ഐ.എസ്: റിപ്പോര്‍ട്ടുകള്‍ അവഗണിച്ചെന്ന് ആക്ഷേപം
text_fieldsകോട്ടയം: ഐ.എസ് വിഷയത്തില്‍ സംസ്ഥാന പൊലീസ് കനത്ത ജാഗ്രത പുലര്‍ത്തണമെന്ന സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് അവഗണിച്ചുവെന്ന് ആക്ഷേപം. കേരളത്തില്‍ ഐ.എസിന് ശക്തമായ സ്വാധീനമുണ്ടെന്നും നീരീക്ഷണം ഊര്‍ജിതപ്പെടുത്തണമെന്നും രണ്ടുവര്‍ഷം മുമ്പുതന്നെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വകുപ്പ് അധികൃതര്‍ വീഴ്ച്ചവരുത്തിയെന്നാണ് ആക്ഷേപം ഉയര്‍ന്നത്.
ഇന്ത്യയില്‍ ഐ.എസിന്‍െറ സാന്നിധ്യമുണ്ടെന്നും ഉയര്‍ന്ന വിദ്യാഭ്യാസവും സാമ്പത്തികവും ഉള്ള നിരവധി യുവാക്കള്‍ സംഘടനയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനാല്‍ കേരളത്തിലായിരിക്കണം നിരീക്ഷണം ശക്തമാക്കേണ്ടതെന്നുമായിരുന്നു അന്ന് ഇന്‍റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ടി.പി. സെന്‍കുമാര്‍ ഇന്‍റലിജന്‍സ് എ.ഡി.ജി.പിയായിരിക്കുമ്പോഴും പിന്നീട് എ.ഡി.ജി.പി എ. ഹേമചന്ദ്രനും ഇതുസംബന്ധിച്ച് ഒന്നിലേറെ തവണ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ ചില മതസംഘടനകളെയും അതിന്‍െറ നേതാക്കളെയും ഏതാനും സ്ഥാപനങ്ങളെയും പൊലീസ് നിരീക്ഷിച്ചിരുന്നു. ത്വരീഖത്തുകളെ പിന്തുടര്‍ന്നിരുന്ന വ്യക്തികളും സംഘടനകളും ഇവര്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥാപനങ്ങളും രണ്ടുവര്‍ഷത്തോളം പൊലീസ് നിരീക്ഷിച്ചിരുന്നുവെന്നാണ് ലഭ്യമായ വിവരം.
ത്വരീഖത്തുമായി ബന്ധപ്പെട്ട് ഹൈദരാബാദിലുള്ള ചില സ്ഥാപനങ്ങളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഐ.എസ് ആശയങ്ങളിലേക്ക് യുവാക്കള്‍ കൂടുതലായി ആകര്‍ഷിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയകളും നിരീക്ഷണത്തിലുണ്ടായിരുന്നു. മുന്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ പൊലീസ് കണ്ണൂര്‍, പാലക്കാട്, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ പരിശോധന ശക്തമാക്കിയിരുന്നതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.