്‍ത്തി, വ്യവസായി വി.എം. രാധാകൃഷ്ണന്‍, ഫൈ്ള ആഷ് കരാര്‍ കമ്പനി എക്സി. ഡയറക്ടര്‍ എസ്. വടിവേലു എന്നിവരുണ്ടെങ്കിലും അവരാരും സ്ഥാപനത്തിലെ ജോലിക്കാരല്ല.
സിമന്‍റ് ഡീലര്‍ഷിപ് അനുവദിച്ചതില്‍ രണ്ട് കോടിയില്‍പരം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് വിജിലന്‍സിന്‍െറ രണ്ടാമത്തെ കേസ്. ഇതിലെ രണ്ട് പ്രതികളും ഇപ്പോഴും സിമന്‍റ്സില്‍ തുടരുന്നവരാണ്. മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍, ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ജി. വേണുഗോപാല്‍ എന്നിവരാണവര്‍. കേസെടുക്കുന്നതില്‍നിന്ന് തടിയൂരാന്‍ ശ്രമിച്ച വിജിലന്‍സിനെതിരെ ഹൈകോടതിയെ സമീപിച്ച മനുഷ്യാവകാശ സംരക്ഷണ സമിതി ജന. സെക്രട്ടറി ജോയ് കൈതാരവും പ്രതികളുടെ സസ്പെന്‍ഷന്‍ ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കാനുള്ള തീരുമാനത്തിലാണ്.
പൊതുമേഖലാ സ്ഥാപനത്തെ അടിമുടി വഞ്ചിച്ച് അഴിമതി നടത്തിയവര്‍ കേസുകളില്‍ പ്രതികളായിട്ടും അവരെ പോറലേല്‍ക്കാതെ സ്ഥാപനത്തില്‍ നിലനിര്‍ത്തുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ മാത്രമേ വഴിവെക്കൂവെന്ന് ജോയ് കൈതാരം ‘മാധ്യമ’ത്തോട് പറഞ്ഞു. മലബാര്‍ സിമന്‍റ്സിന്‍െറ മുന്‍ അനുഭവം അതാണ്. ഉചിതമായ വേദിയില്‍ ഉടന്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.