മെത്രാന്‍ കായല്‍: കൃഷിയിറക്കാന്‍ നടപടികള്‍ മുന്നോട്ട്
text_fieldsകോട്ടയം: വിവാദമായ മെത്രാന്‍ കായലില്‍ കൃഷിയിറക്കാനുള്ള നടപടികളുമായി കൃഷിവകുപ്പ് മുന്നോട്ട്. ഇതിന്‍െറ ഭാഗമായി മെത്രാന്‍ കായല്‍ പാടശേഖരസമിതി രൂപവത്കരിച്ചു. കഴിഞ്ഞദിവസം ജില്ലാ കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വിളിച്ച യോഗത്തിലാണ് പാടശേഖര സമിതിക്ക് രൂപംകൊടുത്തത്. സമിതിയില്‍ 12 കര്‍ഷകരാണുള്ളത്.കൃഷിയിറക്കാന്‍ 80 ലക്ഷം രൂപ ചെലവുവരുന്ന അന്തിമ റിപ്പോര്‍ട്ടും ഇവര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. കഴിഞ്ഞമാസം മെത്രാന്‍ കായല്‍ സന്ദര്‍ശിച്ച മന്ത്രി വി.എസ്. സുനില്‍കുമാര്‍ കൃഷിയിറക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.
പൊട്ടിയ ഭാഗത്തെ ബണ്ടുകള്‍ പുനര്‍നിര്‍മിക്കുന്നതിനും വെള്ളം വറ്റിക്കുന്നതിനായി മോട്ടോര്‍ അടക്കം സജ്ജീകരിക്കുന്നതിനുമായി 80 ലക്ഷം രൂപ ചെലവുവരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ സ്ഥലപരിശോധനയില്‍ നാലിടങ്ങളില്‍ ബണ്ട് തകര്‍ന്നതായാണ് കണ്ടത്തെിയത്. സര്‍ക്കാര്‍ തുക അനുവദിച്ചാലുടന്‍ വെള്ളം വറ്റിക്കാനുള്ള നടപടിക്ക് തുടക്കമിടുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍ നടപടി തീരുമാനിക്കാന്‍ ജൂലൈ 14ന് തിരുവനന്തപുരത്ത് കൃഷിവകുപ്പ് ഡയറക്ടര്‍ യോഗം വിളിച്ചിട്ടുണ്ട്. അതിനിടെ, ബണ്ട് പുനര്‍നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വെള്ളം നിറഞ്ഞിരിക്കുന്നതിനാല്‍ ബണ്ടുകളുടെ യാഥാര്‍ഥ സ്ഥിതി മനസ്സിലാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. വെള്ളം വറ്റിക്കുന്നതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ ബണ്ട് ദുര്‍ബലമാണെന്ന് കണ്ടാല്‍ ഈ ഭാഗവും പുതുക്കേണ്ടിവരും. ഇതുകൂടി കണക്കിലെടുത്താണ് ഇറിഗേഷന്‍ വകുപ്പിനെ എസ്റ്റിമേറ്റ് തയാറാക്കാന്‍ ചുമതലപ്പെടുത്തിയത്.
420 എക്കറോളം വരുന്ന മെത്രാന്‍ കായലിന്‍െറ 378 ഏക്കര്‍ നിലം സ്വകാര്യ കമ്പനി കണ്‍സോര്‍ട്യത്തിന്‍െറ ഉടമസ്ഥതയിലാണ്. ഇവര്‍ക്ക് ഇവിടെ കുമരകം ഫാം ടൂറിസം പദ്ധതിക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് വന്‍ വിവാദമായിരുന്നു. ഇതോടെ ഇത് റദ്ദാക്കിയിരുന്നു. പിന്നാലെ അധികാരത്തിലത്തെിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ മെത്രാന്‍ കായലില്‍ കൃഷിയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.