ലോട്ടറി കേസ്: മുഖ്യമന്ത്രിയുടെ നിയമോപദേശകൻ വീണ്ടും ഹാജരായി
text_fieldsകൊച്ചി: ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരായ ഹരജിയിൽ മുഖ്യമന്ത്രിയുടെ നിയമോപദേശകനും മുതിര്‍ന്ന അഭിഭാഷകനുമായ അഡ്വ. എം.കെ. ദാമോദരന്‍ ഹൈകോടതിയില്‍ വീണ്ടും ഹാജരായി. അനധികൃത പണമിടപാട് കുറ്റം ചുമത്തി സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ നല്‍കിയ ഹരജിയിലാണ് എം.കെ. ദാമോദരന്‍ രണ്ടാമതും ഹാജരായത്. നേരത്തെ മാർട്ടിന് വേണ്ടി എം.കെ. ദാമോദരന്‍ ഹാജരായത് വലിയ വാർത്തകൾക്ക് വഴിവെച്ചിരുന്നു.
സാന്‍റിയാഗോ മാര്‍ട്ടിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടി പൂർത്തിയായെന്ന് എന്‍ഫോഴ്സ്മെന്‍റ് ഇന്ന് കേസ് പരിഗണിക്കവെ ഹൈകോടതിയെ അറിയിച്ചു. മാര്‍ട്ടിന്‍റെയും പങ്കാളിയുടെയും ഉടമസ്ഥതയിലുള്ള കമ്പനികളുടെ 122 കോടി രൂപ വില വരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സ്വത്തുക്കൾ കണ്ടുകെട്ടിയ നടപടിക്കെതിരെ അതാത് കമ്പനികളാണ് ഹരജി നൽകേണ്ടത്. എന്നാൽ സ്വന്തം നിലയിലാണ് സാന്‍റിയാഗോ മാര്‍ട്ടിൻ ഹൈകോടതിയെ സമീപിച്ചത്. അതിനാൽ എതിർ കക്ഷിയുടെ ഹരജി നിലനിൽക്കില്ലെന്നും എന്‍ഫോഴ്സ്മെന്‍റ് വാദിച്ചു.
കേസിൽ ഹൈകോടതിക്ക് ഇടപെടാൻ സാധിക്കുമെന്നും വിശദമായ വാദം കേൾക്കണമെന്നുമുള്ള അഡ്വ. എം.കെ. ദാമോദരന്‍റെ വാദം ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ എതിർത്തു. നിലവിൽ എന്‍ഫോഴ്സ്മെന്‍റ് നടപടിക്കെതിരെ സാന്‍റിയാഗോ മാര്‍ട്ടിൻ അപ്പലെറ്റ് അതോറിറ്റി അടക്കമുള്ള സംവിധാനങ്ങളെ സമീപിക്കാം. അപ്പലെറ്റ് അതോറിറ്റിയുടെ ഉത്തരവ് വന്ന ശേഷമെ കോടതിക്ക് ഇടപെടാൻ അവകാശമുള്ളൂവെന്നും ജസ്റ്റിസ് പി.ബി. സുരേഷ്കുമാര്‍ വ്യക്തമാക്കി.
ലോട്ടറി നിയന്ത്രണ നിയമപ്രകാരമുള്ള കുറ്റകൃത്യം തന്നെ ഇല്ലാതിരിക്കെ ഇതുമായി ബന്ധപ്പെട്ട ഒരു കുറ്റവും നിലനില്‍ക്കില്ലെന്നും നിയമവിരുദ്ധമായാണ് സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതെന്നുമാണ് മാര്‍ട്ടിന്‍റെ വാദം. ഹരജിക്കാരന്‍ മറ്റ് പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് സിക്കിം സര്‍ക്കാറിലെ ചില ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി സിക്കിം സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. സി.ബി.ഐ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത പണമിടപാടിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് ജോയിന്‍റ് ഡയറക്ടര്‍ ജപ്തി നടപടികള്‍ ആരംഭിച്ചത്.
23 കേസുകളിലെ അന്വേഷണം അവസാനിപ്പിച്ച സി.ബി.ഐ നടപടിയും ഇതിന് കീഴ്കോടതി അനുമതി നല്‍കിയതും റദ്ദാക്കണമെന്നാവശ്യപ്പെടുന്ന റിവിഷന്‍ ഹരജിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.