മുഖ്യധാരയില്‍ നിന്ന് അകന്നുകഴിയുന്ന ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍
text_fieldsമലപ്പുറം: യാഥാസ്ഥിതിക വിശ്വാസം പുലര്‍ത്തി മുഖ്യധാരയില്‍ നിന്ന് അകന്നുകഴിയുന്ന ഗ്രൂപ്പുകള്‍ പൊലീസ് നിരീക്ഷണത്തില്‍. മുജാഹിദ് വിഭാഗത്തിലെ പിളര്‍പ്പിനെ തുടര്‍ന്ന് ചില സലഫി പ്രവര്‍ത്തകരിലുണ്ടായ ചിന്താമാറ്റമാണ് മലപ്പുറം ജില്ലയില്‍ ഇത്തരം യാഥാസ്ഥിതിക ചിന്താഗതി വളര്‍ച്ച പ്രാപിക്കാന്‍ ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മുജാഹിദിന്‍െറ ഒൗദ്യോഗിക സംഘടനാ സംവിധാനം വിട്ട് ഒരു അധ്യാപക പണ്ഡിതന്‍െറ നേതൃത്വത്തില്‍ രൂപപ്പെട്ട ഈ ചിന്താധാരക്ക് അധികമൊന്നും സ്വീകാര്യത ലഭിച്ചില്ളെങ്കിലും ചില പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വാധീനം ചെലുത്താനായി.
ഇക്കൂട്ടര്‍ നിലമ്പൂരിന് സമീപം അത്തിക്കാട് എന്ന പ്രദേശത്ത് നാല് ഏക്കറയോളം ഭൂമി വാങ്ങുകയും ഇവിടെ ചെറിയ വീടുകള്‍ സ്ഥാപിച്ച് താമസമാക്കുകയും ചെയ്തു. ഏതാണ്ട് 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന്‍െറ നേതൃത്വം ഇവര്‍ക്കിടയില്‍ രൂപപ്പെട്ട ഭിന്നതയെ തുടര്‍ന്ന് അധ്യാപകന്‍ ഒഴിഞ്ഞതോടെ നിര്‍ജീവമായെങ്കിലും ഇപ്പോഴും കുടുംബങ്ങള്‍ താമസക്കാരായുണ്ട്. മംഗലാപുരം, കോട്ടയം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ചില കുടുംബങ്ങള്‍ ഏതാനും മാസം മുമ്പാണ് ഇവിടെ ചേക്കേറിയത്. ഇതുസംബന്ധിച്ച് പ്രദേശവാസികളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്രം ഇപ്പോള്‍ പൊലീസിന്‍െറ നിരീക്ഷണത്തിലാണ്. കേന്ദ്രവുമായി ബന്ധപ്പെട്ട മുന്‍ പ്രവര്‍ത്തകരെയും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഇത്തരം ചിന്താധാര പിന്തുടര്‍ന്ന മലപ്പുറം അരീക്കോട് സ്വദേശി യമനിലേക്ക് പോയത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഒരുവര്‍ഷം മുമ്പ് യുവാവ് ഹൂതി വിമതരുടെ പിടയില്‍ ബന്ദിയാക്കപ്പെട്ടതോടെയാണ് വിഷയം സാമൂഹിക ശ്രദ്ധയില്‍പ്പെടുന്നത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി യമനില്‍ താമസിക്കുകയാണ് യുവാവ്. വീട്ടുകാര്‍ക്കും ഇതുസംബന്ധിച്ച് കൂടുതല്‍ വ്യക്തത ഉണ്ടായിരുന്നില്ല. യമനിലെ വിമത വിഭാഗത്തിന്‍െറ പിടിയില്‍ അകപ്പെട്ടതറിഞ്ഞ കുടുംബം സര്‍ക്കാരിന്‍െറ സഹായം തേടുകയായിരുന്നു. വിമതരുടെ ശത്രുപക്ഷത്തുള്ളവനല്ളെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് പിന്നീട് മോചിപ്പിക്കപ്പെട്ടു.
ഭൗതിക ജീവിതത്തോട് വിരക്തി പുലര്‍ത്തുന്ന ഇക്കൂട്ടര്‍ പ്രവാചക കാലഘട്ടത്തില്‍ പ്രവാചകനും അനുയായികളും ജീവിച്ചപോലെ അവരുടെ ‘മന്‍ഹജ്’ (രീതിശാസ്ത്രം) അനുസരിച്ച് ജീവിക്കണമെന്ന വിശ്വാസം പുലര്‍ത്തുന്നവരാണ്. കുട്ടികളെ ഭൗതിക വിദ്യാഭ്യാസത്തിന് അയക്കുന്നതും സ്ത്രീകള്‍ മുഖം വെളിവാക്കുന്നതും അവര്‍ കുറ്റകരമായി കാണുന്നു. കാലികളെ മേയിച്ച് ജീവിതം പുലര്‍ത്തണമെന്ന് വിശ്വസിക്കുന്നവരും തങ്ങള്‍ കൃഷി ചെയ്യുന്നത് മാത്രം ഭക്ഷിക്കണമെന്ന് വിശ്വസിക്കുന്നവരും കൂട്ടത്തിലുണ്ട്. സലഫിസത്തിലെ സൗദി വിശ്വാസധാര പിന്തുടരുന്നവരും യമനി വിശ്വാസം പിന്തുടരുന്നവരുമായി ഇവര്‍ക്കിടയില്‍ തന്നെ ഭിന്നത രൂപപ്പെടുകയും നിലമ്പൂരിലെ കേന്ദ്രത്തില്‍ നിന്ന് അധ്യാപകന്‍ പിന്‍വാങ്ങുകയും ചെയ്തു. കേന്ദ്രത്തില്‍ പണിത പള്ളി ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.
അടുത്തകാലത്ത് അന്യ ജില്ലകളില്‍ നിന്ന് കുടുംബങ്ങള്‍ എത്തിയപ്പോഴാണ് പ്രദേശവാസികള്‍ക്ക് ചില സംശയങ്ങള്‍ ഉടലെടുത്തത്. പുതിയ സാഹചര്യത്തില്‍ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തികച്ചും യാഥാസ്ഥിതിക വിശ്വാസം പുലര്‍ത്തുന്നവര്‍ എന്നതിനപ്പുറം ഇവര്‍ക്ക് മറ്റു ബന്ധങ്ങളുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം ചിന്താഗതി വെച്ചുപുലര്‍ത്തുന്നവരുടെ കൂട്ടായ്മകള്‍ സംബന്ധിച്ചും അവരുടെ വിദേശ ബന്ധം സംബന്ധിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.