കണ്ണേ മടങ്ങുക! കശാപ്പുശാല പോലൊരു കാഴ്ച
text_fieldsപയ്യന്നൂര്‍: വീടിന്‍െറ മുറ്റത്തുനിന്ന് നെഞ്ചിന് വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് ജീവനും കൊണ്ടോടിയത് പുറംപറമ്പിലേക്ക്. പറമ്പിലെ വാഴക്കുഴിയില്‍ വഴുതിവീണതോ അക്രമികള്‍ വെട്ടിവീഴ്ത്തിയതോ എന്നറിയില്ല. പക്ഷേ, ആ കാഴ്ച ഭീകരം. കുഴിനിറയെ രക്തവും മാംസത്തുണ്ടുകളും. നെഞ്ചിനേറ്റ മുറിവ് മഴുവില്‍ നിന്നുള്ളതാവാമെന്ന് പൊലീസ്. വാഴക്കുഴിയില്‍ വീണുകിടക്കുന്ന ദേഹത്ത് അറ്റുതൂങ്ങിയ കൈകള്‍. ആ കാഴ്ച കണ്ട് വിറങ്ങലിച്ച ഭാര്യയും അമ്മയും കൊച്ചുമകനും ഈ ജന്മം ഇനി അതെങ്ങനെ മറക്കും.
ചോദ്യമുയര്‍ത്തുന്നവരുടെ മുന്നില്‍ പത്ത് കിലോമീറ്റര്‍ അകലത്ത് നിന്നൊരു രോദനമുയരുന്നു. വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി പ്രിയതമനെ വെട്ടിവീഴ്ത്തുന്നതുകണ്ട് കാല്‍ക്കല്‍ വീണ് കേണ ഒരു ഭാര്യയുടെ നിലവിളിയാണിത്. ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍െറ കൊച്ചുഭവനത്തിന്‍െറ നടുത്തളം കശാപ്പ് ശാലയേക്കാള്‍ ഭീകരമായ ചോരക്കാഴ്ചകള്‍. വീട് തകര്‍ത്ത് അകത്തുകയറിയവരുടെ കൈയിലെ തിളങ്ങുന്ന വാളിന് മുന്നില്‍ പിടഞ്ഞുവീണ ഭര്‍ത്താവിനെ ഇനി വെട്ടരുതെന്നപേക്ഷിച്ച് ഭാര്യ കാല്‍ക്കല്‍ വീണുവെന്നാണ് ഡി.ജി.പി മുമ്പാകെ ഭാര്യാപിതാവ് വിവരിച്ചത്. കൊല്ലപ്പെട്ടവരുടെ രണ്ട് വീടുകളും സന്ദര്‍ശിച്ച ശേഷം ഡി.ജി.പി ലോക്നാഥ് ബെഹ്റ തന്നെ സമീപിച്ച വാര്‍ത്താലേഖകര്‍ക്കുമുന്നില്‍ നിശ്ശബ്ദനായി. ‘ഞാനെന്ത് പറയണം? പൊലീസ് മാത്രം വിചാരിച്ചാല്‍ ഇതിന് പരിഹാരമാവില്ല. പാര്‍ട്ടി നേതൃത്വങ്ങള്‍ തന്നെ മനസ്സ് വെക്കണം’-ഡി.ജി.പി പറഞ്ഞു.
നിരവധി കേസുകളില്‍ പ്രതിയാണെങ്കിലും നാട്ടിലെ പൗരപ്രമുഖ സ്ഥാനത്താണ് കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ധനരാജിന്‍െറ സ്ഥാനം. നേരിട്ട് ഒന്നോ രണ്ടോ ആള്‍ക്ക് കീഴ്പ്പെടുത്താനാവാത്ത വിധമുള്ളതാണ് ധനരാജിന്‍െറ ആര്‍ജവവും പേശീബലവുമെന്ന് സുഹൃത്തുക്കള്‍ വിവരിക്കുന്നു. അതു കൊണ്ടുതന്നെ നല്ളൊരു പ്രഫഷനല്‍ ടീമാണ് കൊല നയിച്ചതെന്നും അവര്‍ വിവരിക്കുന്നു. കുന്നരു കാരവനാട്ടെ ധനരാജിന്‍െറ വീട്ടിലേക്കുള്ള ഇടവഴിയില്‍ ഒരു ബൈക്കില്‍ മൂന്നുപേര്‍ നേരത്തെ പതുങ്ങിനിന്നുവെന്നാണ് കരുതുന്നത്. ബൈക്കില്‍ രാത്രി പത്തരയോടെ വീട്ടുമുറ്റത്തത്തെിയ നിമിഷം തന്നെ ആദ്യ വെട്ട് വീണിരുന്നു. വീട്ടിന്‍െറ മുറ്റത്ത് കൂട്ടിയിട്ട പൂഴിയില്‍നിന്ന് രണ്ട് ഉള്ളംകൈ നിറയെ ആരോ വാരിയെടുത്തിട്ടുണ്ട്. ധനരാജിന്‍െറ ബൈക്ക് മല്‍പ്പിടിത്തത്തില്‍ വീണു കിടപ്പാണ്. രാത്രിയായതിനാല്‍ വീടിന്‍െറ ഗ്രില്‍സ് പൂട്ടിയിരുന്നു. അത് തുറന്നുകിട്ടാന്‍ കാത്തുനില്‍ക്കാതെ വെട്ടേറ്റ നിലയില്‍ ധനരാജ് വീടിന്‍െറ പിറകുവശത്തേക്ക് ഓടുകയായിരുന്നു. വാഴക്കുഴിയില്‍ പക്ഷേ, അന്ത്യം സംഭവിച്ചു. ബൈക്കില്‍തന്നെ അക്രമികള്‍ മടങ്ങിയെന്നാണ് കരുതുന്നത്. മുന്‍ഗേറ്റിലൂടെ തന്നെ അക്രമികള്‍ ഓടിമറയുന്നത് ഉറക്കമുണര്‍ന്ന് കണ്ട കൊച്ചുബാലന്‍ വിവരിക്കുന്നു.
കടുത്ത പ്രതികാരം പ്രകടമാവുന്നതാണ് ധനരാജിന്‍െറ കൊല. അങ്ങേയറ്റം ആസൂത്രണമില്ലാതെ സി.പി.എമ്മിന്‍െറ ശക്തികേന്ദ്രമായ ഒരു ഗ്രാമത്തിലേക്ക് നുഴഞ്ഞുകയറി ഇങ്ങനെയൊരു കൃത്യം ചെയ്യാനാവില്ല. പുറത്തുനിന്ന് വന്നവരാണ് കൊലയാളികളെന്ന് വ്യക്തം. ധനരാജിന്‍െറ കൊലപാതകം അരങ്ങേറി രണ്ട് മണിക്കൂറിനകംതന്നെ അതിനുള്ള പ്രതികാരം പത്ത് കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ അന്നൂരില്‍ അരങ്ങേറിയത് അങ്ങേയറ്റം ഭീതിദമായ അന്തരീക്ഷത്തിലാണ്. കൊല്ലപ്പെട്ട രാമചന്ദ്രന്‍െറ വീട് നിലകൊള്ളുന്നത് നിരവധി വീടുകള്‍ക്കിടയിലാണ്.
കുന്നരുവിലെ കൊലയോ കലാപമോ അറിയാതെ ഉറങ്ങുന്ന വീട്. അക്രമികള്‍ ജനലുകള്‍ തകര്‍ക്കുന്നതുകേട്ട് പരിസരവാസികളും ഉണര്‍ന്നിരുന്നു. അമ്പതോളം പേരുണ്ടായിരുന്നുവെന്നാണ് വിവരണം. വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി അക്രമികള്‍ രാമചന്ദ്രനെ തലങ്ങും വിലങ്ങും വെട്ടി. ഇനി വെട്ടരുതെന്ന് ഭാര്യ കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു. പക്ഷേ, അപ്പോഴേക്കും എല്ലാം സംഭവിച്ചിരുന്നു. വീടിന്‍െറ നടുത്തളം രക്തത്തില്‍ കുളിച്ചുനില്‍ക്കുന്നു. കുന്നരുവിലെ കൊലയുടെ അലയൊലിയായി ആര്‍.എസ്.എസ് ജില്ലാ കാര്യവാഹകിന്‍െറ വീടും മറ്റും ആക്രമിക്കപ്പെട്ടിരുന്നു. പക്ഷേ, ഇത്ര അകലെയുള്ള ഒരിടത്ത് പ്രതികാരം അരങ്ങേറുമെന്ന് പൊലീസിന് മുന്‍കൂട്ടി പ്രവചിക്കാനായില്ല. കൊലപാതകം നടന്ന ഉടന്‍ കാസര്‍കോട് ജില്ലയില്‍നിന്നും ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നുമായി സേന എത്തിത്തുടങ്ങുമ്പോഴേക്കും പ്രതിക്രിയയും അരങ്ങേറിക്കഴിഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.